• 13 Jul 2020
  • 02: 21 PM
Latest News arrow

''ഇഞ്ചത്തലയും ഈഴത്തലയും എത്രയും ചതച്ചാല്‍ അത്രയും നന്ന്''

ലക്ഷങ്ങളുടെയും കോടികളുടെയും സ്വത്ത് കണക്കുമായി തെരഞ്ഞെടുപ്പിന് മത്സരിക്കാനിറങ്ങിയ സ്ഥാനാര്‍ത്ഥികളുടെ കൂട്ടത്തില്‍ ഒരു പെണ്‍കുട്ടിയും മത്സരിക്കാനിറങ്ങി. അരപ്പവന്‍ സ്വര്‍ണത്തിന്റെയും 22,816 രൂപയുടെയും സ്വത്താണ് അവള്‍ക്ക് കാണിക്കാനുണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ പോലും അവളുടെ പക്കല്‍ പണമില്ലായിരുന്നു. അവളെ സ്ഥാനാര്‍ത്ഥിയാക്കിയ പാര്‍ട്ടിയ്ക്ക് പോലും അവളില്‍ വിശ്വാസമില്ല. അതുകൊണ്ട് എതിര്‍പാര്‍ട്ടിയുടെ ഉരുക്കുകോട്ടയില്‍ അവളെ അവര്‍ ഒരു ബലിയാടിനെപ്പോലെ ഇറക്കിവിട്ടു. എന്നാല്‍ ആരും വിചാരിച്ചില്ല ആ ചെങ്കോട്ടയുടെ അധിപതികളെ തന്നെ മറിച്ചിട്ട് ആ പെണ്‍കുട്ടി അവിടെ റാണിയായി വാഴുമെന്ന്. അവിടുത്തെ ജനങ്ങളുടെ മനസ്സ് കീഴടക്കുമെന്ന്, അവരുടെ പെങ്ങളൂട്ടിയാകുമെന്ന്...

കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന രമ്യ ഹരിദാസ് ആലത്തൂരിന്റെ പെങ്ങളൂട്ടിയായും ഇപ്പോള്‍ എംപിയായും മാറിയത് ഇന്ന് രാജ്യം മുഴുവന്‍ അത്ഭുതത്തോടെയാണ് കാണുന്നത്. തങ്ങളുടെ ജനപ്രതിനിധിയെ വോട്ടിലൂടെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്നതാണ് രീതി. എന്നാല്‍ സ്ഥാനാര്‍ത്ഥിയ്ക്ക് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനായി ജനങ്ങള്‍ പണം പിരിച്ച് നല്‍കുന്നത് വിരളമാണ്. സ്വന്തമായി കൃഷിഭൂമിയോ, കാര്‍ഷികേതര ഭൂമിയോ, വാണിജ്യാവശ്യത്തിനുള്ള ഭൂമിയോ ഇല്ലാത്ത തീര്‍ത്തും ദരിദ്രയായ ഈ സ്ഥാനാര്‍ത്ഥിയ്ക്ക് ആലത്തൂരിലെ ജനങ്ങളും യൂത്ത് കോണ്‍ഗ്രസും ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കുള്ള പണം കണ്ടെത്തിയത്. 

ആലത്തൂരിലേക്ക് മത്സരിക്കാന്‍ വരുമ്പോള്‍ മൂന്ന് ജോഡി വസ്ത്രം മാത്രമാണ് തനിക്കുണ്ടായിരുന്നതെന്ന് രമ്യ തന്നെ പറയുന്നു. നാമനിര്‍ദേശം നല്‍കുന്നതിന് മുമ്പ് രമ്യയുടെ പേരിലുള്ള റവന്യൂ റിക്കവറി 7 ലക്ഷം രൂപ അടച്ചു തീര്‍ത്തത് യൂത്ത് കോണ്‍ഗ്രസുകാരാണ്. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയത്തിന് അതീതമായ പിന്തുണ തനിക്ക് ലഭിച്ചുവെന്നും രമ്യ പറയുന്നു. ഇത്തരത്തില്‍ തങ്ങള്‍ അകമഴിഞ്ഞ് സ്‌നേഹിക്കുന്ന തങ്ങളുടെ എംപിയ്ക്ക് യാത്ര ചെയ്യുവാനായി ഒരു കാര്‍ സമ്മാനമായി നല്‍കാന്‍ ആലത്തൂര്‍ ശ്രമിച്ചപ്പോള്‍ അത് പലര്‍ക്കും രസിച്ചില്ല.

രമ്യയ്ക്ക് കാശിനോട് ആര്‍ത്തിയും ആക്രാന്തവുമാണത്രെ, എംപിയായതിന്റെ അഹങ്കാരമാണത്രെ... അട്ടയെ പിടിച്ച് മെത്തയില്‍ കിടത്തണോ എന്ന് വരെ പലരും ആക്ഷേപിച്ചു. 

തെരഞ്ഞെടുപ്പ് കാലത്ത് തന്നെ സമൂഹത്തില്‍ മാന്യസ്ഥാനമുള്ള ഒരു അധ്യാപിക രമ്യയെ വ്യക്തിപരമായി അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്തിരുന്നു. വേനല്‍വിതാനങ്ങളും കനല്‍വഴികളും പറഞ്ഞ് വോട്ടഭ്യര്‍ത്ഥിക്കുന്നുവെന്ന പരിഹാസത്തിന് പുറമേ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പാട്ട് പാടുന്നതിനെയും അവര്‍ വിമര്‍ശിച്ചു. ഒരു ദളിത് പെണ്‍കുട്ടി, ദാരിദ്രം എന്തെന്നറിഞ്ഞവള്‍, അത് തുറന്ന് പറയുമ്പോള്‍ അതേ അവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ക്ക് അതൊരു താദാത്മ്യപ്പെടുത്താലായേ തോന്നൂ... അത് അവര്‍ക്കൊരു ആശ്വാസവും പ്രചോദനമാവുകയേ ഉള്ളൂ... എന്തായാലും മഹനീയയായ ആ അധ്യാപകയില്‍ നിന്ന് തുടങ്ങിയതാണ് ദലിതത്വവും ദാരിദ്ര്യവും വെച്ച് രമ്യ ജനപിന്തുണ തേടുകയാണെന്ന ആക്ഷേപം. വിടി ബല്‍റാം എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ച ഒരു കുറിപ്പ് ഇത്തരത്തില്‍ ആക്ഷേപിക്കുന്നവര്‍ക്കെതിരെയുള്ള ശക്തമായ മറുപടിയാണ്.

അതിങ്ങനെ.... 

''ഈ കത്തുമായി വരുന്ന കുട്ടി എന്റെ മകള്‍ മാലതിയാണ്. അവള്‍ക്ക് രണ്ടു വോയില്‍ സാരി കൊടുക്കുക. അല്‍പ്പം ബുദ്ധിമുട്ടിലാണ്. അടുത്ത മാസത്തെ ശമ്പളത്തില്‍ നിന്ന് കടം തീര്‍ത്തു കൊള്ളാം- എന്ന് സംസ്ഥാന മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ഒരു നമ്പൂതിരിപ്പാട് പറഞ്ഞാല്‍ അത് ലാളിത്യം, വിനയം, സുതാര്യത, അഴിമതിയില്ലായ്മ. മുഖ്യമന്ത്രിയുടെ ശമ്പളവും ആനുകൂല്യങ്ങളും ലിസ്റ്റ് നിരത്തി രണ്ട് സാരി വാങ്ങാന്‍ അദ്ദേഹത്തിന് ഗതിയില്ലേ എന്നാരും ചോദിക്കില്ല. കാരണം ഒന്നാമത് അദ്ദേഹം ബ്രാഹ്മണനാണ്. അതിലുപരി അദ്ദേഹം കമ്മ്യൂണിസ്റ്റ് താത്വികാചാര്യനുമാണ്.''

ഇവിടെ സവര്‍ണ്ണനായ ഈ നമ്പൂതിരിപ്പാട്, അതും മുഖ്യമന്ത്രി താന്‍ ബുദ്ധിമുട്ടിലാണെന്ന് പറയുമ്പോള്‍ ദാരിദ്ര്യം പറഞ്ഞ് ജനപിന്തുണ തേടരുതെന്ന് ആരും ബഹളം വെയ്ക്കില്ല. എന്നാല്‍ ഒരു ദളിത് പെണ്‍കുട്ടി, തന്റെ കടബാധ്യതകള്‍ പോലും മറ്റുള്ളവര്‍ പിരിവെടുത്ത് അടച്ചുതീര്‍ക്കേണ്ട ഗതികേടുള്ളവള്‍, തന്റ അവസ്ഥ തുറന്ന് പറഞ്ഞാല്‍ അത് മാര്‍ക്കറ്റിങ്ങായി. എങ്കിലും സമൂഹത്തിന്റെ ഉന്നതതട്ടിലിരുന്ന് ദളിതന്റെ ദാരിദ്ര്യത്തെ പുശ്ചിക്കുകയും സവര്‍ണ്ണന്റെ പ്രച്ഛന്ന ദാരിദ്ര്യത്തെ പുകഴ്ത്തുകയും ചെയ്യുന്നവര്‍ തീരുമാനിക്കുന്നതല്ലല്ലോ ജനാധിപത്യം. അത് ഇന്നും ജനങ്ങളുടെ ചൂണ്ടുവിരലില്‍ തന്നെയാണ്. അതുകൊണ്ടാണ് ആലത്തൂരിന്റെ ചെങ്കോട്ട പിളര്‍ത്തി ഈ ദളിത് പെണ്‍കുട്ടി അവിടെ റാണിയായി ഉയര്‍ന്നത്.

ഇപ്പോഴിതാ അവര്‍ക്കെതിരെ പുതിയ ഓലപ്പടക്കവുമായി എത്തിയിരിക്കുകയാണ് ഒരു കൂട്ടം ആളുകള്‍. രമ്യയ്ക്ക് സഞ്ചരിക്കാന്‍ ഒരു കാര്‍ വാങ്ങി നല്‍കാന്‍ ആലത്തൂരിലെ യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് കമ്മിറ്റി തീരുമാനിച്ചു. ഒരു നിയമസഭാ മണ്ഡലത്തില്‍ നിന്നും രണ്ട് ലക്ഷം രൂപ വീതം ഏഴ്  മണ്ഡലത്തില്‍ നിന്നായി 14 ലക്ഷം രൂപ പിരിച്ചെടുക്കാനായിരുന്നു തീരുമാനം. യൂത്ത് കോണ്‍ഗ്രസിനുള്ളില്‍ തന്നെയാണ് പിരിവ്. ഇതിനായ് 1000 രൂപയുടെ രസീത് അടിയ്ക്കുകയും ആറ് ലക്ഷത്തിലധികം രൂപ പിരിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതാണ് വിവാദമായത്. 

എംപിയ്ക്ക് കാര്‍ വാങ്ങാന്‍ വായ്പ കിട്ടുമെന്നും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്ന വ്യക്തിയ്ക്ക് എന്തിനാണ് വാഹനം വാങ്ങി നല്‍കുന്നത് എന്നുമായിരുന്നു വിമര്‍ശകരുടെ ചോദ്യം. 

എന്നാല്‍ നാല് ലക്ഷം രൂപ വരെയാണ് പലിശ രഹിത വായ്പയായി എംപിമാര്‍ക്ക് ലഭിക്കുന്നത്. ബാക്കിയുള്ള തുക പേഴ്‌സണല്‍ വായ്പയായി സംഘടിപ്പിക്കണം. പഞ്ചാബ് നാഷ്ണല്‍ ബാങ്കില്‍ 7 ലക്ഷം രൂപയുടെ റവന്യൂ റിക്കവറി നിലനിന്നിരുന്നതിനാല്‍ രമ്യയ്ക്ക് സിബില്‍ സ്‌കോര്‍ കുറവാണ്. ഈ സാഹചര്യത്തില്‍ വായ്പ ലഭിക്കുക ദുഷ്‌കരമാണ്. ശമ്പളവും ആനൂകുല്യവുമായി ലഭിക്കുന്ന പണത്തിന്റെ മുക്കാല്‍ ഭാഗവും ആലത്തൂരിലെയും ഡല്‍ഹിയിലെയും ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെയ്‌ക്കേണ്ടി വരും. അതിനാല്‍ വായ്പ ലഭിച്ചാലും മുടങ്ങാതെ തിരിച്ചടവ് നടത്താന്‍ പ്രയാസമാണ്. ഇതെല്ലാം അറിയാമായിരുന്നിട്ടും എന്തിനാണ് കെപിസിസി പ്രസിഡന്റ് വരെ ആ പെണ്‍കുട്ടിയ്ക്ക് എതിരെ നിന്നത്?

ദളിത് വിഭാഗത്തില്‍ നിന്നും ഒരു പെണ്‍കുട്ടി കോണ്‍ഗ്രസില്‍ ഉയര്‍ന്ന് വരുന്നത് എതിര്‍പാര്‍ട്ടിയ്ക്ക് മാത്രമല്ല, കോണ്‍ഗ്രസിനുള്ളില്‍ തന്നെയുള്ള ചില സവര്‍ണ മാലിന്യങ്ങള്‍ക്ക് പിടിച്ചിട്ടില്ലെന്ന് സാരം. ഇതിന് മുമ്പ് ഇവിടെ എത്ര നേതാക്കള്‍ ബാങ്ക് വായ്പയെടുത്ത് കാര്‍ വാങ്ങിയിട്ടുണ്ട്? കമ്മ്യൂണിസ്റ്റ് നേതാവായാലും കോണ്‍ഗ്രസ് നേതാവായാലും മിക്കവരും പാര്‍ട്ടി കൊടുത്ത കാറായിരുന്നില്ലേ കൂടുതലും ഉപയോഗിച്ചിട്ടുള്ളത്? പാര്‍ട്ടി പ്രവര്‍ത്തകര്‍ പിരിച്ചെടുത്ത കാശ് ഉപയോഗിച്ചല്ലേ ആ കാറുകളും വാങ്ങിയിട്ടുള്ളത്? 

ഉത്തമ കമ്മ്യൂണിസ്റ്റ്കാരനായ ചടയന്‍ ഗോവിന്ദന്റെ ജീവിതത്തിലെ ഒരു സംഭവം, ബിനീഷ് കോടിയേരിയുടെ കേസ് ഉയര്‍ന്ന് വന്നപ്പോള്‍, ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. മകനെ കാറില്‍ കേറ്റാന്‍ ചടയന്‍ ഗോവിന്ദന്‍ വിസമ്മതിച്ചതിനെക്കുറിച്ചായിരുന്നു അത്. പാര്‍ട്ടി കൊടുത്ത കാര്‍ പാര്‍ട്ടി സെക്രട്ടറിയായ ചടയന് ഉപയോഗിക്കാന്‍ വേണ്ടി മാത്രമാണ്, അല്ലാതെ ചടയനും ചടയന്റെ മകനും കുടുംബത്തിനും ഉപയോഗിക്കാനുള്ളതല്ല എന്ന വിശ്വാസപ്രമാണം കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന്. ഇതില്‍ ഇവിടെ പ്രസക്തമായ കാര്യം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്, അത് എഎല്‍എയായാലും എംപിയായാലും അവര്‍ക്ക് പാര്‍ട്ടി ഒരു കാര്‍ വാങ്ങിക്കൊടുക്കുന്ന പതിവുണ്ടെന്നും അതില്‍ തെറ്റില്ലെന്നുമാണ്. കോട്ടയത്തെ കോണ്‍ഗ്രസുകാര്‍ പിരിവെടുത്ത് പിടി ചാക്കോയ്ക്ക് കാര്‍ വാങ്ങിച്ചുകൊടുത്തതും ആരും മറന്നിട്ടില്ല. പിന്നെ സൈബര്‍ സഖാക്കള്‍ക്കും അവര്‍ക്ക് ലൈക്കടിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിയ്ക്കും എന്തായിരുന്നു പ്രശ്‌നം?

എന്തായാലും കെപിസിസി പ്രസിഡന്റ് വരെ തടസ്സവാദം ഉന്നയിച്ചതോടെ ഉത്തമ പാര്‍ട്ടി പ്രവര്‍ത്തകയായ ആ പെണ്‍കുട്ടി സഹപ്രവര്‍ത്തകര്‍ നല്‍കാനിരുന്ന ആ സമ്മാനം സ്‌നേഹപൂര്‍വ്വം നിരസിച്ചു. താന്‍ ടാക്‌സിയിലാണെങ്കിലും സഞ്ചരിച്ചുകൊള്ളാമെന്ന് മറുപടിയും കൊടുത്തു.

 

 

Editors Choice