• 18 Sep 2019
  • 11: 03 AM
Latest News arrow

അമ്പിളിയെ തൊടാനുള്ള ശ്രമം വിജയപഥത്തില്‍; 'ചന്ദ്രയാന്‍-2' പറന്നുയര്‍ന്നു

ആദ്യ സിഗ്നലുകൾ ലഭിച്ചു തുടങ്ങി; സെപ്തംബര്‍ 7ന് 'ചന്ദ്രയാന്‍-2' ചന്ദ്രോപരിതലത്തില്‍ ഇറങ്ങും

ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാനമായ 'ചന്ദ്രയാന്‍-2' പറന്നുയര്‍ന്നു. ഉച്ചയ്ക്ക് 2:45 ഓടെ ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് ചന്ദ്രയാന്റെ വിക്ഷേപണം നടന്നത്.

വിക്ഷേപണം വൈകിയെങ്കിലും നേരത്തെ പ്രഖ്യാപിച്ചതുപോലെ 48 ദിവസത്തിനകം സെപ്തംബര്‍ ഏഴിനു തന്നെ ചന്ദ്രയാനിലെ വിക്രം ലാന്‍ഡര്‍ ചന്ദ്രനിലിറങ്ങും. 
ആദ്യപദ്ധതി പ്രകാരം 17 ദിവസം ഭൂമിയെ ചുറ്റി വേണമായിരുന്നു പേടകം ചന്ദ്രനിലേക്കുള്ള യാത്ര തിരിക്കേണ്ടത്. ഇത് പുതിയ പദ്ധതി പ്രകാരം 23 ദിവസമായി കൂടിയിട്ടുണ്ട്. ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള യാത്രയുടെ സമയത്തിലും മാറ്റമുണ്ട്. അഞ്ച് ദിവസമായിരുന്നത് പുതിയ പദ്ധതി പ്രകാരം ഏഴാക്കി മാറ്റി.
ഏറ്റവും വലിയ മാറ്റം ചന്ദ്രനെ ചുറ്റാന്‍ നിശ്ചയിച്ചിരിക്കുന്ന സമയത്തിലാണ്. നേരത്തെ 28 ദിവസം വലംവെച്ച ശേഷം ലാന്‍ഡറിനെ ചന്ദ്രനില്‍ ഇറക്കാനായിരുന്നു തീരുമാനം. പുതിയ പദ്ധതി അനുസരിച്ച് ചന്ദ്രനെ ചുറ്റുന്നത് 13 ദിവസം ആയി കുറച്ചു. വിക്രം ലാന്‍ഡറും ഓര്‍ബിറ്ററും തമ്മില്‍ വേര്‍പെടാന്‍ പോകുന്നത് 43ാം ദിവസമാണ്. നേരത്തെ ഇത് 50ാം ദിവസത്തേക്കാണ് ക്രമീകരിച്ചിരുന്നത്.

ചന്ദ്രോപരിതലത്തില്‍ ഉപഗ്രഹങ്ങളും ഗവേഷണ യന്ത്രങ്ങളും ഇടിച്ചിറക്കുന്ന രീതിക്കു പകരം ഹെലിക്കോപ്ടര്‍ ഇറങ്ങുന്നതിനു സമാനമായ രീതിയിലുള്ള സോഫ്റ്റ് ലാന്‍ഡിങ്ങാണ് 'ചന്ദ്രയാന്‍ രണ്ടി'ന്റെ പ്രത്യേകത. റഷ്യയും യു.എസും ചൈനയും മാത്രമാണു ലോകത്ത് ഇതിനുമുന്‍പ് സോഫ്റ്റ് ലാന്‍ഡിങ് നടത്തിയിട്ടുള്ളത്.

ജിഎസ്എൽവി മാർക് 3 റോക്കറ്റാണ് ചന്ദ്രയാൻ ദൗത്യവുമായി കുതിച്ചുയർന്നത്. പൂര്‍ണമായും ഇന്ത്യന്‍ സാങ്കേതികവിദ്യയില്‍ നിര്‍മിച്ച ആദ്യ ക്രയോജനിക് എന്‍ജിനുള്ള റോക്കറ്റാണിത്. 27.8 ടണ്‍ ക്രയോജനിക് ഇന്ധനമാണ് ടാങ്കുകളില്‍ നിറച്ചത്. 3,877 കിലോയാണ് 'ചന്ദ്രയാന്‍ രണ്ട്' പേടകത്തിന്റെ ഭാരം.

25 വര്‍ഷത്തെ ഗവേഷണഫലമായാണ് റോക്കറ്റ് വികസിപ്പിച്ചെടുത്തത്. 2,000 കിലോ മുതല്‍ 20,000 കിലോ വരെ വഹിക്കാവുന്ന മീഡിയം ലിഫ്റ്റ് ലോഞ്ച് ശ്രേണിയിലുള്‍പ്പെട്ടതാണ് ജിഎസ്എൽവി മാർക് 3 റോക്കറ്റ്. ബഹിരാകാശത്തേക്ക് ഇന്ത്യക്കാരെ കൊണ്ടുപോകുന്ന ഗഗന്‍യാന്‍ ദൗത്യവും ഈ റോക്കറ്റാണ് നിര്‍വഹിക്കുക. റഷ്യയുടെ അംഗാര, സെനിത്, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 തുടങ്ങിയവയുമായി താരതമ്യപ്പെടുത്താവുന്ന റോക്കറ്റാണിത്.

ജിസാറ്റ് 19, 29 വിക്ഷേപണങ്ങള്‍ക്കു ശേഷമുള്ള ജി.എസ്.എല്‍.വിയുടെ മൂന്നാം ദൗത്യമാണിത്.

ഭൂമിയിലേക്ക് ചന്ദ്രയാൻ 2 പേടകത്തിലേക്ക് ആദ്യ സിഗ്നലുകൾ കിട്ടിത്തുടങ്ങി. ഇത് കിട്ടിയെന്ന് സ്ഥിരീകരിച്ചതോടെ, ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ ദൗത്യം വിജയകരമെന്ന് അറിയിച്ചു. എല്ലാ തിരിച്ചടികളിലും തളരാതെ കരുത്തോടെ തിരിച്ചുവന്ന ടീമിനെ അഭിനന്ദിക്കുന്നുവെന്നും കെ ശിവൻ പറഞ്ഞു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു.