• 09 Dec 2019
  • 02: 39 PM
Latest News arrow

കെ.എസ്.ആര്‍.ടി.സി ബസുകളിലടക്കം വാഹനങ്ങളുടെ പുറത്ത് പരസ്യം പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി: കെ.എസ്.ആര്‍.ടി.സി ബസിലടക്കം വാഹനങ്ങളുടെ പുറത്ത് കാല്‍നടക്കാരുടെയും ഡ്രൈവര്‍മാരുടെയും ശ്രദ്ധതിരിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി. പരസ്യവാചകങ്ങളും ചിത്രങ്ങളും എഴുത്തുകളും ബോഡിയില്‍ പതിപ്പിച്ച വാഹനങ്ങള്‍ അനുവദിക്കരുതെന്ന് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്റെ ഉത്തരവില്‍ നിര്‍ദേശിക്കുന്നു. 

കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകള്‍ ദേശീയപാതയില്‍ ഓടുന്നതിനാല്‍ പരസ്യങ്ങള്‍ അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാരിന്റേത് ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ ജനാലച്ചില്ലുകളില്‍ കാഴ്ച മറയ്ക്കും വിധം ഒട്ടിക്കലുകളോ കര്‍ട്ടനുകളോ ഇല്ലെന്ന് ഉറപ്പാക്കണമെന്നും വാഹനങ്ങളില്‍ ഓപ്പറേറ്ററുടെ വിലാസം പ്രദര്‍ശിപ്പിക്കാന്‍ ഉദ്ദേശിച്ച സ്ഥലത്തും പരസ്യം പാടില്ലെന്നും കോടതി വ്യക്തമാക്കി.

ദേശീയ പാതയോരങ്ങളില്‍ ഇത്തരം ആകര്‍ഷകങ്ങളായ പരസ്യങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. എന്നാല്‍ പലയിടത്തും ഇവ സ്ഥാപിച്ചിട്ടുളളതിനാല്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസിനു പിന്നിലിടിച്ച ബൈക്കിലെ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്!തതിനെതിരെ കെഎസ്ആര്‍ടിസി ഡ്രൈവർ  കെ എം സജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

കോടതിയുടെ മറ്റു പ്രധാന നിര്‍ദേശങ്ങള്‍: 

*വാഹനങ്ങളുടെ വിന്‍ഡോ ഗ്ലാസുകളില്‍ കാഴ്ച മറയ്ക്കുന്ന തരത്തില്‍ ഫിലിം ഒട്ടിക്കകയോ കര്‍ട്ടനിടുകയോ ചെയ്യുന്നില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഉറപ്പാക്കണം. സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും ഇതു ബാധകമാണ്.
*ഹെഡ് ലൈറ്റ്, ടെയ്ല്‍ ലൈറ്റ് എന്നിവയ്ക്കു മീതെ സ്റ്റിക്കറും മറ്റും പതിപ്പിച്ച് ഉപയോഗിക്കാന്‍ അനുവദിക്കരുത്.
*എല്‍ഇഡി ബാര്‍ ലൈറ്റുകളും സ്ട്രിപ് ലൈറ്റുകളും ഘടിപ്പിക്കരുത്.
*ഇന്‍ഡിക്കേറ്ററുകള്‍, സിഗ്‌നലിങ് സംവിധാനം, റിഫ്‌ലക്ടര്‍, ലാംപ്, പാര്‍ക്കിങ് ലൈറ്റ് എന്നിവ  പ്രവര്‍ത്തനക്ഷമമല്ലാത്ത വാഹനങ്ങള്‍ പൊതുനിരത്തിലിറക്കാന്‍ അനുവദിക്കരുത്.
*മതിയായ വെളിച്ചമില്ലാത്തിടത്ത് പാര്‍ക്കിങ് ലൈറ്റ് ഇല്ലാതെ വാഹനങ്ങള്‍ നിര്‍ത്തിയിടരുത്.
*എമര്‍ജന്‍സി ഡ്യൂട്ടിക്കുള്ള വാഹനങ്ങളിലൊഴികെ നീല, ചുവപ്പ്, വെള്ള ലൈറ്റുകള്‍ മീതെ ഘടിപ്പിക്കരുത്‌.