• 18 Sep 2019
  • 10: 54 AM
Latest News arrow

പുത്തുമലയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി; 5 പേര്‍ ഇപ്പോഴും മണ്ണിനടിയില്‍

പ്രളയക്കെടുതി പരിശോധിക്കാന്‍ കേന്ദ്രസംഘം കേരളത്തിലെത്തും

കല്‍പ്പറ്റ: കനത്ത മഴയെത്തുടര്‍ന്ന്  ഉരുള്‍പൊട്ടലുണ്ടായ വയനാട് പുത്തുമലയില്‍നിന്നും ഒരു മൃതദേഹം കൂടി ഇന്ന് (തിങ്കളാഴ്ച) കണ്ടെടുത്തു. ഏലവയലിന് സമീപത്ത് നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ  പുത്തുമലദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി. ഇനിയും അഞ്ച് മൃതദേഹങ്ങൾ കണ്ടെത്താനുണ്ട്‌.

അതിനിടെ, ഞായറാഴ്ച കണ്ടെത്തിയ മൃതദേഹം ആരുടേതെന്നറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും. കാണാതായ പുത്തുമല സ്വദേശി അണ്ണയ്യയുടേയും പൊള്ളാച്ചി സ്വദേശി ഗൗരീശങ്കറിന്റെയും ബന്ധുക്കള്‍ മൃതദേഹത്തില്‍ അവകാശവാദമുന്നയിച്ചതോടെയാണ് ഡിഎന്‍എ പരിശോധന നടത്താന്‍ തീരുമാനിച്ചത്.

അതേസമയം, സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതി പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാർ നിയോഗിച്ച വിദഗ്ദ്ധ സംഘം കേരളത്തിലെത്തും. സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷമായിരിക്കും സംസ്ഥാനത്തിന് ധനസഹായം നല്‍കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടെടുക്കുക. എന്നാല്‍ എന്നാണ് കേന്ദ്രസംഘം പരിശോധനയ്ക്ക് എത്തുകയെന്ന കാര്യത്തില്‍ വ്യക്തതയില്ല.