• 18 Sep 2019
  • 10: 39 AM
Latest News arrow

പിന്നീട് വിഷമമാവാതിരിക്കാൻ ഒരു വിഷയമായി ആനയും പാമ്പും!

തിരുവനന്തപുരം: പാമ്പ് പിടുത്തവും ആനയെ വിരട്ടി ഓടിക്കലും ഇനി മുതല്‍ വനം വകുപ്പിന്റെ പരിശീലന സിലബസില്‍ ഉള്‍പ്പെടുത്തും. കാട്ടാനകള്‍ അപകടകരമാം വിധം നാട്ടിലിറങ്ങുന്നതും ജനവാസ മേഖലകളില്‍ ഭീതി പരത്തി പാമ്പുകള്‍ താവളമടിക്കുന്നതും വ്യാപകമായതോടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ പരിശീലന പരിപാടികള്‍ നിര്‍ബന്ധമാക്കുന്നത്. 

നിലവില്‍ പാമ്പ് പിടുത്തം നിര്‍ബന്ധമാക്കിയിരുന്നില്ല. താല്‍പ്പര്യം പ്രകടിപ്പിച്ച് സ്വയം മുന്നോട്ട് വരുന്നവരാണ് പാമ്പ് പിടുത്തത്തിന് പരിശീലനം നേടിയിരുന്നത്. എന്നാല്‍ ഇത്തരത്തില്‍ മുന്നോട്ട് വരുന്നവരുടെ എണ്ണം വളരെ കുറവാണ്. പാമ്പ് പിടുത്ത പരിശീലനം നേടിയ ഉദ്യോഗസ്ഥര്‍ വകുപ്പിന്റെ കീഴിലെ ഡിവിഷനുകളില്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേയുള്ളു. പരിശീലന സിലബസ് പ്രകാരം ഇനി മുതല്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ വരെ ഉള്ള ഉദ്യോഗസ്ഥര്‍ക്കാണ് പാമ്പ് പിടുത്ത പരിശീലനം നിര്‍ബന്ധമാക്കുന്നത്. പാമ്പ് പിടിക്കേണ്ടതായുള്ള സാഹചര്യങ്ങളില്‍ സ്വകാര്യ പാമ്പ് പിടുത്തകാരുടെ സേവനം അഭ്യര്‍ത്ഥിക്കുന്ന നിലവിലെ രീതിക്ക് ഇതോടെ മാറ്റം വരും.

ജനവാസ മേഖലകളില്‍ ഇറങ്ങുന്ന കാട്ടാനകളെ വിരട്ടി ഓടിക്കുന്നതിനും നിലവില്‍ നിര്‍ബന്ധിത പരിശീലനം ഇല്ല. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കുമായുള്ള ആറുമാസത്തെ പരിശീലനത്തില്‍ പുതിയ സിലബസ് പ്രകാരം പാമ്പ് പിടുത്തവും ആനയെ വിരട്ടി ഓടിക്കലും നിര്‍ബന്ധമാക്കുന്നത് വകുപ്പ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ്.