• 28 Sep 2023
  • 02: 04 PM
Latest News arrow

ദേശീയ അന്തർസംസ്ഥാന സീനിയർ അത്‌ലറ്റിക് മീറ്റ്: കായിക കേരളം കുതിക്കുന്നു; 83 പോയിന്റുമായി മുന്നിൽ

ലക്‌നൗ: ഓഗസ്റ്റ് 27 (ചൊവ്വാഴ്ച) മുതൽ 30 (വെള്ളിയാഴ്ച) വരെ ലക്‌നൗ മഹാനഗർ പിഎസി സ്റ്റേഡിയത്തിൽ നടക്കുന്ന 59-മത് ദേശീയ അന്തർസംസ്ഥാന സീനിയർ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാംദിനത്തിലും മൂന്ന് സ്വര്‍ണവും മൂന്ന് വെള്ളിയുമായി കേരളം മുന്നേറുകയാണ്. ആദ്യദിനത്തിൽ കേരളം 4 സ്വർണം ഉൾപ്പെടെ 6 മെഡൽ നേടിയിരുന്നു . ഇതോടെ ഏഴ് സ്വർണ്ണവും അഞ്ചു വെള്ളിയുമായി 83 പോയന്റു നേടി  കേരളം മുന്നിലാണ്. എന്നാൽ മീറ്റിന്റെ രണ്ടാംദിനത്തിലും ആരും ലോകചാമ്പ്യന്‍ഷിപ്പ് യോഗ്യത നേടിയില്ല.

വനിതകളുടെ 800 മീറ്ററില്‍ പി.യു. ചിത്രയും പുരുഷന്‍മാരുടെ 800 മീറ്ററില്‍ മുഹമ്മദ് അഫ്സലും 400 മീറ്ററില്‍ അലക്‌സ് എ. ആന്റണിയും രണ്ടാംദിനം സ്വര്‍ണം നേടി. 20 കിലോമീറ്റര്‍ നടത്തത്തില്‍  കെ.ടി. ഇര്‍ഫാന്‍, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജിതിന്‍ പോള്‍, വനിതകളുടെ 800 മീറ്ററില്‍ ജെസ്സി ജോസഫ് എന്നിവര്‍ വെള്ളിയും നേടി. മറ്റു സംസ്ഥാനങ്ങള്‍ക്കുവേണ്ടി മലയാളി താരങ്ങളായ നയന ജയിംസ് (ലോങ് ജമ്പ്, തമിഴ്നാട്) സ്വര്‍ണവും യു. കാര്‍ത്തിക് (ലോങ് ജമ്പ്, കര്‍ണാടകം) വെള്ളിയും സച്ചിന്‍ റോബി (400 മീറ്റര്‍, കര്‍ണാടകം) വെങ്കലവും നേടി.

400 മീറ്ററിൽ സ്വർണം നേടിയ അലക്സ് ആന്റണി കരിയറിലെ ഏറ്റവും മികച്ച സമയമാണു കുറിച്ചത്.

വനിതകളുടെ 800 മീറ്ററില്‍ പി.യു. ചിത്ര ഇന്നലെ 2 മിനിറ്റ് 02.96 സെക്കൻഡ് സമയത്തിൽ ഓടി വീണ്ടും സ്വർണം നേടി. കരിയറിലെ മികച്ച സമയവും കുറിച്ചു. അഞ്ചു വർഷം പരിക്കിനോടു പൊരുതിയ ശേഷം ട്രാക്കിൽ മടങ്ങിയെത്തിയ കേരള താരം ജെസി ജോസഫിനാണ് ഈ ഇനത്തിൽ വെള്ളി. ഉഷാ സ്കൂളിലെ താരമായ ജെസി 2.07:09 മിനിറ്റിൽ ഓടിയെത്തി.

ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം ട്രാക്കിൽ മടങ്ങിയെത്തി,  ഈ മാസം ആദ്യം പട്യാലയിൽ നടന്ന ഇന്ത്യൻ ഗ്രാൻഡ്പ്രിയിൽ സ്വർണം നേടിയ അലക്‌സ് എ. ആന്റണി 400 മീറ്ററില്‍ ഇന്നലെ കരിയറിലെ ഏറ്റവും മികച്ച സമയമാണു കുറിച്ചത്; 46.17 സെക്കൻഡ്.

പുരുഷൻമാരുടെ 800 മീറ്ററിലൂടെ പാലക്കാട് സ്വദേശി പി. മുഹമ്മദ് അഫ്സലാണു കേരളത്തിന് ഇന്നലെ മൂന്നാം സ്വർണം സമ്മാനിച്ചത്. 1.48.35 മിനിറ്റിലാണ് അഫ്സൽ മൽസരം പൂർത്തിയാക്കിയത്.

ലോക ചാംപ്യൻഷിപ്പിനും ടോക്കിയോ ഒളിംപിക്സിനും യോഗ്യത നേടിക്കഴിഞ്ഞ  കെ.ടി. ഇര്‍ഫാന്‍ 20 കിലോമീറ്റര്‍ നടത്തത്തില്‍  1.28.20 മണിക്കൂറിൽ മൽസരം പൂർത്തിയാക്കി വെള്ളി നേടി.

പുരുഷൻമാരുടെ 400 മീറ്റർ ഹർഡിൽസിൽ കേരള താരം ജിതിൻ പോൾ വെള്ളി നേടി.

വനിതകളുടെ ലോങ്ജംപിൽ തമിഴ്നാടിനു വേണ്ടി ഇറങ്ങിയ മലയാളി താരം നയന ജയിംസ് 6.20 മീറ്റർ ചാടി സ്വർണം നേടി.

പുരുഷൻമാരുടെ ട്രിപ്പിൾ ജംപിൽ കർണാടകയ്ക്കു വേണ്ടി മൽസരിച്ച മലയാളിതാരം യു. കാർത്തിക്ക് വെള്ളി നേടി.

ദേശീയ സീനിയർ അത്‌ലറ്റിക് മീറ്റിൽ രണ്ടു ദിവസമായി മൊത്തം 19 ഫൈനലുകൾ പൂർത്തിയായെങ്കിലും ഒരാൾ പോലും ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിനു യോഗ്യത നേടിയില്ല. മീറ്റ് റെക്കോർഡും ഉണ്ടായില്ല.

ഇന്ന് എട്ടിനങ്ങളിൽ ഫൈനൽ മൽസരം നടക്കും.

ദേശീയ സീനിയര്‍ അത്‌ലറ്റിക് മീറ്റിന്‍റെ മൂന്നാം ദിനമായ വ്യാഴാഴ്ച വൈകീട്ട് നടക്കുന്ന വനിതകളുടെ 400 മീറ്റര്‍ ഫൈനലിൽ മലയാളി താരവും പി ടി ഉഷയുടെ ശിഷ്യയുമായ ജിസ്ന മാത്യു ഇറങ്ങുന്നുണ്ട്. ഗുജറാത്ത് താരം സരിതാബെന്‍ ഗെയ്‌ക്‌വാദാവും പ്രധാന എതിരാളി.

10,000 മീറ്ററില്‍ പുരുഷ- വനിതാ വിഭാഗങ്ങളിലെ ഫൈനലും ഇന്നു നടക്കും.