• 22 Sep 2019
  • 11: 23 AM
Latest News arrow

പ്രകൃതിയുടെ മടിത്തട്ടിൽ ഒരുകപ്പ് കാപ്പിക്കൊപ്പം സ്വസ്ഥമായി പുസ്തകവായന

മിസോറാം: മിസോറാമിന്റെ തലസ്ഥാന നഗരിയായ ഐസ്വാൾ വിനോദ സഞ്ചാരികളുടെ പറുദീസയാണ്. സമുദ്രനിരപ്പില്‍ നിന്നും 1,132 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഹിൽ സ്റ്റേഷൻ. ഈ സുന്ദരനഗരത്തിലെ തെളിഞ്ഞ കാലാവസ്ഥയും പ്രകൃതിയുടെ മോഹിപ്പിക്കുന്ന കാഴ്ചകളും തേടി വര്‍ഷം തോറും നിരവധി സഞ്ചാരികളാണ് എത്തുന്നത്. ഐസ്വാളിലെത്തുന്ന സഞ്ചാരികൾക്കും മിസോ സമൂഹത്തിനുമായി ആദ്യത്തെ 'ബുക്ക് കഫേ' ആരംഭിച്ചിരിക്കുകയാണ് ചില അക്ഷരസ്നേഹികൾ.

നഗരഹൃദയത്തില്‍ പെട്ടെന്ന്‌ എത്തിച്ചേരാവുന്ന സ്ഥലമാണെങ്കിലും നഗരത്തിരക്കുകളില്‍ നിന്ന് അകന്ന് ചൻമാരിയെന്ന സ്വച്ഛമായ ഒരിടത്താണ് 'ബുക്ക് കഫേ'. ഒരു 'ബുക്ക് കഫേ' എന്നത് 12 വര്‍ഷത്തെ സ്വപ്‌നമായിരുന്നുവെന്ന് ഉടമകളില്‍ ഒരാളായ വാന്‍ലറുവെറ്റ റാള്‍ട്ട് പറയുന്നു. വാന്‍ലറുവെറ്റയും അദ്ദേഹത്തിന്റെ രണ്ട് സഹോദരന്മാരും ചേര്‍ന്നാണ് ഈ സംരംഭം തുടങ്ങിയത്.

"ബുക്ക് കഫേ ആരംഭിക്കുന്നതിനെക്കുറിച്ച് 2007 മുതല്‍ ചിന്തിക്കുന്നുണ്ട്. എന്നാല്‍ സാമ്പത്തിക പ്രയാസങ്ങള്‍ തടസ്സം നിന്നു. ഒരു നല്ല  സ്ഥലം കിട്ടാനും പ്രയാസമുണ്ടായി. മിസോറാമിലെ  വായനാ സംസ്‌കാരത്തെ പുനരുജ്ജീവിപ്പിക്കുകയാണ് ഞങ്ങളുടെ ലക്‌ഷ്യം. സാങ്കേതികവിദ്യയുടെ വളര്‍ച്ച യുവാക്കളെ വായനയില്‍ നിന്ന് അകറ്റിയിരിക്കുന്നു. അവരെ തിരികെ പുസ്തകങ്ങളുടെ ലോകത്ത് എത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം."-  വാന്‍ലറുവെറ്റയും സഹോദരന്മാരും പറയുന്നു.

മിസോ സമൂഹത്തെ ആകർഷിക്കാനായി നഗരത്തിൽ സിനിമാ തിയേറ്ററുകളോ അമ്യൂസ്‌മെന്റ് പാർക്കുകളോ മാളുകളോ ഇല്ല. ഇത് യുവജനങ്ങളെ ലഹരിയുടെ ലോകത്തേക്ക് പോകാൻ പ്രേരിപ്പിക്കുന്നുണ്ട്. അതിൽ നിന്നും മാറി സ്വസ്ഥമായി പുസ്തകം വായിച്ചുകൊണ്ടുള്ള ഒരു കഫെ അനുഭവമാണ് 'ബുക്ക് കഫെ' ഇവിടെയെത്തുന്നവർക്ക് നൽകുന്നത്. ഇതിനായി മരം കൊണ്ടുള്ള മേശകളും കസേരകളും ബുക്ക്ഷെൽഫുകളും അവയിൽ നിറയെ പുസ്തകങ്ങളും ഒരുക്കിയിട്ടുണ്ട്.