• 18 Sep 2019
  • 10: 44 AM
Latest News arrow

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി; മരണം 80 കടന്നു

ഹരിദ്വാര്‍: ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും പ്രളയത്തിന്റെ പിടിയിലാണ്. പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 80 കടന്നു. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും പഞ്ചാബിലും മഴ തുടരുകയാണ്. ജമ്മു കശ്മീർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളും മഴക്കെടുതി നേരിടുകയാണ്. യമുനയിൽ ജലനിരപ്പ് ഉയർന്നതോടെ ഹരിയാന ,ദില്ലി സംസ്ഥാനങ്ങളും ജാഗ്രതയിലാണ്.

ഉത്തരാഖണ്ഡിൽ ഗംഗ, അളകനന്ദ, മന്ദാകിനി എന്നീ നദികൾ കരകവിഞ്ഞത് ജനജീവിതം സ്തംഭിപ്പിച്ചു. ഉത്തരാഖണ്ഡിൽ ഇന്നലെ മാത്രം  12 പേരാണ്  മഴക്കെടുതിയിൽ മരിച്ചത്. പ്രളയക്കെടുതി നേരിടാൻ അടിയന്തര സഹായം ഉത്തരാഖണ്ഡ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

ഹിമാചൽ പ്രദേശിൽ  റോഡ് ഗതാഗതം താറുമാറായി. മണ്ണിടിച്ചിലിനെ തുടർന്ന് വിനോദസഞ്ചാരികൾ ഉൾപ്പെടെ പലയിടങ്ങളിലും കുടുങ്ങി. ഗതാഗതം തടസ്സപ്പെട്ട ഇടങ്ങളിൽ   താൽക്കാലിക റോഡ് നിർമ്മിച്ചാണ് ആളുകളെ പുറത്ത് എത്തിക്കുന്നത്. ഹിമാചൽ ലാഹോൽ താഴ്വരയിലെ സിസ്സുവിൽ കുടുങ്ങിയ മലയാളികളുടെ സംഘം സുരക്ഷിതരായി 90 കിലോമീറ്റർ അകലെയുള്ള മണാലിയിൽ എത്തി. 570 കോടി രൂപയുടെ നഷ്ടമാണ് ഹിമാചൽ പ്രദേശിൽ മാത്രം ഈ മഴക്കെടുതിയിൽ ഉണ്ടായത്.

പഞ്ചാബിൽ 250 ഗ്രാമങ്ങളിൽ വെള്ളംകയറി. പ്രളയം നേരിടാൻ നൂറു കോടി രൂപ  സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു.