• 18 Sep 2019
  • 10: 51 AM
Latest News arrow

മഴ പെയ്യാന്‍ തവളകളെ കല്യാണം കഴിപ്പിച്ചു; വെള്ളപ്പൊക്കമായപ്പോള്‍ വിവാഹമോചിതരാക്കി!

ഭോപ്പാല്‍: മഴപെയ്യാന്‍ പൂജകളും യജ്ഞങ്ങളും പ്രാര്‍ത്ഥനകളുമൊക്കെ നടത്തുന്നവരാണ് പല വിശ്വാസികളും. പലപ്പോഴും ഇവ വിജയിക്കണമെന്നില്ല. എന്നാല്‍ ഭോപ്പാലില്‍ ചിലര്‍ മഴപെയ്യാന്‍ ചെയ്ത വിദ്യ അവര്‍ക്ക് തന്നെ വിനയായി. തവളകളെ പിടിച്ച് കല്യാണം കഴിപ്പിക്കുകയായിരുന്നു അവര്‍ കണ്ടെത്തിയ മാര്‍ഗം. സംഗതി ഏല്‍ക്കുകയും ചെയ്തു. സംസ്ഥാനത്തെങ്ങും നല്ല മഴ.

പക്ഷേ രണ്ടു മൂന്ന് ദിവസം കഴിഞ്ഞതോടെ പണി പാളിയോ എന്ന് അവര്‍ക്ക് സംശയം. മഴ നില്‍ക്കുന്നില്ല. തോരാ മഴ, പലയിടത്തും വെള്ളപ്പൊക്കം, കനത്ത നാശം. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മധ്യപ്രദേശില്‍ 9,000 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. 213 എണ്ണം പൂര്‍ണമായും തകര്‍ന്നു.

ഇതോടെ മഴ മാറാനുള്ള മാര്‍ഗം അന്വേഷിക്കലായി. അവസാനം മാര്‍ഗം തെളിഞ്ഞു. തവള ദമ്പതികളെ വിവാഹമോചിതരാക്കുക. പിന്നെയൊന്നും ആലോചിച്ചില്ല. തവളക്കല്യാണം നടത്തിയവര്‍ തന്നെ തവളകളുടെ വിവാഹമോചനവും നടത്തി. ഇന്ദ്രാപുരി ഭാഗത്തെ ശിവ സേവ ശക്തി മണ്ഡലത്തിന്റെ നേതൃത്വത്തിലാണ് ബുധനാഴ്ച വൈകുന്നേരം പ്രതീകാത്മക വിവാഹ മോചനം നടന്നത്. ഇനി മഴ കുറഞ്ഞേക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.