• 31 May 2020
  • 03: 31 PM
Latest News arrow

കോമഡിയുടെയും ദുരൂഹതയുടെയും ട്രാക്ക് വിരിച്ച് ബ്രദേഴ്‌സ് ഡേ

ഏറെക്കാലത്തിന് ശേഷം പൃഥ്വിരാജ് എന്ന നടനെ മാസ് പരിവേഷത്തില്‍ നിന്നും അയല്‍പക്കത്തെ പയ്യന്റെ ഗെറ്റപ്പില്‍ കാണാന്‍ സാധിച്ച സിനിമയാണ് ബ്രദേഴ്‌സ് ഡേ. കോമഡി ചെയ്യുന്ന പൃഥ്വിരാജ് ഇതിന് മുമ്പ് നന്നായി രസിപ്പിച്ചത് അമര്‍ അക്ബര്‍ അന്തോണിയിലാണ്. അതിന് ശേഷം അദ്ദേഹം ചെയ്ത ഓരോ വേഷത്തിനും കട്ട വെയ്റ്റായിരുന്നു. അതുകൊണ്ട് ഒരു മാറ്റം വേണമെന്ന് പൃഥ്വിരാജ് തന്നെ തിരിച്ചറിഞ്ഞതിന്റെ ഫലമാണ് ഈ സിനിമ. അത് ഒരു സ്വയം ട്രോളായി സിനിമയില്‍ പല രംഗങ്ങളിലും കാണാം. ഇന്‍ട്രോ സീന്‍ തന്നെ ഉദാഹരണം. ഇടയ്ക്ക് ഒരു സ്റ്റണ്ട് സീനില്‍ പറയുന്നുണ്ട്, ലോക്കല്‍സുമായി അടിപിടി കൂടിയിട്ട് നാളുകളായി, ടച്ച് വിട്ട് പോയിയെന്ന്. എന്തായാലും ചിലയിടത്ത് അതിഗംഭീരമായും (പ്രത്യോകിച്ച് സണ്ണിച്ചേച്ചിയുടെ ഡാന്‍സ് കാണുന്ന രംഗങ്ങളിലെ ഭാവ പ്രകടനങ്ങള്‍) ചിലയിടത്ത് ഓവറായും (ചാണ്ടിച്ചായനുമായുള്ള പൊലീസ് സ്റ്റേഷനിലെ രംഗങ്ങള്‍) പൃഥ്വിരാജ് എന്ന നടന്‍ വീണ്ടും കോമഡി ട്രാക്കിലേക്ക് തിരിച്ചെത്തുകയാണ്. അഗതി കേന്ദ്രത്തില്‍ വെച്ച് ധര്‍മ്മജനൊടൊപ്പം കളിക്കുന്ന നൃത്തമെല്ലാം ഗംഭീരം. നസീറിനെ അനുകരിച്ചതും നന്നായി.

കാറ്ററിങ് തൊഴിലാളിയായ റോണിയാണ് പൃഥ്വിയുടെ കഥാപാത്രം. കൂടെ ജോലി ചെയ്യുന്ന മുന്നയാണ് (ധര്‍മ്മജന്‍) ഉറ്റസുഹൃത്ത്. കാറ്ററിങ് കൂടാതെ ടൂറിസ്റ്റുകള്‍ക്കായി ടാക്‌സി ഓടിക്കുന്നുമുണ്ട്. ഈ പശ്ചാത്തലത്തില്‍ കോമഡിയുടെ ട്രാക്ക് ഉണ്ടാക്കി വണ്ടി ഓടിച്ച് കളിക്കുകയാണ് റോണിയും മുന്നയുമെല്ലാം. ഇവരുടെ ഇടയിലേക്ക് ചാണ്ടിച്ചായനും (വിജയരാഘവന്‍) ചിരിപ്പിക്കാനെത്തുന്നു. 

ഒരു ഭാഗത്തുകൂടെ കോമഡി നീങ്ങുമ്പോള്‍ മറുഭാഗത്ത് ദുരൂഹത ഇരുട്ട് പരത്തുകയാണ്. ഒരു നാണയത്തിന്റെ രണ്ട് വശങ്ങള്‍ പോലെ വേറിട്ടാണ് കോമഡിയും ദുരൂഹതയും സഞ്ചരിക്കുന്നത്. രണ്ടാം പകുതിയില്‍ സിനിമ കോമഡിയുടെ ട്രാക്ക് വിട്ട് ദുരൂഹത അഴിക്കാനുള്ള ശ്രമം നടത്തുകയാണ്. 

ഒരും കൊടും കുറ്റവാളി. ഇയാള്‍ ചെയ്യുന്ന വിവിധ കുറ്റ കൃത്യങ്ങള്‍. ആ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്നവരുടെ ബന്ധുക്കളിലൂടെയാണ് സിനിമ തുടങ്ങുന്നത്. അതില്‍പ്പെട്ടവരാണ് റോണിയും സാന്റയും (ഐശ്വര്യ ലക്ഷ്മി) മിയയുടെ കഥാപാത്രവും. ഇവരുടെ ജീവിതങ്ങളെ പരസ്പരം ബന്ധപ്പെടുത്തിയും വേറിട്ടും സിനിമ കാണിച്ചുതരുന്നു. അവസാനം മൂവരും ഒരേ ലക്ഷ്യത്തിലേക്കെത്തുന്നു.  

കോമഡിയും കുടുംബ ബന്ധങ്ങളുടെ ആര്‍ദ്രതയും ഒരുവശത്തും ദുരൂഹതയും കുറ്റകൃത്യങ്ങളും മറുവശത്തും തിരിച്ചും മറിച്ചും കാണിച്ചുകൊണ്ടിരുന്നതില്‍ വലിയ അപാകതയൊന്നും സംഭവിച്ചിട്ടില്ല. എങ്കിലും പ്രേക്ഷകനില്‍ വികാരാവേശം ഉണ്ടാക്കാന്‍ കോമഡിയ്ക്കും ദുരൂഹതയ്ക്കും സാധിച്ചില്ലെന്ന് പറയേണ്ടി വരും.  

കഥയ്ക്ക് നല്ല പ്രാധാന്യം നല്‍കിയിട്ടുണ്ട്. ട്രാഫിക് ടച്ചുള്ള ഒരു കഥയാണ്. വിവിധ പശ്ചാത്തലങ്ങളിലൂടെ കടന്നുപോകുന്ന കുറച്ച് സങ്കീര്‍ണവുമായ കഥയുടെ സംയോജനം മികച്ച രീതിയില്‍ തന്നെ നടത്തിയിട്ടുണ്ട്. പക്ഷേ പ്രേക്ഷകനെ ത്രസിപ്പിക്കുന്ന ഉദ്വോഗഭരിതമാക്കുന്ന തലത്തിലേക്ക് ചിത്രീകരണം വന്നില്ല എന്നതാണ് ഒരു പോരായ്മ. 

ബ്രദേഴ്‌സ് ഡേ എന്ന പേര് എന്തുകൊണ് എന്നത് സിനിമയുടെ അവസാനമാകുമ്പോഴേയ്ക്കാണ് വ്യക്തമാകുന്നത്. സഹോദരനും സഹോദരിയും തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളതയാണ് ഈ പേരിന് ആധാരം. ആ ഊഷ്മളത ചിത്രീകരിച്ചപ്പോള്‍, പ്രത്യേകിച്ച് റോണിയും സഹോദരിയും (പ്രയാഗ മാര്‍ട്ടിന്‍) തമ്മിലുള്ള രംഗം, അല്‍പ്പം ഓവറായിപ്പോയെന്ന് തോന്നി. അതേസമയം രണ്ടാം പകുതിയിലെ സഹോദരി സഹോദര ബന്ധം ചിത്രീകരിച്ചത് തരക്കേടില്ലായിരുന്നു. 

രണ്ടാം പകുതിയില്‍ കുററച്ചധികം ഭാഗത്ത് പൃഥ്വിരാജ് അപ്രത്യക്ഷമായിരുന്നു. ഈ സമയങ്ങളില്‍ ഐശ്വര്യ ലക്ഷ്മിയുടെ സാന്റ എന്ന കഥാപാത്രത്തിലും വില്ലനായെത്തുന്ന തമിഴ് നടന്‍ പ്രസന്നയുടെ ശിവ എന്ന കഥാപാത്രത്തിലുമാണ് സിനിമ ശ്രദ്ധയൂന്നിയത്. പ്രസന്നയും ഐശ്വര്യയും തകര്‍ത്തഭിനയിച്ച രംഗങ്ങളായിരുന്നു ഇവ. ശിവയുടെ ഭാവങ്ങളും സംഭാഷണങ്ങളും ഉള്ള് ഉലയ്ക്കുന്നതായിരുന്നു. ഐശ്വര്യയുടെ സ്വാഭാവിക പ്രകടനങ്ങള്‍ എപ്പോഴത്തെയും പോലെ ആകര്‍ഷകമായിരുന്നു. മിയയുടെയും മഡോണ സെബാസ്റ്റിയന്റെയും പ്രകടനവും നന്നായി. പ്രയാഗ മാര്‍ട്ടിന്റെ പ്രകടനം അത്ര രസകരമായി തോന്നിയില്ല. 

ചിത്രത്തിലെ ഗാനങ്ങള്‍ ഗംഭീരമെന്നൊന്നും പറയാന്‍ പറ്റില്ല. പക്ഷേ അനാവശ്യമായുള്ള തിരുകിക്കയറ്റലില്ലായിരുന്നു. സാങ്കേതിക വശങ്ങളിലും സിനിമയ്ക്ക് പിഴവുകള്‍ സംഭവിച്ചതായി തോന്നിയില്ല. ക്ലൈമാക്‌സ് രംഗങ്ങള്‍ നന്നായിരുന്നു. പ്രത്യേകിച്ച് നായകനും വില്ലനും തമ്മിലുള്ള ഫൈറ്റ് ഗംഭീരമായിരുന്നു.  

സംവിധാന രംഗത്തുള്ള ഷാജോണിന്റെ കഴിവ് ആദ്യമായി രേഖപ്പെടുത്തുന്ന ചിത്രമാണ് ബ്രദേഴ്‌സ് ഡേ. പ്രേക്ഷകരില്‍ വികാരാവേശം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല എന്നതൊഴിച്ചാല്‍ വൃത്തിയായി, കാര്യമായ പരിക്കുകളൊന്നുമില്ലാതെയാണ് ഷാജോണ്‍ സിനിമയെടുത്തിരിക്കുന്നത്. അതുകൊണ്ട് ഒറ്റത്തവണ മുഷിച്ചിലില്ലാതെ കണ്ടിരിക്കാം ബ്രദേഴ്‌സ് ഡേ.   

Editors Choice