• 31 May 2020
  • 02: 49 PM
Latest News arrow

ഇട്ടിമാണി; ഒരു ചൈനീസ് വെടിക്കെട്ട്‌

ഇട്ടിമാണി ആളൊരു വെടിക്കെട്ടാണ്. തൃശൂര്‍ ഭാഷയും ചൈനീസും ഒക്കെ സംസാരിച്ച് ആളങ്ങോട്ട് പെരുക്കുകയാണ്. കുന്നംുകളത്താണ് പുള്ളിക്കാരന്റെ വാസഗേഹം. ചൈനയില്‍ നിന്ന് ഇങ്ങോട്ട് പറിച്ചുനട്ടതാണ്. ഡ്യൂപ്ലിക്കേറ്റ് ഉല്‍പ്പന്നങ്ങള്‍ക്ക് പഴി കേട്ടുകൊണ്ടിരിക്കുന്ന ചൈനയില്‍ നിന്നും ഡ്യൂപ്ലിക്കേറ്റ് ഉല്‍പ്പന്നങ്ങളുടെ നാട് എന്നറിയപ്പെടുന്ന കുന്നംകുളത്തെത്തിയാല്‍ പിന്നെ ഒക്കെയൊരു യാദൃശ്ചികതയാകും. വ്യജ ഉല്‍പ്പന്നങ്ങളുടെ കച്ചവടമാണ് പുള്ളിയ്ക്ക്. സ്വന്തം അമ്മയുടെ ഓപ്പറേഷന് പോലും ഡോക്ടര്‍മാരുടെ അടുത്ത് നിന്ന് കമ്മീഷന്‍ വാങ്ങുന്ന ബിസിനസുകാരന്‍. അപ്പോള്‍ സിനിമയുടെ ടാഗ് ലൈനില്‍ പറയുന്നത് പോലെ ഇട്ടിമാണി മാസാണ്.

എന്നാല്‍ നല്ല മനസ്സും കടിയുള്ളവനാണ് ഇട്ടിമാണി. അമ്മയോട് പെരുത്ത് ഇഷ്ടം. അമ്മയും മകനും തമ്മിലുള്ള സ്‌നേഹ പ്രകടനമൊക്കെ നല്ല രസത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്. തെയ്യാമ്മയും (കെപിഎസി ലളിത) ഇട്ടിമാണിയും കട്ടയ്ക്ക് കട്ടയ്ക്കാണ്. പിന്നെ തെയ്യാമ്മയുടെ കൂട്ടുകാരിയും അയല്‍പക്കക്കാരിയുമായ അന്നാമ്മച്ചി. ഈ രണ്ട് അമ്മമാരുടെ നടുവിലും ഡ്രൈവര്‍ സുഗുണന്‍ (അജു വര്‍ഗീസ്) കുക്ക് സൈനു (ധര്‍മ്മജന്‍) പിന്നെ പള്ളിവികാരി (സിദ്ദിഖ്) എന്നിവരാലൊക്കെ ചുറ്റപ്പെട്ടുമാണ് ഇട്ടിമാണിയുടെ ജീവിതം. 

തുടക്കം മുതല്‍ ഒടുക്കം വരെ കോമഡിയ്ക്ക് പ്രധാന്യം നല്‍കിയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. പഞ്ച് ഡയലോഗുകളും മാസ് പരിവേഷവുമൊക്കെ മാറ്റി വെച്ച് ഒരു കുടുംബസ്ഥനായി തനി തൃശൂര്‍ക്കാരന്‍ ചേട്ടനായി മാറി പൊട്ടിച്ചിരികള്‍ക്ക് വകയൊരുക്കുകയാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍. അദ്ദേഹത്തിന്റെ ഭാവങ്ങളും ഡയലോഗുകളും മാനറിസങ്ങളുമെല്ലാം ചിരിയ്ക്ക് വക നല്‍കുന്നതാണ്. മോഹന്‍ലാല്‍ മാര്‍ഗം കളി കളിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് വിടരുന്ന ഭാവങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. ഇട്ടിമാണിയും തെയ്യാമ്മയും തമ്മിലുള്ള ചൈനീസ് സംഭാഷണവുമെല്ലാം ചിരിയുണര്‍ത്തും. തമാശ നിറഞ്ഞ നിരവധി സന്ദര്‍ഭങ്ങളും സിനിമ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അജു വര്‍ഗീസും ധര്‍മ്മജനും ഹരീഷ് കണാരനും സിദ്ധിഖും ഒക്കെ കോമഡിയുത്സവത്തിന് തിരികൊളുത്തുവാനുണ്ട്. 

ഞെട്ടിപ്പിക്കുന്ന ട്വിസ്‌റ്റോടു കൂടിയാണ് സിനിമ രണ്ടാം പകുതിയിലേക്ക് കടക്കുന്നത്. മലയാള സിനിമയില്‍ ഇങ്ങിനെയൊരു ട്വിസ്റ്റ് ആദ്യമായിരിക്കും. നാല്‍പത് വയസ്സായിട്ടും പെണ്ണ് കെട്ടാത്ത ഇട്ടിമാണി ഒരു പെണ്ണ് കെട്ടുന്നു. സിംപിളാണ്.. പക്ഷേ പവര്‍ഫുളുമാണ്. ഈ ഞെട്ടലും തരിക്കലും കഴിഞ്ഞ് വീണ്ടും സിനിമ കോമഡിയുടെ ട്രാക്കിലേക്ക് കയറും. ഇവിടെ ദ്വയാര്‍ത്ഥ പ്രയോഗം വെച്ചുള്ള കുറച്ച് സംഭാഷണങ്ങളും രംഗങ്ങളും ഒഴിച്ചാല്‍ ബാക്കിയെല്ലാം രസച്ചരട് മുറിയാതെ മുന്നോട്ടുപോയി. കോമഡി രംഗങ്ങള്‍ക്കൊന്നും ഒരു പഞ്ഞവുമില്ലായിരുന്നു. ക്ലൈമാക്‌സില്‍ മാത്രമേ സിനിമ സീരിയസാകുന്നുള്ളൂ. ക്ലൈമാക്‌സില്‍ തെയ്യാമ്മ നടത്തുന്ന ഒരു സംഭാഷണം ഹൃദയസ്പര്‍ശിയായിരുന്നു. പക്ഷേ, ഇട്ടിമാണിയുടെ പ്രഭാഷണം അധികമായി. 

കാലിക പ്രസ്‌കതിയേറെയുള്ള ഒരു വിഷയമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. വയസ്സായ മാതാപിതാക്കളെ മക്കള്‍ ഭാരമായി കരുതുന്നതും അവരെ അമ്പലപ്പറമ്പുകളിലും അനാഥാലയങ്ങളിലും ഉപേക്ഷിക്കുന്നതുമാണ് കഥയുടെ കേന്ദ്രബിന്ദു. ഈ സ്ഥിതി മാറണമെന്ന ഉദ്ദേശ്യമാണ് സംവിധായകര്‍ക്ക്. അത് പക്ഷേ, കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെ നേരെ ചൊവ്വേ പറയേണ്ടിയിരുന്നില്ല. കാരണം, സിനിമ കാണുന്ന ആര്‍ക്കും അത് മനസ്സിലാക്കാവുന്നതാണ്. അതുകൊണ്ട് ചില സംഭാഷണങ്ങളൊക്കെ പ്രഭാഷണ രൂപത്തിലേക്കായിപ്പോയത്.  

ചിത്രിത്തിലെ പാട്ടുകളൊക്കെ തരക്കേടില്ലായിരുന്നു. ചൈനയിലെ പാട്ട് രംഗങ്ങള്‍ വ്യത്യസ്തത പുലര്‍ത്തി. അന്നാമ്മച്ചിയായെത്തുന്ന രാധിക ശരത് കുമാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ഹണി റോസിന് ചിത്രത്തില്‍ കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. 

കാലിക പ്രസക്തിയുള്ള ഒരു വിഷയും മുഴുനീള കോമഡിയുടെ ട്രാക്കില്‍ പറയാനാണ് ഇട്ടിമാണി ശ്രമിച്ചത്. അത് ഏറെക്കുറെ വിജയിച്ചിട്ടുമുണ്ട്. രണ്ടാം പകുതിയില്‍ തിരക്കഥയില്‍ അല്ലറ ചില്ലറ പ്രശ്‌നങ്ങളുള്ളതായി തോന്നിയാലും കോമഡി കൊണ്ട് അത് മറികടക്കാന്‍ കഴിഞ്ഞു. ക്ലൈമാക്‌സ് ആര്‍ക്കും ഊഹിക്കാവുന്ന ഒന്നായിരുന്നു, ക്ലീഷേയുമാണ്. എങ്കിലും അതുവരെ ചെന്നെത്തിയ വഴി വ്യത്യസ്തമായിരുന്നു രസകരമായിരുന്നു. വലിയ ആര്‍ഭാടങ്ങളൊന്നുമില്ലാത്ത ഒരു കൊച്ചു കഥയിലൂന്നിയ സാധാരണ പടമാണ് ഇട്ടിമാണി. ഒന്നില്‍ കൂടുതല്‍ തവണ കാണാനുള്ള വകയൊക്കെ ഈ സിനിമയിലുണ്ട്. 

 

 

 

Editors Choice