• 18 Sep 2019
  • 11: 14 AM
Latest News arrow

'ജല്ലിക്കെട്ട്' ടൊറന്റോ മേളയിലേക്ക്; ചലച്ചിത്രപ്രേമികൾക്ക് പ്രതീക്ഷകൾ നൽകി ലിജോയും സംഘവും

പ്രേക്ഷകശ്രദ്ധ നേടിയതിനൊപ്പം തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ട 'ഈ.മ.യൗ' വിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം 'ജല്ലിക്കെട്ട്' ടൊറന്റോ ഫിലിം ഫെസ്റ്റിവലിലേക്ക് പ്രവേശനം നേടി. ടൊറന്റോ ഫിലിം ഫെസ്റ്റിവലിലെ കണ്ടംപററി വേള്‍ഡ് സിനിമ വിഭാഗത്തിലാണ് 'ജല്ലിക്കെട്ട്'  പ്രദര്‍ശിപ്പിക്കുക. സെപ്റ്റംബര്‍ 5 മുതല്‍ 15 വരെ നടക്കുന്ന മേളയില്‍ 108 സിനിമകളാണ് ഈ വിഭാഗത്തിലുള്ളത്. 'എ ബോള്‍ഡ് ന്യൂ വോയ്‌സ് ഇന്‍ മലയാളം സിനിമ' എന്നാണ് ചിത്രത്തെ പറ്റി ഫെസ്റ്റിവലിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ പറഞ്ഞിരിക്കുന്നത്. ലോകപ്രശസ്ത ചലച്ചിത്ര മേളയായ ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ നിരവധി ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ മുമ്പ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

എസ്.ഹരീഷിന്റെ 'മാവോയിസ്റ്റ്' എന്ന കഥയില്‍ നിന്നും ആശയമുൾക്കൊണ്ട് എസ്.ഹരീഷും കെ.പി.ജയകുമാറുമാണ് ജെല്ലിക്കെട്ടിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിനായകന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് എന്നിവരടക്കം വമ്പന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. സാബുമോന്‍, ജാഫര്‍ ഇടുക്കി, ശാന്തി ബാലചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം നൂറിലധികം പുതുമുഖങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. 

ഗുഹാമനുഷ്യന്റെ വേഷത്തിലുള്ള ചെമ്പന്‍ വിനോദിന്റെ ചിത്രം  ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഒരു ഉള്‍ഗ്രാമത്തില്‍ നിന്നും പോത്ത് രക്ഷപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' എന്ന ചിത്രത്തിന് ശേഷം വിനായകനും, ചെമ്പന്‍ വിനോദും, ആന്റണി വര്‍ഗീസും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ജല്ലിക്കെട്ടി'നുണ്ട്. 

ഗിരീഷ് ഗംഗാധരന്‍ ഛായഗ്രണം നിര്‍വ്വഹിച്ച 'ജല്ലിക്കെട്ടി'ന്റെ നിര്‍മ്മാതാവ് ഒ. തോമസ് പണിക്കരാണ്. 'ജല്ലിക്കെട്ടി'ന്റെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പ്രശസ്ത സംവിധായകന്‍ അനുരാഗ് കശ്യപ് ഉള്‍പ്പെടെ സിനിമാ രംഗത്തെ നിരവധി പ്രമുഖര്‍ ലിജോ ജോസ് പെല്ലിശ്ശേരിക്ക് അഭിനന്ദന പ്രവാഹവുമായി സാമൂഹ്യമാദ്ധ്യമങ്ങളില്‍ നേരത്തെ തന്നെ സജീവമായിരുന്നു. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.