• 31 May 2020
  • 03: 41 PM
Latest News arrow

ഒരു നാടിന്റെ ഉറക്കം കെടുത്തിയ മൂര്‍ഖന്‍ ഒടുവില്‍ പിടിയില്‍; പിടികൂടിയത് അതിസാഹസികമായി

ബര്‍ലിന്‍: അഞ്ച് ദിവസത്തോളം ഒരു നാടിന്റെയാകെ ഉറക്കം കെടുത്തിയ മൂര്‍ഖനെ ഒടുവില്‍ പിടികൂടി. ഒരു വീടിന്റെ നിലവറയോട് ചേര്‍ന്ന കോണ്‍ക്രീറ്റ് അടിത്തറയിലെ ഇഷ്ടികകള്‍ക്കിടയില്‍ നിന്നാണ് മൂര്‍ഖനെ പിടികൂടിയത്. ജര്‍മ്മനിയിലെ ഹെര്‍ണെ നഗരത്തിലാണ് സംഭവം.

പൊലീസും അഗ്‌നിശമന സേനാംഗങ്ങളും  പാമ്പ് പിടുത്ത വിദഗ്ധരും അരമണിക്കൂറിലധികം  പരിശ്രമിച്ചാണ് മൂര്‍ഖനെ പിടികൂടിയത്. 


സര്‍ക്കാര്‍ അനുമതിയില്ലാതെ ഒരു വീട്ടില്‍ വളര്‍ത്തിയ മൂര്‍ഖനാണ് കൂട്ടില്‍ നിന്ന് രക്ഷപ്പെട്ട് ജനവാസ കേന്ദ്രങ്ങളിലേക്കെത്തിയത്. തുടര്‍ന്ന് ഒരു ഡസന്‍ സമീപവാസികളെ സ്ഥലത്ത് നിന്നും ഒഴിപ്പിക്കുകയും പോലീസ് മൈക്കിലൂടെ പൊതുജനത്തിന് ജാഗ്രതാ നിര്‍ദേശങ്ങളും നല്‍കുകയും ചെയ്തിരുന്നു. ഇഴഞ്ഞ് നീങ്ങുന്ന പാമ്പിനെ പിടിക്കാന്‍ ആരും മുമ്പോട്ട് വരരുതെന്നും ഉടനടി പൊലീസില്‍ വിവരം അറിയിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

മൂര്‍ഖനെ തുരത്താന്‍ വീടുകള്‍ക്ക് ഉള്ളിലേക്ക് വിഷവായു കയറ്റിവിടുന്ന രീതി പോലും അധികൃതര്‍ ഉപയോഗിച്ചിരുന്നു. ഏതാണ്ട് പതിനായിരം യൂറോ (ഏഴരലക്ഷം രൂപ)യാണ് ഇതിനായി ഹോര്‍ണെ ജില്ലാ അധികൃതര്‍ ചിലവാക്കിയത്. ഇത് പാമ്പിന്റെ ഉടമസ്ഥനില്‍ നിന്ന് ഈടാക്കാനാണ് പോലീസിന്റെ തീരുമാനം. 


താരമായ ഈ പാമ്പിന്റെ വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പോലും നിറഞ്ഞിരുന്നു. ലൈവ് റിപ്പോര്‍ട്ടിംഗുമായി വിവിധ ചാനലുകളാണ് വാര്‍ത്ത നല്‍കിയിരുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലെ ദൃശ്യ, അച്ചടി മാധ്യമങ്ങളുടെ വന്‍നിര തന്നെ ഹെര്‍ണെ നഗരത്തില്‍ തമ്പടിച്ചിരുന്നു.

 

 

 

Editors Choice