• 20 Aug 2019
  • 12: 54 PM
Latest News arrow

ഒടുവിൽ മരണവിധിയ്ക്ക് കീഴടങ്ങി ശരവണഭവൻ മുതലാളി

ചെന്നൈ: ശരവണഭവന്‍ ഹോട്ടല്‍ ശൃംഖലയുടെ ഉടമയും കൊലക്കേസ് പ്രതിയുമായ പി.രാജഗോപാല്‍ അന്തരിച്ചു. 72 വയസ്സായിരുന്നു.

പുഴൽ സെൻട്രല്‍ ജയിലിലായിരുന്ന രാജഗോപാലിനെ അസുഖം കൂടിയതിനെ തുടര്‍ന്ന് ആദ്യം സര്‍ക്കാര്‍ ആശുപത്രിയിലേക്കും പിന്നീട്  മകന്‍ ശരവണന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച മദ്രാസ് ഹൈക്കോടതിയുടെ  ഉത്തരവ് പ്രകാരം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. രാജഗോപാലിന് ചൊവ്വാഴ്ച അവിടെ വച്ച് ഹൃദയാഘാതമുണ്ടായി. തുടര്‍ന്ന് വെന്‍റിലേറ്ററിലായിരുന്നു.  ഇന്ന് രാവിലെ രാജഗോപാല്‍ മരണത്തിന് കീഴടങ്ങി.

തന്‍റെ ഹോട്ടലിലെ ജീവനക്കാരന്‍റെ മകളെ വിവാഹം കഴിക്കുന്നതിനുവേണ്ടി കൊലപാതകം നടത്തിയതിനെത്തുടർന്നാണ് രാജഗോപാൽ ജയിലിലായത്.

2001-ലാണ് കേസിന് ആസ്പദമായ സംഭവം. വെജിറ്റേറിയന്‍ വിഭവങ്ങള്‍ക്ക് പേരുകേട്ട ശരവണഭവന്‍ ഹോട്ടല്‍ ശൃംഖലകളുടെ ഉടമയായ രാജഗോപാല്‍ ഒരു ജ്യോത്സ്യന്‍റെ ഉപദേശം കേട്ട് ഹോട്ടലിലെ ജീവനക്കാരന്‍റെ മകളായ ജീവജ്യോതിയെ മൂന്നാം ഭാര്യയാക്കാന്‍  തീരുമാനിച്ചു. ജീവജ്യോതിയെ വിവാഹം കഴിച്ചാൽ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകും എന്നായിരുന്നു ജ്യോത്സ്യന്‍റെ പ്രവചനം. എന്നാല്‍ ജീവനക്കാരനും കുടുംബവും മകളെ പ്രിന്‍സ് ശാന്തകുമാരന്‍ എന്നയാള്‍ക്ക്  വിവാഹം ചെയ്തു നല്‍കി. കല്ല്യാണം കഴിഞ്ഞിട്ടും  ജീവജ്യോതിയെ ഉപേക്ഷിച്ചു പോകാൻ ശാന്തകുമാറിനെ രാജ​ഗോപാൽ നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. എന്നാൽ ഭീഷണിക്ക് വഴങ്ങാതിരുന്ന ശാന്തകുമാറിനെ ​ഗുണ്ടകളെ വിട്ട് തട്ടികൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കൊടൈക്കനാലിൽ വെച്ചാണ് ശാന്തകുമാറിനെ രാജ​ഗോപാലും സംഘവും കൊലപ്പെടുത്തിയത്.

ഭര്‍ത്താവിനെ  കൊല ചെയ്തവരെ നിയമത്തിന് മുന്നിലെത്തിക്കാൻ ജീവജ്യോതി നടത്തിയ പോരാട്ടത്തിനൊടുവില്‍ ചെന്നൈയിലെ വിചാരണ കോടതി പത്ത് കൊല്ലം കഠിനതടവ് രാജഗോപാലിന് വിധിച്ചു. 2004-ൽ മദ്രാസ് ഹൈക്കോടതി ശിക്ഷ ജീവപര്യന്തം തടവായി ഉയര്‍ത്തി. രാജഗോപാലിന് പുറമേ മറ്റ് അഞ്ചുപേരെയും കോടതി ശിക്ഷിച്ചു. ഇതിനെതിരെ പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചു. എന്നാൽ രാജഗോപാലിന്  മദ്രാസ് ഹൈക്കോടതി വിധിച്ച ജീവപര്യന്തം തടവ് ശിക്ഷ സുപ്രീംകോടതി ശരിവെച്ചു.

സുപ്രീംകോടതി ശിക്ഷ ശരിവെച്ചിട്ടും ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജയിലില്‍ പോകുന്നത് രാജഗോപാല്‍ വൈകിപ്പിച്ചു. എന്നാല്‍ സുപ്രീം കോടതി അന്ത്യശാസനം നല്‍കിയതോടെ ഏതാനും ദിവസം മുമ്പ് ഇയാള്‍ കീഴടങ്ങുകയായിരുന്നു. ആംബുലന്‍സില്‍ മദ്രാസ് സെയ്ദാപേട്ട് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങാനെത്തിയ രാജഗോപാലിനെ വിദഗ്ധ പരിശോധനയക്ക് ശേഷമാണ് കോടതി പുഴൽ ജയിലിലേക്ക് അയച്ചത്. ജയിലിൽ സഹായിയെ വേണമെന്ന രാജഗോപാലിന്‍റെ ആവശ്യം  കോടതി പിന്നീട് അംഗീകരിച്ചിരുന്നു.

ജയിലില്‍ രാജഗോപാലിന്റെ ആരോഗ്യനില വഷളായതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്