• 18 Sep 2019
  • 11: 08 AM
Latest News arrow

സ്‌കൂട്ടർ യാത്രക്കാരിയുടെ തലയില്‍ ഫ്ലക്സ് ബോര്‍ഡ് വീണ് നിയന്ത്രണം വിട്ട് ടാങ്കറിലിടിച്ച് ദാരുണാന്ത്യം

ചെന്നൈ: സ്‌കൂട്ടർ യാത്രയ്ക്കിടെ ഫ്ലക്സ് ബോര്‍ഡ് തലയില്‍ വീണ് വാഹനം നിയന്ത്രണം വിട്ട് ടാങ്കറിലിടിച്ച് യുവതി മരിച്ചു. ചെന്നൈയില്‍ സോഫ്റ്റ്‍വെയര്‍ എഞ്ചിനിയറായ 23കാരി ശുഭശ്രീയാണ് അനധികൃതമായി സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് തലയില്‍ വീണ് അപകടത്തിൽ പെട്ട് ദാരുണമായി കൊല്ലപ്പെട്ടത്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പള്ളവാരം - തൊരൈപാക്കം റോഡിലൂടെ പോവുകയായിരുന്ന ശുഭശ്രീയുടെ മേൽ   പടുകൂറ്റന്‍ ഫ്ലക്സ് വീഴുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ യുവതിയുടെ വാഹനത്തില്‍ ടാങ്കര്‍ ലോറിയിടിക്കുകയും ചെയ്തു. തലയ്ക്ക് സാരമായി പരിക്കേറ്റ യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യുവതി ഹെല്‍മറ്റ് വച്ചിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെയും മുഖ്യമന്ത്രി പളനിസ്വാമിയുടെയും ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന്‍റെയും ചിത്രങ്ങള്‍ പതിച്ച വിവാഹ വിളംബര ഫ്ലക്സ് ബോര്‍ഡാണ് തകര്‍ന്നുവീണത്.

ഫ്ലക്സ് ബോര്‍ഡ് അനധികൃതമായി സ്ഥാപിച്ചതാണെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് ജോയിന്‍റ് കമ്മീഷണര്‍ സി മഹേശ്വരി പറഞ്ഞു. ടാങ്കര്‍ ലോറിയുടെ ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്തു. ഫ്ലക്സ് തയ്യാറാക്കി നല്‍കിയ പ്രസ് സീല്‍ ചെയ്തു.

ഈ വിഷയത്തിൽ സർക്കാറിനെ വിമർശിച്ച് ഡി.എം.കെ രംഗത്തെത്തി.