• 18 Sep 2019
  • 11: 11 AM
Latest News arrow

വിവാദ ഡിഐജി ഓഫീസ് മാര്‍ച്ച്: സി.പി.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍; പ്രതികാരനടപടിയെന്ന് സി.പി.ഐ

കൊച്ചി: ഡിഐജി ഓഫീസിലേക്ക് സിപിഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനിടെ പോലീസുകാരനെ അക്രമിച്ച സംഭവത്തില്‍ ഒരു പ്രവര്‍ത്തകന്‍ അറസ്റ്റില്‍. സിപിഐ ലോക്കല്‍ കമ്മിറ്റിയംഗം അന്‍സാര്‍ അലിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അന്‍സാര്‍ അലിയ്‌ക്കെതിരെ കേസെടുത്തത്.

എറണാകുളം അസിസ്റ്റന്‍ഡ് കമ്മീഷണര്‍ കെ. ലാല്‍ജിയെ അക്രമിച്ചതിനാണ് സിപിഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തത്. മാര്‍ച്ചിനിടെ പോലീസിനെ ആക്രമിച്ചതില്‍  എല്‍ദോ എബ്രഹാം എംഎല്‍എയടക്കം 300 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏല്‍പ്പിച്ചു എന്നതാണ് ജാമ്യമില്ലാ വകുപ്പായി ചുമത്തിയിരിക്കുന്നത്. പൊതുമുതലിന് നാശനഷ്ടമുണ്ടാക്കിയതിനും കേസുണ്ട്. 

മാര്‍ച്ചിനിടയില്‍ എല്‍ദോ എബ്രഹാം എംഎല്‍എയ്‌ക്കെതിരെ ലാത്തിച്ചാര്‍ജ് നടത്തിയ സംഭവത്തില്‍ സെന്‍ട്രല്‍ എസ്.ഐക്കെതിരെ നേരത്തെ നടപടിയെടുത്തിരുന്നു.

അതേസമയം, ലാത്തിച്ചാര്‍ജ് വിവാദവുമായി ബന്ധപ്പെട്ട് സിപിഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തത് പൊലീസിന്‍റെ പ്രതികാരനടപടിയാണെന്ന് പാര്‍ട്ടി എറണാകുളം ജില്ലാ സെക്രട്ടറി പി രാജു ആരോപിച്ചു.

"എസ് ഐ വിപിന്‍ദാസിനെ സസ്പെന്‍റ് ചെയ്തതിലുള്ള പ്രതികാരമാണ് പൊലീസ് നടപ്പാക്കുന്നത്. നടപടിക്രമങ്ങള്‍ പാലിച്ചല്ല അറസ്റ്റ്. സിപിഐ വാഴക്കുളം ലോക്കല്‍ കമ്മിറ്റിയംഗം അന്‍സാര്‍ അലിയെയാണ് പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഇത് കള്ളക്കേസാണ്. കൊച്ചി എസിപിയെ സിപിഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിട്ടില്ല.  എസ് ഐ വിപിന്‍ ദാസ് തെറ്റുകാരനാണ്. അയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ പാടില്ല. പൊലീസ് നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കും"-  പി രാജു പറഞ്ഞു.