• 31 May 2020
  • 02: 36 PM
Latest News arrow

ഇന്റർനാഷണൽ പുരസ്കാരം നേടി ഇന്ദ്രന്‍സ്

സിംഗപ്പൂര്‍: സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരം ഇന്ദ്രന്‍സിന് ലഭിച്ചു. ഡോ. ബിജു സംവിധാനം ചെയ്ത 'വെയില്‍മരങ്ങള്‍' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം ലഭിച്ചത്. ഇന്ദ്രന്‍സിന് ലഭിക്കുന്ന ആദ്യ രാജ്യാന്തര പുരസ്‌കാരം കൂടിയാണ് ഇത്.

ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ 'വെയില്‍മരങ്ങള്‍' ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്മെന്റ് പുരസ്‌കാരം നേടിയിരുന്നു. ഷാങ്ഹായ് മേളയില്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രം കൂടിയായിരുന്നു 'വെയില്‍ മരങ്ങള്‍'.

കേരളത്തില്‍ നിന്ന് ഹിമാചൽ പ്രദേശിലേക്ക് പലായനം ചെയ്യപ്പെട്ട ദളിത് കുടുംബത്തിന്റെ കഥ പറയുന്ന 'വെയിൽമരങ്ങൾ' കേരളത്തിലെ മണ്‍റോ തുരുത്ത്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലായി വിവിധ ഋതുക്കളിൽ  ഒന്നര വര്‍ഷത്തോളമെടുത്താണ് ചിത്രീകരിച്ചത്.

ഇന്ദ്രൻസിനു പുറമേ സരിത കുക്കു, കൃഷ്ണന്‍ ബാലകൃഷ്ണന്‍, പ്രകാശ് ബാരെ, മാസ്റ്റര്‍ ഗോവര്‍ധന്‍,അശോക് കുമാര്‍, നരിയാപുരം വേണു, മെല്‍വിന്‍ വില്യംസ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നു. അന്തരിച്ച പ്രശസ്ത ഛായാഗ്രാഹകന്‍ എം.ജെ രാധാകൃഷ്ണനാണ് 'വെയിൽമരങ്ങൾ' ചിത്രീകരിച്ചത്.  

Editors Choice