• 22 Sep 2019
  • 11: 22 AM
Latest News arrow

വ്യക്തിഗത വിവരങ്ങള്‍ ചേര്‍ത്തുന്നതായി സംശയം; ട്രൂകോളറിനെതിരെ ഉപയോക്താക്കള്‍

ന്യൂഡല്‍ഹി: ട്രൂകോളര്‍ ആപ്പിന്റെ സുരക്ഷയില്‍ ആശങ്കയറിയിച്ച് ഉപയോക്താക്കള്‍. ട്രൂകോളര്‍ ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്നാണ് ഉയരുന്ന പ്രധാന സംശയം. ഉപയോക്താക്കളുടെ അനുവാദമില്ലാതെ യു.പി.ഐ (യുണിഫൈഡ് പേയ്മന്റ് ഇന്റര്‍ഫേസ്) അക്കൗണ്ട് ട്രൂകോളര്‍ എടുത്തതായാണ് വിവരം. ഐ.സി.ഐ.സി.ഐ ബാങ്കില്‍ അക്കൗണ്ട് ഉള്ളവര്‍ക്കാണ് പ്രശ്‌നം കൂടുതല്‍ നേരിട്ടിരിക്കുന്നത്.
ട്രൂകോളര്‍ അപ്‌ഡേറ്റ് ചെയ്തവര്‍ക്ക് അവരുടെ അനുവാദമില്ലാതെ തന്നെ യു.പി.ഐ അക്കൗണ്ട് എടുത്തുവെന്ന് മെസേജ് ലഭിക്കുകയായിരുന്നു. 
ഐ.സി.ഐ.സി.ഐ ബാങ്കിന്റെ അക്കൗണ്ട് ഉപയോഗിച്ചാണ് യു.പി.ഐയില്‍ ലോഗിന്‍ ചെയ്തിരിക്കുന്നത്. ഇതിനോടകം നിരവധി ഉപയോക്താക്കളാണ് ട്രൂ കോളര്‍ ആപ്പിന്റെ സുരക്ഷയില്‍ ആശങ്കയറിയിച്ച് ഗൂഗിളിനെ സമീപിച്ചിരിക്കുന്നത്. ട്രൂ കോളര്‍ ബാങ്ക് അക്കൗണ്ട് ഉള്‍പ്പടെയുള്ള വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന് അടുത്തിടെ ആരോപണം ഉയര്‍ന്നിരുന്നു.
അതേസമയം, 2017ല്‍ ഐ.സി.ഐ.സി.ഐ ബാങ്കും ട്രൂ കോളറും മൊബൈല്‍ അധിഷ്ഠിത പണമിടപാടിന് ഉപകരിക്കുന്ന യുപിഐ മൊബൈല്‍ പേയ്‌മെന്റ് സംവിധാനം അവതരിപ്പിക്കുന്നതിന് കരാറില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.