• 02 Jul 2020
  • 11: 56 AM
Latest News arrow

അക്രമം ആഘോഷമാക്കി കല്‍ക്കി

കൊന്നും കൊലവിളിച്ചും കാല് അറത്തും കഴുത്ത് കണ്ടിച്ചും ചങ്ക് കുത്തിക്കീറിയും പരസ്പരം ഏറ്റുമുട്ടുന്ന നായകന്റെയും വില്ലന്റെയും കഥയാണ് കല്‍ക്കി. ധര്‍മ്മം ക്ഷയിച്ച് അധര്‍മ്മം പൂണ്ട് വിളയാടുന്ന കലിയുഗാന്ത്യത്തില്‍ മാലിന്യത്തെ, അതായത് അധര്‍മ്മത്തെ അകറ്റുവാന്‍ മഹാവിഷ്ണുവെടുക്കുന്ന പത്താമത്തെ അവതാരമാണ് പുരാണത്തിലെ കല്‍ക്കി. ഈ ആശയത്തില്‍ ഊന്നിയാണ് കല്‍ക്കിയെന്ന സിനിമയും കഥ പറയുന്നത്. 

തമിഴ്‌നാടും കേരളവും അതിര്‍ത്തി പങ്കിടുന്ന നഞ്ചന്‍കോട് എന്ന ഗ്രാമമാണ് പശ്ചാത്തലം. ഇവിടെയുണ്ടായിരുന്ന തമിഴരെ മുഴുവന്‍ ഭീഷണിപ്പെടുത്തിയും കൊന്നും ഇവരുടെ വസ്തുവകകള്‍ അഗ്നിക്കിരയാക്കിയും ആ നാട്ടില്‍ നിന്ന് പുറത്താക്കിയിട്ട് അവിടം കയ്യേറി വാഴുകയാണ് വില്ലനും കൂട്ടരും. സ്വന്തമായി തോക്ക് നിര്‍മ്മാണ ശാല വരെയുള്ള ഇവര്‍ സ്ഥലത്തെ ജനമൈത്രി പൊലീസ് സ്റ്റേഷന്‍ കയ്യടക്കി വെച്ചിരിക്കുകയാണ്. ഗുണ്ടകള്‍ രക്തം കൊണ്ട് ആറാട്ട് നടത്തുന്ന നഞ്ചന്‍കോട്ടില്‍ ധര്‍മ്മം പുന:സ്ഥാപിക്കാന്‍ എത്തുകയാണ് എസ്‌ഐയായ നായകന്‍. എന്നാല്‍ അക്രമത്തിലൂടെ തന്നെയാണ് നായകന്‍ ധര്‍മ്മസ്ഥാപനം നടത്തുന്നത്. 

വയലന്‍സിന്റെ അതിപ്രസരമാണ് സിനിമ മുഴുവന്‍. തിന്‍മയെ തിന്‍മ കൊണ്ട് നേരിടല്‍. ഉരുട്ടിക്കൊല കൊണ്ടും ദുര്‍നടപടികള്‍കൊണ്ടും കേരളത്തിലെ പൊലീസുകാര്‍ വിമര്‍ശനശരങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് ക്രൂരന്മാരായ കുറ്റവാളികളെ അതിക്രൂരമായി കൊന്നൊടുക്കുന്ന പൊലീസുകാര്‍ക്ക് സിനിമ വാഴ്ത്ത്പാട്ട് പാടുന്നത്. നിയമവാഴ്ചയെ ചവിട്ടിമെതിച്ചുകൊണ്ടാണ് എസ്‌ഐയും കൂട്ടരും സംഹാരതാണ്ഡവമാടുന്നത്. പുരാണകഥയുമായി കോര്‍ത്തിണക്കിയാണ് ഈ സിനിമയെ സമീപിക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ വലിയ പ്രശ്‌നമില്ല. അതല്ലെങ്കില്‍, സിനിമ പകരുന്നത് തെറ്റായ സന്ദേശമാണെന്ന് പറയേണ്ടി വരും. 

നഞ്ചങ്കോട്ട് പൂണ്ട് വിളയാടുന്ന ഗുണ്ടാസംഘത്തിന്റെ തലവന്‍മാരാണ് അമര്‍നാഥും അപ്പുവും ഡോ. സംഗീതയും സംഗീതയും അച്ഛനും. ഇവര്‍ ഡിവൈപി എന്ന രാഷ്ട്രീയപാര്‍ട്ടിയുണ്ടാക്കി പ്രദേശത്തെ രാഷ്ട്രീയ അധികാരവും കൈക്കലാക്കിയിട്ടുണ്ട്. എതിര്‍പാര്‍ട്ടിയില്‍ പെട്ടവരുടെ പ്രധാന അജണ്ടയെന്ന് പറയുന്നത്, ഇവരെ അധികാരഭ്രഷ്ടരാക്കി ഇവര്‍ ആട്ടിപ്പായിച്ച തമിഴരെ തിരിച്ച് നഞ്ചങ്കോട്ട് എത്തിക്കുക എന്നതാണ്. എന്നാല്‍ ആ പാര്‍ട്ടിയുടെ നേതാവിനെ തന്നെ ഡിവൈപിയ്ക്കാര്‍ കൊല്ലുന്നതോടെയാണ് സിനിമ തുടങ്ങുന്നത്. തുടര്‍ന്ന് ഈ പ്രദേശത്ത് നിയമവാഴ്ച എത്രമാത്രം ചവിട്ടിയരയ്ക്കപ്പെട്ടുവെന്ന് സിനിമ കാണിച്ചു തരുന്നു. ഗുണ്ടകള്‍ കയ്യേറിയ പൊലീസ് സ്റ്റേഷന്‍, ഒന്നും ചെയ്യാന്‍ കഴിയാതെ നിസ്സഹായരായി ഉള്ളില്‍ തിളയ്ക്കുന്ന രോഷം അടയ്ക്കിവെച്ച് സ്വയം നീറിപ്പുകയുന്ന പൊലീസുകാര്‍, ദുരിതക്കയത്തിലായ ജനങ്ങള്‍....എന്നിങ്ങനെ..

ഇത്തരമൊരു സാഹചര്യത്തിലേക്കാണ് സംഹാരമൂര്‍ത്തിയായ കല്‍ക്കിയായി എസ്‌ഐ (ടൊവീനോ തോമസ്) രംഗപ്രവേശനം ചെയ്യുന്നത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ ശത്രുസംഹാരമാണ് സിനിമ മുഴുവന്‍. അതായത് പ്രത്യേകിച്ച് കഥയൊന്നും സിനിമയ്ക്ക് പറയാനില്ല. തൂക്കിക്കൊന്നും നട്ടെല്ല് അടിച്ച് തകര്‍ത്തും കാല്‍ അറത്തും വയറ് കുത്തിക്കീറിയും അങ്ങിനെയങ്ങനെ എസ്‌ഐ സംഹാരതാണ്ഡവമാടുന്നു. 

സിനിമയുടെ ആദ്യഭാഗം നന്നായി രസം പിടിപ്പിച്ചിട്ടുണ്ട്. എഞ്ചിനീയറാകാന്‍ മോഹിച്ച് അവസാനം പൊലീസായി തീര്‍ന്ന ചെറുപ്പക്കാരന്റെയും അമ്മയുടെയും രംഗങ്ങള്‍ ഹൃദയസ്പര്‍ശിയായിരുന്നു. പൊലീസുകാരുടെ ആവേശവും പൊലീസ് സ്റ്റേഷനിലെയും ക്വാര്‍ട്ടേഴ്‌സിലെയും ചില രംഗങ്ങളും നന്നായി ചിരിപ്പിക്കുകയും ചെയ്തു. എസ്‌ഐയുടെ മാസ് രംഗങ്ങളും ത്രില്ലടിപ്പിക്കുന്നതായിരുന്നു. എന്നാല്‍ അധികമായാല്‍ മാസും മടുക്കും എന്ന് തെളിയിക്കുന്നതായിരുന്നു സിനിമയുടെ രണ്ടാം പകുതി.

മാസ് അക്രമത്തിന്റെ പര്യായമായി മാറുന്ന കാഴ്ചയാണ് അവിടെ പ്രേക്ഷകനായി കാത്തുവെച്ചിരുന്നത്. അക്രമങ്ങള്‍ കണ്ട് തലപെരുത്തിരിക്കുമ്പോള്‍ അതൊന്നു ബാലന്‍സ് ചെയ്യാനായിട്ടാവാം രാരീരോ എന്ന പാട്ടും ഇത്തിരി സ്‌നേഹപ്രകടനവും കാണിച്ചത്. പക്ഷേ അത് അത്ര ഏശിയില്ല. സൈജു കുറുപ്പും അപര്‍ണ നായരും തമിഴരും ചേര്‍ന്നുള്ള പാട്ടും വെള്ളത്തില്‍ വരച്ച വരപോലെയായി.

കഥയുടെ സാരാംശത്തെ മാറ്റി നിര്‍ത്തി, സാങ്കേതിക വശത്തിലൂടെ സമീപിച്ചാല്‍, വൃത്തിയായി എടുത്ത് ഒരു സിനിമയാണ് കല്‍ക്കി എന്ന് പറയാം. എന്താണോ സംവിധായകന്‍ പ്രവീണ്‍ പ്രഭാറാമും തിരക്കഥ രചിച്ചവരും ഉദ്ദേശിച്ചത് അത് കൃത്യമായി, പിശകുകളില്ലാതെ അവതരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. തീവ്രത ഒട്ടും ചോര്‍ന്ന്‌പോകാതെ അതിന്റെ അത്യുച്ചിയില്‍ കയറ്റി നിര്‍ത്തുന്നതായിരുന്നു ഓരോ രംഗങ്ങളും. ഗൗതം ശങ്കറിന്റെ ഛായാഗ്രഹണവും ജെയ്ക്‌സ് ബിജുവിന്റെ പശ്ചാത്തല സംഗീതവും ചേര്‍ന്നപ്പോള്‍ പ്രേക്ഷകര്‍ ത്രസിച്ച് പണ്ടാരമടങ്ങി. 

ടൊവിനോയ്ക്ക് മാസ് പരിവേഷം നല്‍കാനുള്ള ഒരു അവസരവും വിട്ടുകളഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ ശരീരപ്രകൃതി നന്നായി ഉപയോഗിച്ചിട്ടുണ്ട്. ലുക്കിലും മൊത്തം ഭാവത്തിലും തനി സിങ്കമായി മാറി ടൊവിനോ. അതേസമയം സംയുക്ത മേനോന്റെ ഡോ. സംഗീത എന്ന വില്ലത്തി കഥാപാത്രത്തിന്റെ ആകെ മൊത്തത്തില്‍ ഒരു വ്യക്തതക്കുറവുണ്ടായിരുന്നു. അവരുടെ മനോവിചാരം കൃത്യമായി രേഖപ്പെടുത്താന്‍ ക്ലൈമാക്‌സിനോട് അടുത്ത രംഗങ്ങള്‍ക്ക് കഴിയാതെ പോയി. ടൊവിനോയുടെ എസ്‌ഐയ്ക്ക് ഒത്ത വില്ലനായിരുന്നു ശിവജിത്തിന്റെ അമര്‍നാഥ് എന്ന കഥാപാത്രം. ശരീരഘടനയിലും സംഭാഷണങ്ങളിലും ശിവജിത്ത് ഉശിരന്‍ വില്ലനായി. മറ്റു അഭിനേതാക്കളും തങ്ങളുടെ വേഷങ്ങള്‍ നന്നായി ചെയ്തു.

ദുഷ്ടരെ നിഗ്രഹിച്ച് നാട്ടില്‍ ധര്‍മ്മം പുന:സ്ഥാപിക്കുന്ന കല്‍ക്കി എന്ന അവതാരത്തെ ഒരു ആശയമായി ഉള്‍ക്കൊണ്ടാണ് കല്‍ക്കി എന്ന സിനിമയ്ക്ക് ആധാരം പണിതത്. എന്നാല്‍ ദുഷ്ടര്‍ ചെയ്യുന്ന അതേ ക്രൂരതകള്‍ ചെയ്ത് ദുഷ്ടരെ കീഴ്‌പ്പെടുത്തുക എന്നത് ആരിലും ചതുര്‍ത്തിയുളവാക്കുമെന്നതില്‍ സംശയമില്ല. 

പുകയ്ക്കാന്‍ തീ  ചോദിക്കുന്നവനെ ജീവനോടെ കത്തിക്കുകയും മാല മോഷ്ടിച്ചവനെ ഉരുട്ടുകയും കച്ചവടക്കാരനെ മര്‍ദ്ദിച്ചവനെ തൂക്കിക്കൊല്ലുകയും ഒരു കാലെടുത്തവന്റെ രണ്ട് കാലെടുക്കുകയും കഴുത്തറത്തവന്റെ വയറ് കുത്തിക്കീറുകയും ചെയ്യുന്ന എസ്‌ഐയെ വീരനാക്കുന്ന ഈ സിനിമ ഏത് ധര്‍മ്മം പുന:സ്ഥാപിക്കാനാണ് ശ്രമിക്കുന്നതെന്ന് ചിന്തിക്കാന്‍ ശേഷിയുള്ളവര്‍ ചിന്തിക്കട്ടെ...

Editors Choice