• 18 Sep 2019
  • 11: 10 AM
Latest News arrow

ഉയരക്കുറവ് ഉയരങ്ങളിലേക്കുള്ള വാതില്‍- ഉയരം കുറഞ്ഞ നിര്‍മ്മാതാവെന്ന ബഹുമതി നേടി ഗിന്നസ് പക്രു

ഉയരക്കുറവ് അനുഗ്രഹമായി മാറിയ അതുല്യ പ്രതിഭയാണ് അജയകുമാര്‍ എന്ന ഗിന്നസ് പക്രു. ഏറ്റവും ഉയരം കുറഞ്ഞ നിര്‍മ്മാതാവിനുള്ള 'ബെസ്റ്റ് ഓഫ് ഇന്ത്യ' റെക്കോര്‍ഡാണ് പക്രു സ്വന്തമാക്കിയിരിക്കുന്നത്.

76 സെന്റിമീറ്റര്‍ മാത്രം ഉയരമുള്ള പക്രുവിനെ തേടി ഇത് മൂന്നാം തവണയാണ് റെക്കോര്‍ഡ് ബഹുമതി എത്തുന്നത്. ഏറ്റവും ഉയരം കുറഞ്ഞ നായകനടനായും, ഉയരം കുറഞ്ഞ സംവിധായകനായും പക്രു നേരത്തെ രണ്ട് തവണ ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടിയിട്ടുണ്ട്. 'ഫാന്‍സി ഡ്രസ്' എന്ന മലയാള സിനിമയാണ് പക്രുവിന് ഇത്തരത്തില്‍ ഒരു ബഹുമതികൂടി നേടികൊടുക്കാന്‍ കാരണമായത്. നിര്‍മ്മാതാവ് കൂടിയായ പക്രു ഈ ചിത്രത്തില്‍ ബെന്‍കുട്ടന്‍ എന്ന കഥാപാത്രമായും വേഷമിടുന്നുണ്ട്.

ആദ്യ സിനിമയായ 'അമ്പിളി അമ്മാവനി'ലെ പക്രു എന്ന കഥാപാത്രത്തിന്റെ പേരില്‍ ഇപ്പോഴും അറിയപ്പെടുന്ന ഗിന്നസ് പക്രു മലയാളത്തില്‍ എന്നപോലെ തമിഴ് സിനിമാരംഗത്തും ഇന്ന് സജീവമാണ്. 'അത്ഭുത ദ്വീപ്' എന്ന ചിത്രത്തിലെ അഭിനയത്തിന് കേരള സര്‍ക്കാറിന്റെ പ്രത്യേക പുരസ്‌ക്കാരം ലഭിച്ച പക്രുവിന് 'ഡിഷ്യും' എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിന് തമിഴ്‌നാട് സര്‍ക്കാറിന്റെ പ്രത്യേക പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്.

ഏറ്റവും ഉയരം കുറഞ്ഞ നിര്‍മ്മാതാവെന്ന ബഹുമതി നേടിക്കൊടുത്ത 'ഫാന്‍സി ഡ്രസ്സ്' എന്ന സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യുവാനുള്ള ആലോചനയിലാണ് ബഹുമതികളാല്‍ ഉയരം കൂടിയ ഈ കുഞ്ഞു മനുഷ്യന്‍.