• 20 Aug 2019
  • 01: 09 PM
Latest News arrow

ആനകൾക്കിനി സുഖചികിത്സാക്കാലം

തൃശ്ശൂര്‍: കൊച്ചിൻ ദേവസ്വം ബോര്‍ഡിന്‍റെ ഉടമസ്ഥതയിലുളള ആനകള്‍‍ക്ക് സുഖചികിത്സ തുടങ്ങി. എല്ലാ വർഷവും കര്‍ക്കിടകം പതിനേഴുമുതലാണ് ചികിത്സ തുടങ്ങുക. ഒരു മാസക്കാലം നീണ്ടുനിൽക്കും. വടക്കുംനാഥ ക്ഷേത്രത്തിലെ   ആനക്കൊട്ടിലിലാണ് ഭക്ഷണവും മരുന്നും തേച്ചുകുളിയുമൊക്കെയുള്ള സുഖചികിത്സ. ആനകളുടെ ആരോഗ്യം വീണ്ടെടുക്കാനും ക്ഷീണമകറ്റാനുമുള്ളതാണ് കര്‍ക്കിടക ചികിത്സ.  ആരോഗ്യവും തൂക്കവും മെച്ചപ്പെടുത്തുന്നതോടൊപ്പം രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനും ചികിത്സ ഗുണം ചെയ്യും.

കര്‍ക്കിടകം തുടങ്ങും മുമ്പുതന്നെ വിരയിളക്കാനുള്ള മരുന്നു നല്‍കി ആനകളെ ചികിത്സയ്ക്ക് സജ്ജരാക്കും. പ്രകൃതിദത്തമായ മരുന്നുകളും ആയുര്‍വേദ ഔഷധക്കൂട്ടുമാണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്.

വിഭവസമൃദ്ധമായ ഭക്ഷണത്തോടൊപ്പം മരുന്നും ചേര്‍ത്തു നല്‍കും. മൂന്ന് കിലോ അരി, ഒരു കിലോ വീതം ചെറുപയ‍ർ, മുതിര, റാഗിപ്പൊടി, 250 ഗ്രാം ച്യവനപ്രാശം, നൂറ് ഗ്രാം അഷ്ടചൂർണം, 225 ഗ്രാം അയേൺ ടോണിക് എന്നിവയാണ് ആനകൾക്ക് നൽകുക. ഉപ്പ്, കരുപ്പെട്ടി, ചുവന്നുള്ളി എന്നിവയും ചോറിനൊപ്പം ചേര്‍ത്ത് കൊടുക്കും. പ്രായമുള്ള ആനകള്‍ക്ക് വാതത്തിനുള്ള മരുന്നുകളും നൽകും. എല്ലാ ദിവസവും രാവിലെ തേച്ചുകുളി ചികിത്സയുടെ ഭാഗമാണ്. ഈ കാലയളവില്‍ ആനകള്‍ക്ക് പൂര്‍ണ വിശ്രമം നിര്‍ബന്ധമായിരിക്കും. ഇപ്പോൾ മദപ്പാടിലുള്ള ആനകൾക്ക് പിന്നീടായിരിക്കും ചികിത്സ.

ഗുരുവായൂര്‍ ആനക്കോട്ടയിലും ഈ ചികിത്സ നൽകുന്നുണ്ട്. ചിലയിടങ്ങളിൽ ആനയൂട്ടും പ്രസാദവിതരണവും നടക്കും.