• 18 Sep 2019
  • 10: 37 AM
Latest News arrow

യു.എന്‍.എ അഴിമതിക്കേസ്: പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) അഴിമതിക്കേസില്‍ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കണമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആരോപണവിധേയനായ ജാസ്മിന്‍ ഷാ നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി ഇക്കാര്യം നിര്‍ദേശിച്ചത്. പ്രത്യേക അന്വേഷണസംഘം വേണമെന്നും നിശ്ചിത സമയത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

അസോസിയേഷനിലെ പണപ്പിരിവുമായി ബന്ധപ്പെട്ട് ജാസ്മിന്‍ ഷാ അടക്കമുള്ളവര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. ഇതിനെതിരെയാണ് ജാസ്മിന്‍ ഷാ കോടതിയിലെത്തിയത്. കൃത്യമായ കണക്കുകള്‍ കമ്മിറ്റിയില്‍ അവതരിപ്പിച്ചാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും യുഎന്‍എയില്‍ അഴിമതി നടന്നെന്ന ആരോപണം തെറ്റാണെന്നും കോടതിയില്‍ ജാസ്മിന്‍ ഷാ വാദിച്ചു. 

കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന യുഎന്‍എ അധ്യക്ഷന്‍ ജാസ്മിന്‍ ഷായെ എന്തു കൊണ്ട് ഇതുവരെ ചോദ്യം ചെയ്തില്ലെന്ന് വാദത്തിനിടെ ഹൈക്കോടതി ക്രൈംബ്രാഞ്ചിനോട് ചോദിച്ചു. എന്നാല്‍ ജാസ്മിന്‍ ഷാ ഒളിവിലാണെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ മറുപടി. മൊഴിയെടുക്കാനായി ഹാജരാവണമെന്ന് ജാസ്മിന്‍ ഷായോട് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വന്നില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.