• 19 Feb 2020
  • 11: 21 AM
Latest News arrow

കവളപ്പാറയിലെ കണ്ണീര്‍കയത്തിലും മതമൈത്രിയുടെ പൊന്‍തുരുത്ത്

മലപ്പുറം ജില്ലയില്‍ നിലമ്പൂരിന്നടുത്ത കവളപ്പറയില്‍ രാജ്യത്തെ നടുക്കിയ പ്രകൃതിദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട 59 പേരില്‍ 33  പേരുടെ മൃതദേഹം കണ്ടെത്തുകയും 26 പേരെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തുകയും ചെയ്യുന്ന അതിദാരുണമായ വാര്‍ത്തകള്‍ക്കിടയില്‍ മാനവികതയുടെയും മനുഷ്യസ്‌നേഹത്തിന്റെയും ആഴവും പരപ്പും വെളിപ്പെടുത്തിയ ഒരു കഥകൂടി ഉള്‍പ്പുളകമുണ്ടാക്കുന്നതാണ്. കണ്ടെത്തിയ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ അകലെയുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ പ്രയാസപ്പെട്ട സന്നദ്ധസേവകര്‍ക്ക് സഹായകമായി സ്ഥലത്തെ പോത്തുക്കൽ അങ്ങാടിയിലെ  ജുമാ മസ്ജിദിൽ  പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ അനുവദിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് എത്തിയ മൃതദേഹങ്ങൾ പല മതക്കാരുടേതുമായിരുന്നു- സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ.

കേന്ദ്ര സര്‍ക്കാരും സര്‍ക്കാറിനെ നിയന്ത്രിക്കുന്ന പാര്‍ട്ടിയും   അകാരണമായും അനവസരത്തിലും മുസ്ലിം സമൂഹത്തില്‍ സൃഷ്ടിച്ച ആശങ്കയുടെയും ഭയത്തിന്റെയും പശ്ചാത്തലത്തില്‍,  മുസ്ലിംസഹോദരങ്ങള്‍ ദുരന്ത ഭൂമിയില്‍ പ്രകടിപ്പിച്ച ഈ മനുഷ്യത്വത്തിന്റെ മഹത്വം സമൂഹം വേണ്ടവിധം തിരിച്ചറിഞ്ഞുവോ എന്ന് വ്യക്തമല്ല. എന്തായാലും പള്ളിക്കമ്മറ്റി കാട്ടിയ അത്യപൂര്‍വ്വമായ മാതൃക സമൂഹത്തിന്റെ കണ്ണുതുറപ്പിക്കുമെന്ന് തീര്‍ച്ച. 

ദുരിതബാധിതര്‍ക്കായി ആരാധനാലയങ്ങള്‍ സൗകര്യപ്പെടുത്താറുള്ള അനുഭവം ആദ്യത്തേതല്ല. പക്ഷെ ഡോക്ടര്‍മാര്‍ക്ക്   മൃതദേഹങ്ങള്‍ പരിശോധിക്കാന്‍ പോസ്റ്റ്മോര്‍ട്ടം  ടേബിൾ ഒരുക്കുന്നത് നടാടെയാണ്.  കണ്ടത്തിയ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാൻ താല്‍ക്കാലിക സൗകര്യം അന്വേഷിച്ചു നടന്നവരോട്  "വിഷമിക്കേണ്ട നമ്മുടെ പള്ളിയുണ്ടല്ലൊ..." എന്ന് പള്ളിക്കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞുവത്രെ.  സ്ത്രീകള്‍ നിസ്‌ക്കരിക്കുന്ന ഹാള്‍  ഇതിന്നായി തുറന്നു കൊടുത്തു. മദ്രസയിലെ കുട്ടികളുടെ പഠനമേശകളിലാണ് പരിശോധന നടന്നത്.   ഇതേപ്പറ്റി പള്ളിക്കമ്മറ്റി പ്രസിഡന്റ് മുഹമ്മദ് അബ്ദുറഹിമാന്റെ പ്രതികരണം ഒരു മാദ്ധ്യമത്തില്‍ വന്നതിങ്ങിനെ:   "ഭൂമിയിലുള്ളവരോട് കരുണകാണിക്കാനാണ് മതം ആഹ്വാനം ചെയ്യുന്നത്."

വയനാട് - കര്‍ണ്ണാടക അതിർത്തിയിലുള്ള  പൊന്‍കുഴി ശ്രീരാമസ്വാമി ക്ഷേത്രത്തിനും ഇതുപോലൊരു മത സൗഹാര്‍ദ്ദത്തിന്റെ കഥ പറയാനുണ്ട്. വെള്ളം പൊങ്ങി ക്ഷേത്രവും പരിസരവും ചളി നിറഞ്ഞപ്പോള്‍  വൃത്തിയാക്കാന്‍ എത്തിയത് മുസ്ലിം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിലുള്ള വൈറ്റ്ഗാര്‍ഡ് വളണ്ടിയര്‍മാരായിരുന്നുവത്രെ.

സന്നിഗ്ദ്ധഘട്ടങ്ങളില്‍ കേരളീയരുടെ മതേതര കാഴ്ചപ്പാടിന്റെയും സമുദായ സൗഹാര്‍ദ്ദത്തിന്റെയും സുവര്‍ണ്ണരേഖകള്‍ കാണാന്‍ സാധിച്ച നിരവധി ഉദാഹരണങ്ങളില്‍ ചിലതാണ് കവളപ്പാറയിലേതും പൊന്‍കുഴിയിലേതും.