• 09 Dec 2019
  • 02: 37 PM
Latest News arrow

സഖാക്കളെ... രാശി നോക്കിയിട്ടുമതി സമരത്തിന്നിറങ്ങാന്‍

നേതാക്കള്‍ സമരമുഖത്ത് ഇറങ്ങുംമുമ്പ് ജോത്സ്യനെ കാണുകയോ നക്ഷത്രഫലം നോക്കുകയോ ചെയ്യുന്നത് നന്നാവും. തങ്ങള്‍ക്ക്  ഭാഗ്യക്കേടോ, കഷ്ടകാലമോ, കാലക്കേടോ എന്ന്  അറിഞ്ഞിട്ടുമതി സമരത്തിനിറങ്ങാന്‍. അതാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും  നല്‍കിയ പ്രതികരണത്തിന്റെ വ്യംഗ്യാര്‍ത്ഥം.

 

ഏറണാകുളത്ത്,  ഭരണത്തിലെ ഘടക കക്ഷിയായ സിപിഐ  ഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പൊലീസ് പാര്‍ട്ടി ജില്ലാ സെക്രട്ടറി പി. രാജുവിന്റെ തല തല്ലി പൊട്ടിക്കുകയും പാര്‍ട്ടിയുടെ  നിയമസഭാംഗം എല്‍ദോ അബ്രഹാമിന്റെ ഇടതുകൈ തല്ലിയൊടിക്കുകയും ചെയ്തത്  നിര്‍ഭാഗ്യകരമെന്ന് പിണറായിയും ദൗര്‍ഭാഗ്യകരമെന്ന് കോടിയേരിയും പറഞ്ഞിട്ടുണ്ട്. ഒന്നുകില്‍ തല്ല് കിട്ടിയവരുടെ ഭാഗ്യക്കേട്, അതല്ലെങ്കില്‍ കഷ്ടകാലം എന്നാണ് ഇവര്‍ പറഞ്ഞതിന്റെ  പച്ചമലയാളത്തിലുള്ള  വ്യാഖ്യാനം. കണ്ണൂരില്‍  പൊലീസിന്റെ തെറ്റായ പ്രവൃത്തിയെ ആക്ഷേപിക്കുന്നതിന് ഉപയോഗിക്കാറുള്ള പദങ്ങള്‍ പിണറായിക്കും കോടിയേരിക്കും അറിയാഞ്ഞിട്ടല്ല. അത് പക്ഷെ നമ്മുടെ പൊലീസിന് നേരെ വേണ്ടാ എന്ന് കരുതിയാവണം.

 

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞതിലുമുണ്ട് ഇത്തിരി ശരിയും അല്‍പ്പം കൊളുത്തും. സമര രംഗത്ത്  പോലീസിന്റെ ഭാഗത്ത് നിന്നും  ജലപീരങ്കിയും  കണ്ണീര്‍വാതക പ്രയോഗവും സാധാരണമാണെന്നാണ് കാനത്തിന്റെ ആശ്വാസവചനം. അങ്ങിനെയൊക്കെയുണ്ടാവുമെന്ന് ഓര്‍ത്തിട്ടു പോരായിരുന്നോ അതല്ലെങ്കില്‍ സഹിക്കാന്‍ തയ്യാറായിട്ട് വേണ്ടായിരുന്നോ പൊലീസിന് നേരെ ചെല്ലാന്‍ എന്നു വ്യാഖ്യാനിച്ചാലും തെറ്റില്ല. ഇതിനേക്കാള്‍ വളച്ചുകെട്ടില്ലാത്തതാണ് നമ്മുടെ നിയമ മന്ത്രി  എ.കെ. ബാലന്റെ  പ്രതികരണം. ഭരണപക്ഷത്തുള്ളവര്‍ സമരത്തിന് ഇറങ്ങുന്നത് നന്നെ കരരുതിയിട്ടുവേണമെന്നാണ് ബാലമൊഴി.

 

വാസ്തവത്തില്‍ നമ്മുടെ ആഭ്യന്തരവകുപ്പിനും പൊലീസിനും എന്തുപറ്റി?  നിലാവത്ത് കോഴിയെ തുറന്നുവിട്ട മാതിരിയാണ് പൊലീസ് പെരുമാറിയതെന്നും  അവരെ നിയന്ത്രിക്കാനോ നിര്‍ദ്ദേശിക്കാനോ ആരുമുണ്ടായിരുന്നില്ലെന്നും തല്ലുകൊണ്ട് ഇടതുകൈ ഒടിഞ്ഞ  എം എല്‍എ എല്‍ദോ ഒരു തവണയല്ല പലതവണ ചാനലുകളില്‍ പറഞ്ഞു കേട്ടു. എല്‍ദോ ഇക്കാര്യം സ്പീക്കര്‍ക്ക് എഴുതിയിട്ടുമുണ്ട്. അത്‌കൊണ്ട് അവിശ്വസിക്കേണ്ടതില്ല. ഇടതുമുന്നണി കവീനര്‍ എ. വിജയരാഘവന്‍  കരുതുന്നത് പോലെ കള്ളം എഴുതുകയും പറയുകയും ചെയ്യുന്ന  മാദ്ധ്യമ പ്രവര്‍ത്തകരുടെയോ കോട്ടിട്ട ചാനല്‍ അവതാരകരുടെയോ കണ്ടെത്തലല്ല.

 

ഇടതു സര്‍ക്കാറിന്റെ സര്‍വ്വ നയങ്ങള്‍ക്കും നടപടികള്‍ക്കും നിയമസഭയില്‍ കൈ പൊക്കുകയും പുറത്ത് നാവിട്ടിടിക്കുകയും ചെയ്യുന്ന ഘടക കക്ഷിയില്‍ പെട്ട ഒരംഗത്തിന് ഇങ്ങിനെയൊരനുഭവമുണ്ടായിട്ട് ഫോണില്‍ നേരിട്ടൊന്നു വിളിച്ച് അന്വേഷിക്കാനോ ഖേദം പ്രകടിപ്പിക്കാനോ തയ്യാറാവാതിരുന്ന ആഭ്യന്തരമന്ത്രിയുടെയും പാര്‍ട്ടിപ്രവര്‍ത്തകന്‍ അനുഭവിക്കുന്ന വേദനയില്‍ ഒരാശ്വാസവചനം പറയാന്‍ സമയം കാണാതെ പോയ പാര്‍ട്ടി സെക്രട്ടറി കാനത്തിന്റെയും സമീപനത്തെക്കുറിച്ച് ഇടതുപക്ഷത്തെ സാധാരണ പ്രവര്‍ത്തകരെങ്കിലും ശങ്കിക്കുന്നുണ്ടാവണം. മുഖ്യമന്ത്രിക്ക് നല്ല തിരക്കായത് കൊണ്ടാവണം വിളിക്കാതിരുന്നതെന്ന് ആശ്വസിക്കുന്ന എല്‍ദോയുടെ ഇടതുപക്ഷപ്രേമത്തെ നമിക്കാം.

 

ഇനി ഭരണപക്ഷത്തുള്ള ഘടക കക്ഷികള്‍ ഓര്‍ത്തോളൂ, തങ്ങള്‍ക്ക്  ഭാഗ്യക്കേടോ കാലക്കേടോ ഉണ്ടോ എന്ന്  അന്വേഷിച്ച് ഉറപ്പു വരുത്തിയിട്ടു മതി പൊലീസിന്റെ മുമ്പില്‍ സമരവുമായി ചെല്ലാന്‍. അതല്ലെങ്കില്‍ പൊലീസിനെ പോലെ നല്ല ഹെല്‍മറ്റും ജീവൻരക്ഷാ കവചവും ധരിച്ചോളൂ. നിയമസഭാംഗമാണെങ്കില്‍   എംഎല്‍എ എന്ന് മുന്നിലും പിന്നിലും എഴുതിയ ഒരു തോൾമുണ്ടും കൂടി ഉണ്ടായാല്‍ നന്ന്.