• 18 Sep 2019
  • 11: 07 AM
Latest News arrow

ജയിലില്‍ നടത്തിയ 'പരീക്ഷ'യില്‍ നസീമിനും ശിവരഞ്ജിത്തിനും പൂജ്യം മാര്‍ക്ക്: ഇരുവരും കോപ്പിയടിച്ചതാണെന്ന് സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ  കത്തികുത്ത് കേസിലെ പ്രതികളായ നസീമും ശിവരഞ്ജിത്തും പി.എസ്.സി പരീക്ഷാ കോപ്പിയടിച്ചതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. പി.എസ്.സി നടത്തിയ പരീക്ഷയുടെ അതേ ചോദ്യങ്ങള്‍ ജയിലില്‍ വെച്ച് ക്രൈംബ്രാഞ്ച് ചോദിച്ചപ്പോൾ ഇരുവര്‍ക്കും ലഭിച്ചത് പൂജ്യം മാര്‍ക്കാണ്. 

പഠിച്ചാണ് ജയിച്ചതെന്ന നിലപാടില്‍ ആദ്യം ഉറച്ചു നിന്ന ഇരുവരും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ. ഹരികൃഷ്ണന്റെയും എസ്‌ഐ അനൂപിന്റെയും തന്ത്രപരമായ ചോദ്യം ചെയ്യലിലാണ് ഒടുവില്‍ കുറ്റം സമ്മതിച്ചത്. എന്നാല്‍, എസ്എംഎസ് നോക്കിയാണ് ഉത്തരം എഴുതിയതെന്നു പൂര്‍ണമായി സമ്മതിക്കാന്‍ ഇരുവരും തയാറായില്ല.

പി.എസ്.സി നടത്തിയ കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ശിവരഞ്ജിത്തിന് ഒന്നാം റാങ്കായിരുന്നു ലഭിച്ചത്. നസീമിന് 28-ാം റാങ്കുമായിരുന്നു. പരീക്ഷ എഴുതിയ ഒന്നേകാല്‍ മണിക്കൂറിനിടെ ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് 96 സന്ദേശങ്ങളും രണ്ടാം റാങ്കുകാരനായ പ്രണവിന്  78 സന്ദേശങ്ങളും എത്തിയതായി പിഎസ്‌സിയുടെ ആഭ്യന്തര അന്വേഷണത്തില്‍ നേരത്തെ കണ്ടെത്തിയിരുന്നു.

ചോദ്യക്കടലാസ് ചോര്‍ന്നത് യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നാണെന്നു സൂചിപ്പിക്കുന്ന രേഖകള്‍ പിഎസ്‌സി വിജിലന്‍സ് നേരത്തെ പൊലീസിനു കൈമാറിയിരുന്നു. പൊലീസുകാരന്‍ ഉള്‍പ്പെടെ 5 പേരെ പ്രതികളാക്കിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുളളത്.