സ്ഥാനമാനങ്ങളെച്ചൊല്ലി ഇന്ത്യൻ ക്രിക്കറ്റിൽ ഭിന്നതയോ?

മുംബൈ: ഐ.സി.സി ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ശേഷം ഒരു കൂടിയാലോചന പോലും നടത്താതെ വിരാട് കോലിയെ തന്നെ ക്യാപ്റ്റനാക്കിയത് ശരിയായില്ലെന്ന ഇതിഹാസതാരവും മുൻ നായകനുമായ സുനിൽ ഗവാസ്ക്കറുടെ പ്രസ്താവന ക്രിക്കറ്റ് ലോകത്ത് ചൂടുപിടിച്ച ചർച്ചയാവുന്നു. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ നായകനായി കോലിയെ തന്നെ നിയമിച്ചതാണ് ഗവാസ്‌കറെ ചൊടിപ്പിച്ചത്.
"വിരാട് കോലി ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരുന്നത് അദ്ദേഹത്തിന്റെയും സെലക്ഷന്‍ കമ്മിറ്റിയുടെയും ആഗ്രഹം നോക്കിയാണ്. ലോകകപ്പ് വരെയാണ് കോലിയെ ക്യാപ്റ്റനായി നിയമിച്ചത്. എന്നാല്‍ ലോകകപ്പിന് ശേഷം അദ്ദേഹം തുടരുന്നത് എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ല. അങ്ങനെ തുടരാന്‍ അനുവാദം നല്‍കിയെങ്കില്‍ തന്നെ ഒരു കൂടിയാലോചനയെങ്കിലും നടത്തണമായിരുന്നു. ഇന്ത്യന്‍ സെലക്ഷന്‍ കമ്മിറ്റിയും ശരിയായ തീരുമാനങ്ങളെടുക്കുന്നില്ല. ലോകകപ്പ് തോല്‍വിക്ക് സെലക്ഷന്‍ കമ്മിറ്റിക്കും പങ്കുണ്ട്. വിരാട് കോലിയുടെ തന്നിഷ്ടത്തിന് സെലക്ടര്‍മാര്‍ കൂട്ടുനിൽക്കുന്നു. ലോകകപ്പില്‍ തോറ്റിട്ടും കോലിയെ നായകപദവിയിൽ നിന്ന് നീക്കണമോയെന്ന ആലോചന പോലും ഉണ്ടായില്ല. ലോകകപ്പില്‍ പരാജയപ്പെട്ടതിന്‍റെ പേരില്‍ ദിനേശ് കാര്‍ത്തിക്കിനെ ഒഴിവാക്കിയെങ്കില്‍ കോലിക്കെങ്ങനെ നായകനായി തുടരാന്‍ കഴിയും? ഔന്നത്യമുള്ള മുന്‍ താരങ്ങള്‍ സെലക്ടര്‍മാരാകണം.''- ഗവാസ്‌കര്‍ ആഞ്ഞടിച്ചു.
അതെ സമയം, ഇന്ത്യന്‍ ടീമില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തയും ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും അത്ര രസത്തിലല്ലെന്ന റിപ്പോർട്ടുകളും ക്രിക്കറ്റ് ആരാധകരെ വിഷമത്തിലാക്കി. ലോകകപ്പില്‍ ന്യൂസിലാന്‍ഡിനോട് തോറ്റ് ഫൈനല്‍ കാണാതെ ഇന്ത്യ പുറത്തായതും രോഹിത് ശർമ നേരത്തെ ഇന്ത്യയിലേക്ക് മടങ്ങിയതും അഭ്യൂഹങ്ങള്‍ക്കിടയാക്കി. ഇതേക്കുറിച്ച് അന്വേഷിക്കാനൊരുങ്ങുകയാണ് ബിസിസിഐ. ബിസിസിഐ സിഇഒ അമേരിക്കയിലെത്തി താരങ്ങളുമായി ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്.
ഇതിനിടെ, ഒരു മാസം നീളുന്ന വെസ്റ്റിന്‍ഡീസ് പര്യടനത്തിന് പുറപ്പെടുന്നതിന് മുന്‍പ് പരിശീലകന്‍ രവി ശാസ്ത്രിയും ക്യാപ്റ്റന്‍ വിരാട് കോലിയും വാർത്താസമ്മേളനത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പ്രചരിക്കുന്ന വാര്‍ത്തകളിൽ യാതൊരു വാസ്തവവും ഇല്ലെന്നും ടീമില്‍ നല്ല അന്തരീക്ഷമാണെന്നും ഇരുവരും പറഞ്ഞു.
''അവിശ്വസനീയമായ കഥകളാണ് ആളുകള്‍ പറഞ്ഞുണ്ടാക്കുന്നത്. ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടയാകുന്നതോടെ ക്രിക്കറ്റിനോടുള്ള സമീപനം തന്നെ മാറിപ്പോവും. ഞങ്ങള്‍ സീനിയര്‍ താരങ്ങളാണ്. ടീമിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. പുറത്തുള്ളവർ ഡ്രസ്സിങ് റൂമിനെ കുറിച്ച് നുണകള്‍ പറഞ്ഞുപരത്തുകയാണ്. ആരോടെങ്കിലും ദേഷ്യമുണ്ടെങ്കില്‍ അത് എന്റെ മുഖത്തുതന്നെ കാണാം. നിങ്ങള്‍ ഡ്രസ്സിങ് റൂമില്‍ നേരിട്ട് വന്നു ഇവിടത്തെ ആരോഗ്യകരമായ അന്തരീക്ഷം കാണൂ. നിങ്ങള്‍ എന്തിനാണ് നുണകള്‍ പറഞ്ഞുപരത്തുന്നതെന്ന് മനസിലാവുന്നില്ല. ഞങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഏറ്റവും മികച്ചതാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ചിലര്‍ ടീമിനെ വലിച്ച് താഴെയിടാന്‍ ശ്രമിക്കുന്നു.''- വിരാട് കോലി പറഞ്ഞു.
രവി ശാസ്ത്രിയെ തന്നെ വീണ്ടും പരിശീലകനാക്കുന്നതിനോട് വിരാട് കോലി യോജിച്ചു. "ടീം അംഗങ്ങള്‍ക്കെല്ലാം പരിശീലകനുമായി മികച്ച ബന്ധമാണുള്ളത്. അദ്ദേഹം കോച്ച് ആയി തുടരുന്നതിനെ അനുകൂലിക്കുന്നു. എന്നാല്‍, അന്തിമ തീരുമാനമെടുക്കേണ്ടത് ഉപദേശക സമിതിയാണ്"- കോലി ചൂണ്ടിക്കാട്ടി.
ഓഗസ്ത് 3-നാണ് ഇന്ത്യയുടെ വെസ്റ്റിൻഡീസ് പരമ്പര ആരംഭിക്കുന്നത്. പരമ്പരയ്ക്കായി തിങ്കളാഴ്ച രാത്രി ഇന്ത്യന്‍ ടീം അംഗങ്ങള്‍ അമേരിക്കയിലേക്ക് യാത്ര തിരിച്ചു. ഫ്‌ളോറിഡയില്‍ ഓഗസ്ത് 3, 4 ദിവസങ്ങളില്‍ വെസ്റ്റിന്‍ഡീസുമായി ടി20 മത്സരം കളിക്കും. ഇതിനുശേഷം വെസ്റ്റിന്‍ഡീസിലേക്ക് ടീം യാത്രയാകും.
ഈ പരമ്പരയിലെ 'ടീം ഇന്ത്യ'യുടെ പ്രകടനം വിലയിരുത്തിയാവും വിരാട് കോലിയുടെ നായക സ്ഥാനത്തിന്റെയും രവിശാസ്ത്രിയുടെ പരിശീലക സ്ഥാനത്തിന്റെയും ഭാവി.
It is baffling to read (reports of an alleged rift). We are feeding off lies, overlooking facts & turning a blind eye to all the good things that have happened. It is disrespectful: @imVkohli pic.twitter.com/gl9oPm8veE
— BCCI (@BCCI) July 29, 2019
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ