• 28 Sep 2023
  • 01: 35 PM
Latest News arrow

ഭിന്നശേഷിക്കാർക്കുള്ള ടി20 ലോക ക്രിക്കറ്റ് സീരീസ് കിരീടം ഇന്ത്യയ്ക്ക്; മലയാളി അനീഷ് രാജന്റെ മികച്ച പ്രകടനം

ലണ്ടന്‍: ഭിന്നശേഷിക്കാര്‍ക്കായി ഇതാദ്യമായി സംഘടിപ്പിക്കപ്പെട്ട ടി20 ലോക ക്രിക്കറ്റ് സീരീസില്‍ ഇന്ത്യ കിരീടം നേടി. ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ 36 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടനേട്ടം കൈവരിച്ചത്. സെമിയില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്.

ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റിന് 180 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 144 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്കുവേണ്ടി മധ്യനിര ബാറ്റ്സ്മാനായ ആര്‍.ഡി സാന്റെ 34 പന്തില്‍ 53 റണ്‍സ് നേടി. ഓപ്പണര്‍ കെ.ഡി. ഫനാസി(36), വിക്രാന്ത് കെനി(29), എസ്. മഹേന്ദ്രന്‍(33) എന്നിവരും മികച്ചുനിന്നു.  ഇംഗ്ലണ്ടിനുവേണ്ടി ലിയാം ഒബ്രിയന്‍ 35 റണ്‍സ് നല്‍കി 2 വിക്കറ്റുവീഴ്ത്തി. ഇംഗ്ലണ്ടിനുവേണ്ടി  എ.ജി. ബ്രൗണ്‍ (44) ടോപ്സ്കോററായി. ഫ്ളിന്‍ 28 റണ്‍സ് നേടി.

ഇന്ത്യയ്ക്കായി ഫനാസിയും എസ്. ഗോയലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മലയാളിയായ ഇടം കൈയന്‍ സ്പിന്നര്‍ അനീഷ് രാജനും മികച്ച പ്രകടനം കാഴ്ചവെച്ചു. ഒരു വിക്കറ്റെടുത്ത അനീഷ് രണ്ട് റണ്ണൗട്ടുകളിലും  പങ്കാളിയായി.