• 18 Sep 2019
  • 10: 44 AM
Latest News arrow

പക്ഷികളുടെ പണി; ചോളപ്പാടത്ത് വിമാനമിറക്കി

മോസ്‌കോയിലെ സുകോവ്സ്കി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒരു കിലോമീറ്ററിനപ്പുറം ചോളപ്പാടങ്ങളാണ്. കഴിഞ്ഞദിവസം പാടത്ത് പണിയെടുക്കുന്നവർ കണ്ടത് പൂത്തുനിൽക്കുന്ന ചോളപ്പാടത്ത് പറന്നിറങ്ങുന്ന ഒരു വിമാനത്തെയാണ്! വിമാനം പാടത്തിറങ്ങുന്നതും അതിൽ നിന്നും ആളുകൾ ഇറങ്ങി നാലുപാടും ഓടുന്നതും അവർ അത്ഭുതത്തോടെ കണ്ടു.

മോസ്‌കോയിലെ സുകോവ്സ്കി വിമാനത്താവളത്തിൽ നിന്നും ക്രിമിയൻ പെനിൻസുലയിലെ സിംഫെറോഫോളിലേക്ക് 236 യാത്രക്കാരുമായി പറന്നുയർന്ന ഉറാൽ എയർലൈൻസിന്റെ എയർബസ് എ-321  വിമാനമാണ് യന്ത്രത്തകരാറുമൂലം പാടത്ത് പറന്നിറങ്ങിയത്. പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ കടൽപ്പക്ഷിക്കൂട്ടത്തിലിടിച്ചതാണ് വിമാനം പാടത്തിറക്കാന്‍ കാരണമായത്.

സംഭവത്തിൽ അഞ്ചു കുട്ടികളടക്കം 23 യാത്രക്കാര്‍ക്ക് പരിക്കേറ്റുവെന്നും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും റഷ്യൻ വാർത്താ ഏജൻസിയായ 'ടാസ്'  റിപ്പോർട്ട് ചെയ്തു.

''പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ വിമാനം ഇളകി. വലതുവശത്ത് വെളിച്ചം വന്നു. കരിയുന്ന ഗന്ധവുമുണ്ടായി. ഉടന്‍ വിമാനം പറന്നിറങ്ങി. ഞങ്ങള്‍ ഇറങ്ങിയോടി'' - ഒരു യാത്രക്കാരൻ പറഞ്ഞു.

41 കാരനായ ഡാമിർ യൂസപ്പോവ് എന്ന പൈലറ്റിന്റെ ധൈര്യമാണ് വൻ ദുരന്തത്തിൽ നിന്നും യാത്രക്കാരെ രക്ഷിച്ചത്. വിമാനത്തിന്‍റെ പൈലറ്റ് ഹീറോയാണെന്നും സമയോചിതമായ നടപടിയില്‍ 236 പേരുടെ ജീവനാണ് രക്ഷപ്പെട്ടതെന്നും അധികൃതർ പറഞ്ഞു.