• 20 Oct 2019
  • 05: 43 PM
Latest News arrow

ചവറ്റുകുട്ടയിലായ 370ഉം 35എയും അഥവാ ജമ്മുകശ്മീരിന്റെ ഭരണചരിത്രം

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന വകുപ്പുകളാണ് വകുപ്പ് 370ഉം വകുപ്പ് 35എയും. ഈ വകുപ്പുകളാണ് ഇന്ന് രാഷ്ട്രപതി പ്രത്യേക ഓര്‍ഡിനന്‍സിലൂടെ റദ്ദാക്കിയത്. കശ്മീരിന് എങ്ങിനെ പ്രത്യേക പദവി ലഭിച്ചു....?

ഇന്ത്യ സ്വതന്ത്രമായ സമയത്ത് ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമായിരുന്നില്ല. അന്ന് മഹാരാജാ ഹരിസിങ്ങായിരുന്നു ജമ്മുകശ്മീര്‍ ഭരിച്ചിരുന്നത്. അദ്ദേഹം കശ്മീരിനെ ഒരു സ്വതന്ത്രരാജ്യമായി നിലനിര്‍ത്തുവാന്‍ ആഗ്രഹിച്ചു. എന്നാല്‍ പാകിസ്ഥാന്റെ പിന്തുണയോടെ തീവ്രവാദികളായ ഗോത്രവര്‍ഗക്കാര്‍ ജമ്മുകശ്മീര്‍ ആക്രമിച്ചപ്പോള്‍ രാജ്യരക്ഷയ്ക്കായി രാജാ ഹരിസിങ് ഇന്ത്യയുടെ സഹായം തേടി. എന്നാല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റും ജമ്മുകശ്മീരിനെ സഹായിക്കാന്‍ തയ്യാറായില്ല. ജമ്മുകശ്മീര്‍ മറ്റൊരു രാജ്യമാണെന്നും ഇന്ത്യന്‍ സേനയെ അങ്ങോട്ടേയ്ക്ക് അയക്കാന്‍ സാധിക്കില്ലെന്നും നെഹ്‌റു അറിയിച്ചു. ഇതോടെ വേറെ വഴിയില്ലാതെ ജമ്മുകശ്മീരിനെ ഇന്ത്യയില്‍ ലയിപ്പിക്കണമെന്ന് ആവശ്യം രാജാവിന് സമ്മതിക്കേണ്ടി വന്നു. അങ്ങിനെ ലയന ഉടമ്പടിയിലൂടെ (ഇന്‍സ്ട്രമെന്റ് ഓഫ് അക്‌സക്ഷന്‍) ജമ്മുകശ്മീര്‍ ഇന്ത്യയുടെ ഭാഗമായി.

ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും മഹാരാജാ ഹരിസിങ്ങും 1947ല്‍ ഒപ്പുവെച്ച ഉടമ്പടിയില്‍ ചില സുപ്രധാന വ്യവസ്ഥകളുണ്ടായിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇന്ത്യന്‍ പാര്‍ലമെന്റിന് ജമ്മുകശ്മീരില്‍ നിയമനിര്‍മ്മാണം നടത്താന്‍ കഴിയുക,  പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം എന്നിവയില്‍ മാത്രമായിരിക്കും എന്നതാണ്. ബാക്കിയുള്ള ഏത് വിഷയത്തിലും നിയമനിര്‍മ്മാണം നടത്തുക മഹാരാജാവും ജമ്മുകശ്മീര്‍ സര്‍ക്കാരുമായിരിക്കും. ഈ വ്യവസ്ഥയെ ഭേദഗതി ചെയ്യാന്‍ ഇന്ത്യന്‍ പാര്‍ലമെന്റിന് അധികാരമുണ്ടായിരിക്കില്ലെന്നും ലയന ഉടമ്പടയില്‍ വ്യക്തമാക്കുന്നു. അല്ലെങ്കില്‍ മഹാരാജാവിന്റെ അനുമതി ഉണ്ടാകണം. അതുപോലെ തന്നെ ഇന്ത്യന്‍ ഭരണഘടന ജമ്മുകശ്മീര്‍ അംഗീകരിക്കില്ലെന്നും സംസ്ഥാനത്തിന് സ്വന്തമായി ഒരു ഭരണഘടന ഉണ്ടായിരിക്കുമെന്നും ലയന ഉടമ്പടിയില്‍ വ്യക്തമാക്കി.

ഈ ഉടമ്പടി പ്രകാരം 1949 ഒക്ടബോറില്‍ 370-ാം വകുപ്പ് നിര്‍മ്മിച്ചു. ഇത് ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ലയന ഉടമ്പടയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് 370-ാം വകുപ്പിലും ചേര്‍ത്തിരുന്നത്.

എന്നാല്‍ അതിന് നല്‍കിയിരുന്ന തലക്കെട്ട് തര്‍ക്കവിഷയമായി. ''താല്‍ക്കാലികവും മാറ്റത്തിന് വിധേയവുമായ പ്രത്യേക വകുപ്പ് എന്നായിരുന്നു'' 370-ാം വകുപ്പിന് നല്‍കിയിരുന്ന പേര്. അതുകൊണ്ട് തന്നെ നിരവധി പേര്‍ 370-ാം വകുപ്പ് ഒരു താല്‍ക്കാലിക വകുപ്പായി വാദിച്ചു. എന്നാല്‍ നിരവധി കേസുകളില്‍ ഈ വകുപ്പ് സ്ഥിരമാണെന്ന് കോടതികള്‍ വിധിയെഴുതി. കുമാരി വിജയലക്ഷ്മി കേസില്‍ ഡല്‍ഹി ഹൈക്കോടതിയും സമ്പത്ത് പ്രകാശ് കേസില്‍ സുപ്രീംകോടതിയും വകുപ്പ് 370നെ ഒരു താല്‍ക്കാലിക വകുപ്പായല്ല പരിഗണിച്ചത്. അങ്ങിനെ ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ തന്നെ 370-ാം വകുപ്പിനെ സ്ഥിരം വകുപ്പായി കണ്ടു.

370-ാം വകുപ്പിലെ നിബന്ധനകള്‍:

1) ലയന ഉടമ്പടിയില്‍ പറഞ്ഞിരിക്കുന്ന മൂന്ന് വിഷയങ്ങളിലൊഴികെ ഒരു വിഷയത്തിലും പാര്‍ലമെന്റിന് ജമ്മുകശ്മീരിനായ് നിയമം നിര്‍മ്മിക്കാന്‍ കഴിയില്ല.
2) മറ്റു വിഷയങ്ങളില്‍ പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങള്‍ ജമ്മുകശ്മീരിന് ബാധകമാകണമെങ്കില്‍ ജമ്മുകശ്മീര്‍ സര്‍ക്കാരിന്റെ അനുമതി ലഭിക്കുകയും രാഷ്ട്രപതി പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുകയും വേണം. 
3) നിലവില്‍ ഇപ്പോള്‍ ഇന്ത്യന്‍ ഭരണഘടനയുടെ രണ്ട് വകുപ്പുകള്‍ മാത്രമാണ് ജമ്മുകശ്മീരിന് ബാധകമായിട്ടുള്ളത്. ആദ്യത്തേത് ഒന്നാം വകുപ്പും രണ്ടാമത്തേത് 370-ാം വകുപ്പും. മറ്റു വകുപ്പുകള്‍ നേരത്തെ പറഞ്ഞതുപോലെ ജമ്മുകശ്മീര്‍ സര്‍ക്കാരിന്റെ സമ്മതത്തോടെ വേണ്ട തിരുത്തലുകളും മാറ്റങ്ങളും വരുത്തി രാഷ്ട്രപതി ഉത്തരവിറക്കി സംസ്ഥാനത്ത് പ്രായോഗികമാക്കാവുന്നതാണ്.

ഇനി ഇതില്‍ സുപ്രധാനമായ ഒരു കാര്യം വകുപ്പ് 370(3) പ്രകാരം, ഈ വകുപ്പ് റദ്ദാക്കാവുന്നതാണെന്നതാണ്. പക്ഷേ അതിന് ജമ്മുകശ്മീരിന്റെ ഭരണഘടനാ സമിതിയുടെ അനുമതിയും രാഷ്ട്രപതിയുടെ ഉത്തരവും ആവശ്യമാണ്. എന്നാല്‍ ഈ ഭരണഘടനാ സമിതി 1957ല്‍ തന്നെ ഇല്ലാതായിട്ടുണ്ട്. അതുകൊണ്ട് ഭരണഘടനാ സമിതി നിലവിലില്ലാത്തതിനാല്‍ 370-ാം വകുപ്പിനെ റദ്ദാക്കാന്‍ കഴിയില്ലെന്ന് ചിലര്‍ വാദിക്കുന്നു. എന്നാല്‍ മറ്റു ചിലര്‍ പറയുന്നത്, സംസ്ഥാന നിയമസഭയുടെ അംഗീകാരത്തോടെ 370-ാം വകുപ്പിനെ റദ്ദാക്കാന്‍ കഴിയുമെന്നാണ്.

ജമ്മുകശ്മീരിനെ ഇന്ത്യന്‍ യൂണിയനില്‍ നിന്നും അടര്‍ത്തുമാറ്റാന്‍ ശേഷിയുള്ള വകുപ്പായാണ് പലപ്പോഴും 370-ാം വകുപ്പിനെ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ ഭരണഘടനയുടെ വകുപ്പ് മൂന്നിലും ജമ്മുകശ്മീര്‍ ഭരണഘടനയുടെ തന്നെ ആമുഖത്തിലും (പ്രിയാമ്പിള്‍) ജമ്മുകശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ ഒന്നാം വകുപ്പ് (ഇന്ത്യന്‍ യൂണിയന്‍) ജമ്മുകശ്മീരിന് ബാധകമാണെന്ന് 370-ാം വകുപ്പില്‍ തന്നെ പറയുന്നുമുണ്ട്. അതുകൊണ്ട് തന്നെ 370-ാം വകുപ്പ് ജമ്മുകശ്മീരിനെ ഇന്ത്യയില്‍ നിന്ന് അടര്‍ത്തി മാറ്റുന്ന ഒന്നാണെന്ന വാദത്തിന് പ്രസക്തിയില്ല.

യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ഭരണഘടന ജമ്മുകശ്മീരില്‍ ബാധകമാകുന്നതിന് വേണ്ടിയുള്ള ഒരു പാലമാണ് 370-ാം വകുപ്പെന്ന് പറയാം. ഈ വകുപ്പില്‍ പറഞ്ഞിരിക്കുന്ന രീതിയില്‍ രാഷ്ട്രപതിയുടെ ഉത്തരവുകള്‍ വഴിയാണ് ഇന്ത്യന്‍ ഭരണഘടനയിലെ നിരവധി വകുപ്പുകള്‍ ജമ്മുകശ്മീരില്‍ പ്രാവര്‍ത്തികമാക്കിയത്.  അതിലൊന്നാണ് വകുപ്പ് 35 എ.

വകുപ്പ് 35 എ:

ഇന്ത്യന്‍ ഭരണഘടനയുടെ ഒരു സുപ്രധാന വകുപ്പാണ് വകുപ്പ് 35എ. ഈ വകുപ്പ് ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗമാണെങ്കിലും ഭരണഘടനയുടെ പ്രധാനയിടങ്ങളിലൊന്നും ചേര്‍ക്കാതെ അപ്പന്‍ഡിക്‌സ് ഒന്നിലാണ് ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതായത് വകുപ്പ് 35 ന് ശേഷം വകുപ്പ് 35എ കാണാന്‍ സാധിക്കില്ലെന്ന്.

1952ല്‍ ഒരു ഡല്‍ഹി കരാറുണ്ടായിരുന്നു. ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഷെയ്ക്ക് അബ്ദുള്ളയും ജവഹര്‍ലാല്‍ നെഹ്‌റുവുമായിരുന്നു ഈ കരാറില്‍ ഒപ്പിട്ടത്. ഇന്ത്യന്‍ ഭരണഘടനയുടെ ചില വകുപ്പുകള്‍ കശ്മീരിനും കൂടി ബാധകമാക്കാനായിരുന്നു ഈ കരാര്‍. ഈ കരാറിലൂടെയാണ് വകുപ്പ് 35എ എന്ന വകുപ്പ് രൂപം കൊള്ളുന്നത്. ഇത് 1954ല്‍ രാഷ്ട്രപതി ഉത്തരവിലൂടെ ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തി. മറ്റു വകുപ്പുകള്‍ മാറ്റങ്ങളോടെ ജമ്മുകശ്മീരില്‍ പ്രായോഗികമാക്കാമെന്ന വകുപ്പ് 370 (1) (d) പ്രകാരമായിരുന്നു 35എ നിര്‍മ്മിച്ചത്.

വകുപ്പ് 35 എയില്‍ പ്രധാനമായും പറയുന്നത്, ജമ്മുകശ്മീരിലെ പൗരന്‍മാര്‍ ആരായിരിക്കണമെന്നും അവരുടെ പ്രത്യേക അവകാശങ്ങള്‍ എന്തൊക്കെയായിരിക്കണമെന്നുമാണ്. ഇക്കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അധികാരം പൂര്‍ണമായും ജമ്മുകശ്മീര്‍ സര്‍ക്കാരിനായിരിക്കുമെന്ന് ഈ വകുപ്പില്‍ വ്യക്തമാക്കുന്നു.

ജമ്മുകശ്മീര്‍ സര്‍ക്കാരില്‍ ജോലി, സംസ്ഥാനത്ത് ഭൂമി വാങ്ങല്‍, പഠനത്തിന് സ്‌കോളര്‍ഷിപ്പ് ലഭിക്കല്‍, മറ്റ് ക്ഷേമ സഹായങ്ങള്‍, സംസ്ഥാനത്ത് സ്ഥിരതാമസത്തിനുള്ള അവകാശം എന്നിവയെല്ലാം 35എ വകുപ്പ് പ്രകാരം ജമ്മുകശ്മീരിലെ പൗരന്‍മാര്‍ക്ക് മാത്രമാക്കി മാറ്റി.

മാത്രമല്ല, ഈ പ്രത്യേക അവകാശങ്ങള്‍ നല്‍കുന്നതിന് വേണ്ടി ഏതെങ്കിലും നിയമം പാസാക്കുകയാണെങ്കില്‍ അവ ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് പറഞ്ഞ് റദ്ദാക്കാന്‍ സാധിക്കില്ലെന്നും വകുപ്പ് 35എയില്‍ വ്യക്തമാക്കുന്നു.

രാജ്യത്തെ മറ്റ് പൗരന്‍മാരുടെ അവകാശങ്ങളെ ഹനിച്ചുകൊണ്ടുള്ള ഈ വകുപ്പ് നെഹ്‌റു സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം അന്നത്തെ രാഷ്ട്രപതി രാജേന്ദ്രപ്രസാദാണ് ഉത്തരവ് വഴി പ്രാബല്യത്തില്‍ വരുത്തിയത്. തുടര്‍ന്ന് നിരവധി തവണ ഈ വകുപ്പിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.

2014-ല്‍ ഡല്‍ഹിയിലുള്ള ി ദ സിറ്റിസണ്‍സ് എന്ന എന്‍ജിഒ, ഈ വകുപ്പ് ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചു. വകുപ്പ് 35എ ഭരണഘടനയുടെ അടിസ്ഥാന ഘടനയെ താറുമാറാക്കുന്നുവെന്നായിരുന്നു അവരുടെ വാദം. ഭരണഘടനയില്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കണമെങ്കിലോ മാറ്റം വരുത്തണമെങ്കിലോ എടുത്തുകളയണമെങ്കിലോ വകുപ്പ് 368ല്‍ പറഞ്ഞിരിക്കുന്ന നടപടികളിലൂടെ വേണം അവ ചെയ്യാന്‍. എന്നാല്‍ വകുപ്പ് 35എ ഭരണഘടനയില്‍ ഉള്‍ച്ചേര്‍ത്തത് രാഷ്ട്രപതിയുടെ ഒരു ഉത്തരവിലൂടെയാണ്. അല്ലാതെ വകുപ്പ് 368 പ്രകാരം പാര്‍ലമെന്റ് പാസാക്കിയ ഭരണഘടനാ ഭേദഗതിയിലൂടെയല്ല. അതിനാല്‍ അത് ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തകര്‍ക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, ഈ വകുപ്പ് പ്രാവര്‍ത്തികമാക്കാന്‍ വേണ്ടി രാഷ്ട്രപതി നടത്തിയിട്ടുള്ള മറ്റു ഉത്തരവുകളും ഇതിനാല്‍ നിലനില്‍ക്കുന്നതല്ലെന്നും എന്‍ജിഒ വാദിച്ചു.

ഈ വകുപ്പ് ജമ്മുകശ്മീരില്‍ താമസിക്കുന്ന, ആ സംസ്ഥാനത്തെ പൗരന്‍മാരല്ലാത്തവരുടെ മൗലിക അവകാശങ്ങള്‍ ഹനിക്കുന്നതായും എന്‍ജിഒ സുപ്രീംകോടതിയില്‍ വാദിച്ചു. ഭരണഘടന നല്‍കുന്ന മൗലിക അവകാശങ്ങളുടെ പ്രത്യേകിച്ച് വകുപ്പ് 19 (സ്വാതന്ത്ര്യത്തിനുള്ള അവകാശം), 14 (തുല്യതയ്ക്കുള്ള അവകാശം), 15 (വിവേചനത്തിന് എതിരെയുള്ള അവകാശം), 16 (തൊഴില്‍ വിവേചനത്തിനെതിരെയുള്ള അവകാശം എന്നിവയുടെ നഗ്നമായ ലംഘനമാണ് വകുപ്പ് 35എ.

എന്തായാലും ജമ്മുകശ്മീരിന് പ്രത്യേക അവകാശങ്ങളും പദവിയും നല്‍കുന്ന 370-ാം വകുപ്പും 35എ യും ഇന്ന് ഭരണഘടനയില്‍ നിന്ന് എടുത്തുകളഞ്ഞിരിക്കുകയാണ്. ഇനി ജമ്മുകശ്മീരില്‍ നടപ്പാകാന്‍ പോകുന്നത് ഇന്ത്യന്‍ ഭരണഘടനയാണ്. ജമ്മുകശ്മീര്‍ ഭരണഘടനയും ഇതോടെ ചവറ്റുകുട്ടയിലായി. ഇനി രാജ്യത്തെ ഏത് സംസ്ഥാനത്ത് നിന്നുള്ളവര്‍ക്കും ജമ്മുകശ്മീരില്‍ സ്ഥലം വാങ്ങാം, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകളും മറ്റ് സഹായങ്ങളും നേടാം,  ഭരണഘടനയ്ക്ക് അനുസൃതമായി സര്‍ക്കാര്‍ ജോലികളില്‍ പ്രവേശിക്കാം. അങ്ങിനെ അവസാനം ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജി 1950കളുടെ തുടക്കത്തില്‍ ഉയര്‍ത്തിയ 'ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക' എന്ന മുദ്രാവാക്യം ലക്ഷ്യം കണ്ടിരിക്കുന്നു.