• 13 Jul 2020
  • 12: 50 PM
Latest News arrow

കുല്‍ഭൂഷണ്‍ ജാദവിനെ വിട്ടയക്കണമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ചാരനെന്ന് മുദ്രകുത്തി പാക്കിസ്ഥാന്‍ പട്ടാളക്കോടതി വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവിനെ വിട്ടയക്കണമെന്ന് ഇന്ത്യ. ജാദവിനെതിരായ ആരോപണങ്ങള്‍ തെറ്റാണെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി ജയശങ്കര്‍ അഭിപ്രായപ്പെട്ടു. രാജ്യസഭയിലാണ് മന്ത്രി പ്രസ്താവന നടത്തിയത്.

എത്രയും പെട്ടന്ന് ജാദവിനെ മോചിതനാക്കി ഇന്ത്യയ്ക്ക് കൈമാറാന്‍ പാകിസ്താന്‍ തയ്യാറാകണം.  ഇക്കാര്യത്തില്‍ ജാദവിന്റെ കുടുംബം സംയമനത്തോടെയാണ് വിഷയത്തെ സമീപിച്ചത്. രാജ്യം ഒറ്റക്കെട്ടായി നിന്നാണ് ജാദവിന്റെ  കുടുംബത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചതെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
ഇന്ത്യയുടെ സമ്പൂര്‍ണമായ വിജയമാണ് അന്താരാഷ്ട്ര കോടതിയില്‍ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. കോടതി വിധി അതിന്റെ എല്ലാ സത്തയും ഉള്‍ക്കൊണ്ട് നടപ്പിലാക്കാന്‍ പാകിസ്താന്‍ തയ്യാറാകണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര കോടതി വിധിയെ  രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു സ്വാഗതം ചെയ്തു. കുല്‍ഭൂഷണ്‍ ജാധവിനെ മോചിപ്പിക്കാനുള്ള നടപടികള്‍ തുടരണമെന്ന് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. അന്താരാഷ്ട്ര കോടതിയില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കാനായി പരിശ്രമിച്ച ഹരീഷ് സാല്‍വേയുടെ നേതൃത്വത്തിലുള്ള അഭിഭാഷക നയതന്ത്രസംഘത്തെ അദ്ദേഹം അഭിനന്ദിച്ചു.

 

Editors Choice