• 18 Sep 2019
  • 10: 50 AM
Latest News arrow

പുത്തുമലയിലെ തെരച്ചില്‍ അവസാനിപ്പിച്ചു, ഇനി തെരച്ചില്‍ സംഘം സൂചിപ്പാറയിലേക്ക്

നിലമ്പൂര്‍: മലപ്പുറം കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും ഉരുള്‍പൊട്ടല്‍ അപകടത്തില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും. കവളപ്പാറയില്‍ നിന്ന് ഇതുവരെ 46 മൃതദേഹങ്ങളാണ് ലഭിച്ചത്. ഇനി 13 പേരെക്കൂടി കണ്ടെത്താനുണ്ട്. ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും ഫയര്‍ഫോഴ്സും സന്നദ്ധ സംഘടന പ്രവര്‍ത്തകരുമാണ് തെരച്ചില്‍ നടത്തുന്നത്. ഇന്നലെ രാവിലെ മുതല്‍ വൈകുന്നേരം വരെ തെരച്ചില്‍ നടത്തിയിട്ടും ആരേയും കണ്ടത്താന്‍ കഴിഞ്ഞിരുന്നില്ല.

പുത്തുമലയില്‍ അപകടത്തില്‍പ്പെട്ട അഞ്ചു പേരെക്കൂടി ഇനിയും കണ്ടെത്താനുണ്ട്. പുത്തുമലയില്‍ തിരച്ചില്‍ പൂര്‍ണമായും അവസാനിപ്പിച്ച് സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്താണ് ഇപ്പോള്‍ തെരച്ചില്‍ നടത്തുന്നത്. ദുരന്തമേഖലയില്‍ നിന്ന് 6 കിലോമീറ്റര്‍ അകലെയാണ് സൂചിപ്പാറ. കഴിഞ്ഞ രണ്ട് ദിവസവും ഈ മേഖലയില്‍ നിന്ന് മൃതദേഹങ്ങള്‍ കിട്ടിയിരുന്നു. അപകടത്തില്‍പ്പെട്ടവര്‍ മലവെള്ളപ്പാച്ചിലില്‍ സൂചിപ്പാറയില്‍ എത്തിയേക്കാം എന്ന സംശയത്തെ തുടര്‍ന്നാണ് ഇവിടെ തെരച്ചില്‍ നടത്തുന്നത്. ഭൂഗര്‍ഭ റഡാര്‍ (ജിപിആര്‍) ഉപയോഗിച്ചുള്ള തെരച്ചില്‍ പുത്തുമലയിലും വിജയിച്ചിരുന്നില്ല.