ചരിത്രത്തിലാദ്യമായി കായികലോകത്തുനിന്നും വനിതാതാരങ്ങളെമാത്രം ഉൾപ്പെടുത്തി 'പത്മ' നാമനിർദ്ദേശ പട്ടിക

ന്യൂദൽഹി: പത്‌മ പുരസ്‌കാരങ്ങള്‍ക്കായുള്ള കായികതാരങ്ങളുടെ നാമനിര്‍ദ്ദേശ പട്ടിക കേന്ദ്ര കായികമന്ത്രാലയം സമര്‍പ്പിച്ചു. ചരിത്രത്തിലാദ്യമായി വനിതാ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തിയുള്ള പട്ടികയാണ് സമർപ്പിച്ചിട്ടുള്ളതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒന്‍പത് കായിക താരങ്ങളുടെ പേരാണ് കായികമന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. ആറ് തവണ ലോക ചാമ്പ്യനായ ബോക്‌സിംഗ് താരം മേരി കോമിനെ പത്‌മവിഭൂഷന് നാമനിര്‍ദ്ദേശം ചെയ്‌തിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവിലിയന്‍ ബഹുമതിക്ക് ഒരു വനിതാ താരത്തിന്‍റെ പേര് നാമനിര്‍ദേശം ചെയ്യപ്പെടുന്നത് ചരിത്രത്തിലാദ്യമായാണ്. 2006-ല്‍ പത്മശ്രീയും 2013-ല്‍ പത്മഭൂഷനും മേരി കോം നേടിയിരുന്നു. മേരി കോമിന് പത്മവിഭൂഷന്‍ പുരസ്‌കാരം ലഭിച്ചാല്‍ ഈ അംഗീകാരത്തിന് അര്‍ഹയാകുന്ന നാലാമത്തെ കായികതാരമാകും. ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദ് (2007), ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (2008), പര്‍വതാരോഹകന്‍ എഡ്‌മണ്ട് ഹിലാരി (2008) എന്നിവരാണ് നേരത്തെ പത്മവിഭൂഷന്‍ നേടിയ കായിക പ്രതിഭകൾ.
ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ പി.വി സിന്ധുവിന് മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്‌മഭൂഷന് നാമനിര്‍ദ്ദേശമുണ്ട്. 2015-ല്‍ പത്മശ്രീ നേടിയ സിന്ധുവിനെ പത്മഭൂഷന് 2017-ലും നാമനിര്‍ദേശം ചെയ്തിരുന്നു.
ഗുസ്‌തി താരം വിനേഷ് ഫോഗട്ട്, ടേബിള്‍ ടെന്നീസ് താരം മനിക ബത്ര, ടി20 ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, ഹോക്കി ക്യാപ്റ്റന്‍ റാണി രാംപാല്‍, മുന്‍ ഷൂട്ടിംഗ് താരം സുമ ഷിരൂര്‍, പര്‍വതാരോഹകരായ ഇരട്ടസഹോദരങ്ങള്‍ താഷി, നങ്ഷി മാലിക്ക് എന്നീ ഏഴ് വനിതാ താരങ്ങളെയാണ് പത്മശ്രീക്കായി നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.