'ടീം ഇന്ത്യ'യുടെ മുഖ്യ പരിശീലകൻ രവി ശാസ്ത്രി തന്നെ; കണക്കിലെടുത്തത് 5 മാനദണ്ഡങ്ങള്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിലവിലെ പരിശീലകന്‍ രവി ശാസ്ത്രി തുടരും. കപില്‍ദേവിന്റെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് ഉപദേശകസമിതിയാണ് രവിശാസ്ത്രിയെ വീണ്ടും തിരഞ്ഞെടുത്തത്. 2021-ലെ ടി20 ലോകകപ്പ് വരെ രണ്ട് വര്‍ഷത്തേക്കാണ് നിയമനം. അഞ്ചുപേരെ അഭിമുഖം നടത്തിയാണ് രവിശാസ്ത്രിയെ തിരഞ്ഞെടുത്തത്.
ചുരുക്കപ്പട്ടികയിലുണ്ടായിരുന്ന ആറുപേരില്‍ വെസ്റ്റ് ഇൻഡീസിന്റെ മുൻ ഓപ്പണർ ഫില്‍ സിമണ്‍സ് പിന്‍മാറിയിരുന്നു. തുടർന്ന് ഐപിഎല്ലിലെ ഹൈദരാബാദ് ടീമിന്റെ മുന്‍ കോച്ചും ഓസ്‌ട്രേലിയന്‍ മുന്‍ താരവുമായ ടോം മൂഡി, ന്യൂസിലന്‍ഡിന്റെയും ഐപിഎല്ലിലെ പഞ്ചാബ് ടീമിന്റെയും പരിശീലകനായിരുന്ന മൈക്ക് ഹെസന്‍, 2007ലെ ലോക ടി20 വിജയിച്ച ഇന്ത്യന്‍ ടീമിന്റെ മാനേജര്‍ ആയിരുന്ന ലാല്‍ചന്ദ് രജ്പുത്, മുന്‍ ഇന്ത്യന്‍ താരം റോബിന്‍ സിംഗ് എന്നിവരാണ് അന്തിമ പട്ടികയിലുണ്ടായിരുന്നത്. സ്കൈപ്പ് വീഡിയോ വഴിയാണ് രവി ശാസ്ത്രിയും ടോം മൂഡിയും അഭിമുഖത്തില്‍ പങ്കെടുത്തത്. റോബിന്‍ സിംഗ്, ലാല്‍ചന്ദ് രജ്പുത്, മൈക് ഹെസന്‍ എന്നിവര്‍ അഭിമുഖത്തിന് നേരിട്ടെത്തി.
കഴിഞ്ഞ ഏകദിന ലോകകപ്പോടെ രവി ശാസ്ത്രിയുടെ കരാര്‍ അവസാനിച്ചിരുന്നുവെങ്കിലും വെസ്റ്റ് ഇന്‍ഡീസ് പര്യടനം പൂര്‍ത്തിയാവുന്നതുവരെ 45 ദിവസത്തേക്ക് കരാര്‍ നീട്ടിനൽകുകയായിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലിയുടെ പിന്തുണയും രവി ശാസ്ത്രിക്കായിരുന്നു. ശാസ്ത്രി തന്നെ കോച്ചായി വന്നാല്‍ സന്തോഷമെന്ന് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് തിരിക്കുന്നതിന് മുമ്പ് കോലി പ്രതികരിച്ചിരുന്നു. കോലിക്ക് അദ്ദേഹത്തിന്റെ അഭിപ്രായം പറയാനുള്ള അവകാശമുണ്ടെനന്നായിരുന്നു കപിൽ അന്ന് പറഞ്ഞത്. എന്നാല്‍ ക്യാപ്റ്റന്‍ പറയുന്ന അഭിപ്രായം പരിഗണിക്കില്ലെന്നായിരുന്നു ഉപദേശകസമിതിയിലെ മറ്റൊരു അംഗമായിരുന്ന അന്‍ഷുമാന്‍ ഗെയ്ക്‌വാദിന്റെ പ്രതികരണം. കപില്‍ ദേവിന് പുറമെ അന്‍ഷുമാന്‍ ഗെയ്ക്‌വാദ്, ശാന്ത രംഗസ്വാമി എന്നിവരാണ് ഉപദേശക സമിതിയിലുള്ളത്.
എന്നാൽ, ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി രവി ശാസ്ത്രിയെ വീണ്ടും നിയമിച്ചപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭിപ്രായം തേടിയിട്ടില്ലെന്ന് ബിസിസിഐ ഉപദേശകസമിതി അധ്യക്ഷനായ കപില്‍ ദേവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ക്യാപ്റ്റന്റെ മാത്രം അഭിപ്രായം ആരായാനാവില്ലെന്നും അങ്ങനെയാണെങ്കില്‍ ടീം അംഗങ്ങളുടെ മുഴുവന്‍ അഭിപ്രായം എടുക്കേണ്ടിവരുമെന്നും കപില്‍ പറഞ്ഞു
"ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകനെ തെരഞ്ഞെടുക്കുക എന്നത് എളുപ്പമായിരുന്നില്ല. പരിശീലകസ്ഥാനത്തിനായി ശക്തമായ മത്സരമാണുണ്ടായത്. അഭിമുഖം പൂര്‍ത്തിയായപ്പോള്‍ മുന്‍ ഓസീസ് താരം ടോം മൂഡി മൂന്നാം സ്ഥാനത്തും ന്യൂസിലന്‍ഡ് മുന്‍ പരിശീലകന്‍ മൈക് ഹെസന്‍ രണ്ടാമതും രവി ശാസ്ത്രി ഒന്നാമതുമെത്തി."- കപില്‍ ദേവ് പറഞ്ഞു.
"രവി ശാസ്ത്രിയെ നിലനിര്‍ത്താന്‍ തീരുമാനിച്ചത് പ്രധാനമായും അഞ്ച് മാനദണ്ഡങ്ങള്‍ കണക്കിലെടുത്താണ്. കോച്ചിംഗ് ഫിലോസഫി, പരിശീലകനെന്ന നിലയിലുള്ള പരിചയം, പരിശീലകനെന്ന നിലയിലുള്ള നേട്ടങ്ങള്‍, ആശയവിനിമയശേഷി, ആധുനിക കോച്ചിംഗ് സങ്കേതങ്ങളെക്കുറിച്ചുള്ള അറിവ് എന്നിങ്ങനെ അഞ്ച് കാര്യങ്ങളാണ് ഇന്ത്യന്‍ പരിശീലകനെ തെരഞ്ഞെടുക്കാന്‍ മാനദണ്ഡമാക്കിയത്." കപില്‍ ദേവ് വ്യക്തമാക്കി.
"ഈ മാനദണ്ഡങ്ങളില്‍ ഏറ്റവും മികച്ചതിന് 20 മാര്‍ക്കും മികച്ചതിന് 10 മാര്‍ക്കും, ശരാശരിക്ക് 10 മാര്‍ക്കും മോശം എന്നാണെങ്കില്‍ അഞ്ച് മാര്‍ക്കുമാണ് നല്‍കിയത്. അഭിമുഖം നടക്കുമ്പോള്‍ ഉപദേശക സമിതി അംഗങ്ങള്‍ പരസ്പരം ആശയവിനിമയം നടത്തിയല്ല മാര്‍ക്കുകള്‍ നല്‍കിയത്. എന്നാല്‍ ആറ് മണിക്കൂര്‍ നീണ്ട അഭിമുഖം പൂര്‍ത്തിയായശേഷം ഓരോരുത്തരും നല്‍കിയ മാര്‍ക്കുകള്‍ കൂട്ടി നോക്കി. പങ്കെടുത്ത അഞ്ചുപേരില്‍ രവി ശാസ്ത്രിക്കാണ് ഏറ്റവുമധികം മാര്‍ക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ മുന്‍ ന്യൂസിലന്‍ഡ് പരിശീലകന്‍ മൈക് ഹെസ്സനും ഒന്നാം സ്ഥാനത്തെത്തിയ രവി ശാസ്ത്രിയും തമ്മില്‍ നേരിയ വ്യത്യാസം മാത്രമാണുണ്ടായിരുന്നത്. അത് ഞങ്ങളെ അത്ഭുതപ്പെടുത്തി. ആശയ വിനിമയത്തിലും പരിശീലകനെന്ന നിലയിലുള്ള നേട്ടങ്ങളിലുമാണ് മൂന്നാം സ്ഥാനത്തെത്തിയ ടോം മൂഡിയും രണ്ടാം സ്ഥാനത്തെത്തിയ മൈക് ഹെസ്സനും അല്‍പം പുറകിലായത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ എന്തൊക്കെ ചെയ്തു, ഇനി എന്തൊക്കെ ചെയ്യുമെന്നതായിരുന്നു ശാസ്ത്രിയുടെ പ്രസന്റേഷന്റെ ഊന്നൽ."- കപിൽ ദേവ് വിശദീകരിച്ചു.
"നിലവിലെ സിസ്റ്റവുമായും കളിക്കാരുമായും ഇഴുകിച്ചേര്‍ന്ന ശാസ്ത്രിയെ സംബന്ധിച്ചിടത്തോളം കളിക്കാരുമായുള്ള ആശയവിനിമയം എളുപ്പമുള്ള കാര്യമാണ്. കളിക്കാരെ നല്ലപോലെ മനസിലാക്കാനുമാവും. എന്നാല്‍ പുതിയ ഒരാള്‍ക്ക് എല്ലാം ഒന്നില്‍ നിന്ന് തുടങ്ങേണ്ടിവരുമെന്നതും പ്രധാനഘടകമായി."- ഉപദേശക സമിതി അംഗമായ അന്‍ഷുമാന്‍ ഗെയ്‌ക്‌വാദ് വ്യക്തമാക്കി.
2017-ല്‍ അനില്‍ കുംബ്ലേയ്ക്ക് പകരം ചുമതലയേറ്റ ശാസ്ത്രിക്ക് കീഴില്‍ ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിയത്. ഇക്കാലയളവില്‍ 21 ടെസ്റ്റുകളില്‍ കളിച്ചപ്പോള്‍ 13 എണ്ണവും ഇന്ത്യ ജയിച്ചു. 60 ഏകദിനങ്ങളില്‍ 43 എണ്ണവും 36 ടി20കളില്‍ 25 എണ്ണവും ഇന്ത്യ വിജയിക്കുകയുണ്ടായി.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ