• 09 Dec 2022
  • 09: 09 PM
Latest News arrow

'15 മിനിറ്റ്സ് ഓഫ് ടെറ‌ർ': ചരിത്രനിമിഷത്തിന് മണിക്കൂറുകൾ മാത്രം

എല്ലാം കണക്കുകൂട്ടിയതുപോലെ നടന്നാൽ ശനിയാഴ്ച പുല‌ർച്ചെ 1.30നും 2.30നും ഇടയിൽ 'വിക്രം' ചന്ദ്രനെ സ്പർശിക്കും; ഉത്കണ്ഠയോടെ ശാസ്ത്രലോകം

ബംഗളൂരു: ഇന്ത്യ ശാസ്ത്രസാങ്കേതികരംഗത്ത് ലോകചരിത്രത്തിൽ ഇടം പിടിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. 'ചന്ദ്രയാൻ-2' ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി ഓർബിറ്ററിൽ നിന്നും വേർപെട്ട 'വിക്രം ലാൻഡർ' ഇതുവരെ ആരും സ്പർശിക്കാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ  'കാലുകുത്താൻ' ഒരുങ്ങുകയാണ്.  ഇതിനായി സോഫ്റ്റ് ലാൻഡിംഗിനുള്ള നടപടിക്രമങ്ങളിലാണ് 'വിക്രം ലാൻഡർ'. ലൂണാർ സോഫ്റ്റ് ലാൻഡിംഗ് എന്ന ചരിത്രനേട്ടത്തിലേക്ക് ഇനിയുള്ളത് മണിക്കൂറുകളുടെ മാത്രം ദൂരമാണ്. ചന്ദ്രനില്‍നിന്ന് കുറഞ്ഞദൂരമായ 45 കിലോമീറ്ററും കൂടിയദൂരമായ 101 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിലാണ് 'വിക്രം ലാന്‍ഡര്‍' ഇപ്പോൾ സഞ്ചരിക്കുന്നത്. 

ഇന്ത്യൻ ജനത മാത്രമല്ല ലോകം മുഴുവൻ ആകാംക്ഷയോടെ  ഉറ്റുനോക്കുകയാണ് 'വിക്രം ലാൻഡറി'ന്റെ ചലനങ്ങൾ. 46 ദിവസം മുമ്പ് ജൂലായ് 22 ന് ഇന്ത്യൻ സമയം ഉച്ച തിരിഞ്ഞു 2 .43 നാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് 'ബാഹുബലി' എന്ന് വിശേഷണമുള്ള ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് റോക്കറ്റ് ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ, 3.8 ടണ്‍ ഭാരമുള്ള 'ചന്ദ്രയാന്‍-2'-നെ ഭൂമിയുടെ അടുത്തുള്ള ഭ്രമണപഥത്തിലെത്തിച്ചത്. 47 ദിവസം കൊണ്ട് 3.84 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചാണ് ലാന്‍ഡര്‍ ശനിയാഴ്ച പുലര്‍ച്ചെ ലക്ഷ്യത്തിലേക്കെത്തുന്നത്. 

ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ് സോഫ്റ്റ് ലാൻഡിംഗ്. ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താനുള്ള 38 ശ്രമങ്ങൾ ഇതുവരെ നടന്നിട്ടുണ്ട്. പക്ഷേ 52 ശതമാനം ദൗത്യങ്ങൾ മാത്രമാണ് വിജയിച്ചിട്ടുള്ളത്.  സോഫ്റ്റ് ലാൻഡിംഗിന് ശ്രമിച്ച് പരാജയപ്പെട്ടവരിൽ  ഇസ്രയേലിന്റെ 'ബെ‌‌‌ർഷീറ്റ് ലാൻ‍‌ഡ‌‌ർ' ആണ് അവസാനത്തേത്. കഴിഞ്ഞ ഏപ്രിൽ 11നാണ് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താനുള്ള ബെ‌ർഷീറ്റിന്റെ ശ്രമം പരാജയപ്പെട്ടത്. ഈ പരാജയങ്ങളിൽ നിന്നെല്ലാം പാഠമുൾക്കൊണ്ടാണ് ഐ.എസ്.ആർ.ഒ  'വിക്രം ലാൻഡറി'ന്റെ സോഫ്റ്റ് ലാൻഡിംഗ് നിശ്ചയിച്ചിട്ടുള്ളത്.

സെപ്റ്റംബർ ഏഴിന് ശനിയാഴ്ച (നാളെ) പുലര്‍ച്ചെ 1.30-നും 2.30-നുമിടയില്‍ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവപ്രദേശത്തെ മാൻസിനസ്-സി, സിംപെലിയസ്-എൻ എന്നീ ഗർത്തങ്ങളുടെ ഇടയിലാണ് വിക്രം ലാൻഡർ ഇറക്കാൻ ഐഎസ്ആര്‍ഒ പദ്ധതിയിട്ടിട്ടുള്ളത്.  നാസയുടെ ലൂണാർ റിക്കോണിസൻസ് ഓർബിറ്ററിന്‍റെ സഹായത്തോടെയാണ് ഈ ലാൻഡിംഗ് സൈറ്റ് കണ്ടെത്തിയത്. ജപ്പാന്‍റെ 'സെലീൻ' ദൗത്യത്തിൽ നിന്ന് ലഭിച്ച വിവരങ്ങളും ഇതിനായി ഉപയോഗിച്ചു. എല്ലാം കണക്കുകൂട്ടിയത് പോലെ നടന്നാൽ  പുല‌ർച്ചെ 1.30നും 2.30നും ഇടയിൽ 'വിക്രം' ചന്ദ്രനെ സ്പർശിക്കും.

'15 മിനിറ്റ്സ് ഓഫ് ടെറ‌ർ' ആണ് വിക്രമിന്റെ മുന്നിലുള്ളതെന്നാണ് ഐഎസ്ആർഒ ചെയർമാൻ ഡോ കെ ശിവൻ  പറയുന്നത്. 'വിക്രം ലാൻഡർ' ഭ്രമണപഥം വിട്ട് ചന്ദ്രോപരിതലത്തിൽസ്പർശിക്കുന്നത് വരെയുള്ള നിർണ്ണായകമായ ഈ പതിനഞ്ച് മിനിറ്റുകളിൽ അണുവിട പിഴവുകൾ പാടില്ല. "പെട്ടെന്ന് ഒരു നിമിഷം ഒരാള്‍ നമ്മുടെ കൈകളിലേയ്ക്ക് ഒരു നവജാത ശിശുവിനെ തന്നെന്നിരിക്കട്ടെ. ഒരു തയ്യാറെടുപ്പും കൂടാതെ നമുക്ക് കുഞ്ഞിനെ കൈയ്യിലെടുക്കാനാവുമോ? അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ചലിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ സുരക്ഷിതമായി കൈയില്‍ പിടിച്ചേ പറ്റൂ. അതുപോലെ ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ പല രീതിയില്‍ നീങ്ങിയെന്നിരിക്കും. അപ്പോള്‍ ഒരു കൊച്ചു കുഞ്ഞിനെയെന്നോണം കരുതല്‍ ആവശ്യമാണ്. സോഫ്റ്റ് ലാന്‍ഡിങ് എന്നത് വളരെ വളരെ സങ്കീര്‍ണമായ പ്രക്രിയയാണ്. നമ്മെ സംബന്ധിച്ചിടത്തോളം പരിചയമില്ലാത്ത ഒരു കാര്യവുമാണിത്. മുന്‍പ് ഇത്തരം പ്രക്രിയ നിര്‍വഹിച്ചിട്ടുള്ളവര്‍ക്കു പോലും ഓരോ തവണയും  ഇത് സങ്കീര്‍ണമായിരിക്കും. അതുകൊണ്ടുതന്നെയാണ് ഈ അവസാന മിനിറ്റുകള്‍ ഉത്കണ്ഠയുടേതാകുന്നതും"- ഡോ. ശിവന്‍ പറഞ്ഞു.

'വിക്രം ലാന്‍ഡറി'നെ ഇറക്കിക്കഴിഞ്ഞാല്‍ നാലുമണിക്കൂറിനുള്ളില്‍ 'ലാന്‍ഡറി'നുള്ളില്‍നിന്ന് ' 'പ്രഖ്യാൻ റോവര്‍' (ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച് പഠനങ്ങള്‍ നടത്താനുള്ള ഘടകം) പുറത്തിറങ്ങും.

'ചന്ദ്രയാൻ-2 ഓർബിറ്റർ' കുറഞ്ഞ ദൂരം 96 കിലോമീറ്ററും കൂടിയ ദൂരം 125 കിലോമീറ്ററും ഉള്ള ഭ്രമണപഥത്തിൽ ചന്ദ്രനെ ചുറ്റുകയാണ്.

ബംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ. ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്‌വർക്ക് കേന്ദ്രമാണ് 'ചന്ദ്രയാന്‍-2' പേടകത്തെ നിയന്ത്രിക്കുന്നത്. നിലവിൽ എല്ലാ ഘടകങ്ങളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.

ദൗത്യം വിജയകരമായാൽ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ; ദക്ഷിണ ധ്രുവപ്രദേശത്തിറങ്ങുന്ന ആദ്യ രാജ്യവും. അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങളാണ് നേരത്തെ ചന്ദ്രനില്‍ പര്യവേക്ഷണ പേടകങ്ങള്‍ ഇറക്കിയിട്ടുള്ളത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും തിരഞ്ഞെടുക്കപ്പെട്ട എഴുപതോളം വിദ്യാർത്ഥികളും 'വിക്രം ലാൻഡറി'ന്‍റെ സോഫ്റ്റ് ലാൻഡിംഗ് കാണുവാനായി ബംഗളൂരുവിലെത്തിയിട്ടുണ്ട്.