• 28 Sep 2023
  • 12: 04 PM
Latest News arrow

യുഎസ് ഓപ്പൺ വനിതാ സിംഗിൾസ്: സെറീന-ബിയാന്‍ക ഫൈനൽ

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പൺ ടെന്നീസിൽ വനിതാ സിംഗിൾസ് ഫൈനലിൽ ലോക റാങ്കിങ്ങിൽ ഒന്നാമതുള്ള യുഎസിന്റെ സെറീന വില്യംസ് കാനഡയുടെ ബിയാന്‍ക അന്‍ഡ്രീസ്‌കുവിനെ നേരിടും. യുഎസ് ഓപ്പൺ ഫൈനലിലെത്തുന്ന ആദ്യ കനേഡിയന്‍ വനിതയെന്ന നേട്ടമാണ്  ലോക റാങ്കിങ്ങിൽ പതിനാലാം സ്ഥാനമുള്ള ബിയാന്‍ക ആന്‍ഡ്രിസ്ക്യു സ്വന്തമാക്കിയത്.

സെമിയിൽ ഉക്രൈൻ താരം എലീന സ്വിറ്റോലിനയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് സെറീന ഫൈനലിൽ എത്തിയത്. സ്‌കോർ: 6-3, 6-1.

സെമിയിൽ സ്വിസ് താരം ബെലിന്‍ഡ ബെന്‍ചിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ബിയാന്‍ക ഫൈനലിൽ എത്തിയത്. സ്‌കോര്‍: 7-6, 7-5.

ഞായറാഴ്‌‌ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30ന്  ഫൈനല്‍ മത്സരം തുടങ്ങും.

പുരുഷ സിംഗിള്‍സ് സെമിഫൈനല്‍ മത്സരങ്ങള്‍ ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ നടക്കും.

ആദ്യ സെമിയിൽ റഷ്യൻ താരം അഞ്ചാം സീഡ് ഡാനിൽ മെദ്‌വദേവ്, സീഡ് ചെയ്യപ്പെടാത്ത ലോക റാങ്കിങ്ങിൽ എഴുപത്തെട്ടാം സ്ഥാനത്തുള്ള ബൾഗേറിയൻ താരമായ ഗ്രിഗര്‍ ദിമിത്രോവിനെ നേരിടും. ക്വാര്‍ട്ടറില്‍ ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തുള്ള സ്വിസ് താരം റോജർ ഫെഡററെ ദിമിത്രോവ് അട്ടിമറിച്ചിരുന്നു. സമീപകാലത്ത് മികച്ച ഫോമിലുള്ള മെദ്‌വദേവും ദിമിത്രോവും കരിയറില്‍ രണ്ട് തവണ ഇതിനുമുന്‍പ് ഏറ്റുമുട്ടിയപ്പോൾ ഓരോ കളി വീതം ജയിച്ചിട്ടുണ്ട്.

രണ്ടാം സെമിയിൽ രണ്ടാം സീഡും  സ്പാനിഷ് താരവുമായ  റഫേല്‍ നദാല്‍ 24-ാം സീഡ് മാറ്റിയോ ബെരെറ്റിനിയെ നേരിടും. നദാലും ഇറ്റാലിയന്‍ താരമായ ബെരെറ്റിനിയും നേര്‍ക്കുനേര്‍ വരുന്നതും ബെരെറ്റിനി ഗ്രാന്‍സ്ലാം സെമിയിൽ മത്സരിക്കുന്നതും ആദ്യമായാണ്.