• 26 Feb 2020
  • 03: 30 AM
Latest News arrow

ബലാത്സംഗക്കേസ്: ചിന്മയാനന്ദിനെ യു.പി പൊലീസ് ചോദ്യം ചെയ്തു

ലക്‌നൗ: ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദിനെ യു.പി പൊലീസ് ചോദ്യം ചെയ്തു. ആത്മീയാചാര്യൻ കൂടിയായ ചിന്മയാനന്ദ് ഒരു വർഷത്തോളം ആശ്രമത്തിൽ വച്ച് തന്നെ ബലാത്സംഗം ചെയ്തിരുന്നെന്ന് ചൂണ്ടിക്കാട്ടി വിദ്യാർത്ഥിനി നൽകിയ പരാതിയിലായിരുന്നു ചോദ്യം ചെയ്യൽ. സംഭവം പുറത്ത് പറഞ്ഞാൽ കൊന്നു കളയുമെന്ന് ചിന്മയാനന്ദും കൂട്ടാളികളും ഭീഷണിപ്പെടുത്തിയിരുന്നതായി പെൺകുട്ടി പരാതിയിൽ ആരോപിച്ചിരുന്നു.

വ്യാഴാഴ്ച  വൈകിട്ട് 6.20-നാണ് അന്വേഷണസംഘം ചിന്മയാനന്ദിനെ ചോദ്യം ചെയ്യാനെത്തിയത്. ചോദ്യം ചെയ്യൽ രാത്രി ഒരു മണി വരെ നീണ്ടു. അന്വേഷണവുമായി പൂർണമായി ചിന്മയാനന്ദ് സഹകരിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ അറിയിച്ചു.

73 വയസ്സുള്ള ചിന്മയാനന്ദിന് യു.പിയിൽ ആശ്രമങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളുമുണ്ട്. എ.ബി വാജ്‍പേയി സർക്കാറിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്നു ചിന്മയാനന്ദ്.

ചിന്മയാനന്ദ് നടത്തുന്ന നിയമവിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ ദൃശ്യങ്ങളെടുത്ത് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നും ഒരു വർഷത്തോളം പീഡനം തുടർന്നെന്നുമാണ് കേസ്. ലോ കോളേജിൽ അഡ്മിഷൻ തന്നതിന് പ്രത്യുപകാരം വേണമെന്നാവശ്യപ്പെട്ടാണ് ചിന്മയാനന്ദ് ബലാത്സംഗം ചെയ്തതെന്ന് പെൺകുട്ടിയുടെ പരാതിയിലുണ്ട്.

ഹോസ്റ്റലിൽ പെൺകുട്ടി കുളിക്കുന്നതിന്‍റെ വീഡിയോ എടുപ്പിച്ച ചിന്മയാനന്ദ് അതുപറഞ്ഞാണ് ഭീഷണി തുടങ്ങിയതെന്നാണ്  പരാതി. ചിന്മയാനന്ദിന്‍റെ അനുയായികൾ തോക്കുമായി വന്ന് പെൺകുട്ടിയെ കൂട്ടിക്കൊണ്ട് പോകുമായിരുന്നുവത്രെ. തന്നെ ചിന്മയാനന്ദ് ഉപദ്രവിക്കുന്നതിന്‍റെ തെളിവുകളുണ്ടെന്നും പെൺകുട്ടി പറഞ്ഞിരുന്നു. കണ്ണടയിൽ ചെറിയ സ്പൈ ക്യാമറ ഘടിപ്പിച്ച് റെക്കോഡ് ചെയ്ത ദൃശ്യങ്ങളും പെൺകുട്ടി പൊലീസിന് നൽകിയിട്ടുണ്ട്.

ആരോപണം ഫേസ്ബുക്കിൽ പെൺകുട്ടി കുറിച്ചപ്പോഴാണ് പൊതുശ്രദ്ധയിൽ വരുന്നത്. പോസ്റ്റിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പെൺകുട്ടി ടാഗ് ചെയ്തിരുന്നു. എന്നാൽ ചിന്മയാനന്ദിന്‍റെ പേര് പോസ്റ്റിൽ പറഞ്ഞിരുന്നില്ല. പിന്നീട് പെൺകുട്ടിയെ ആഗസ്റ്റ് 24-ന് കാണാതായി. പെൺകുട്ടിയുടെ അച്ഛനാണ് അവരെ ഉപദ്രവിച്ചത് ചിന്മയാനന്ദാണെന്ന് വെളിപ്പെടുത്തിയത്.

തുടർന്ന്,  ഒരാഴ്ചയ്ക്ക് ശേഷം പൊലീസ് രാജസ്ഥാനിൽ വച്ച് പെൺകുട്ടിയെ കണ്ടെത്തി. കേസ് സുപ്രീംകോടതിയിൽ പരാമർശിക്കപ്പെട്ടപ്പോൾ, പെൺകുട്ടിയെ നേരിട്ട് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു. രാജസ്ഥാനിൽ നിന്ന് ദില്ലിയിലെത്തിച്ച പെൺകുട്ടിയോട് നേരിട്ട് സുപ്രീംകോടതി സംസാരിച്ചു. അതിന് ശേഷമാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്.

പ്രത്യേക അന്വേഷണസംഘമാകട്ടെ പെൺകുട്ടിയെ തുടർച്ചയായി 15 മണിക്കൂർ ചോദ്യം ചെയ്തെങ്കിലും ചിന്മയാനന്ദിനെ വിളിച്ചുവരുത്തിയില്ല. സംസ്ഥാനത്തെ കരുത്തനായ നേതാവായ ചിന്മയാനന്ദിനെ യു.പി പൊലീസ് തൊടുന്നില്ലെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ 15 മണിക്കൂർ പെൺകുട്ടിയെ ചോദ്യം ചെയ്തിട്ടില്ലെന്നാണ് പ്രത്യേകാന്വേഷണസംഘം വ്യക്തമാക്കിയത്.

അതേസമയം, കേസിലെ തെളിവുകൾ നഷ്ടമായെന്ന് പരാതിക്കാരിയായ നിയമവിദ്യാർഥിനിയുടെ അച്ഛൻ ആരോപിച്ചു. ഒളിക്യാമറ ഘടിപ്പിച്ച രണ്ടു കണ്ണടകളുപയോഗിച്ച് മകൾ ശേഖരിച്ച തെളിവുകൾ ഹോസ്റ്റൽമുറിയിൽ സുരക്ഷിതമായി സൂക്ഷിച്ചിരുന്നു. പിന്നീട് കോടതി ഉത്തരവിനെത്തുടർന്ന് മുറി മുദ്രവെച്ചു. തിങ്കളാഴ്ച അന്വേഷണസംഘം മുദ്രവെച്ച മുറി തുറന്നപ്പോൾ രണ്ടു കണ്ണടകളും നഷ്ടമായിരുന്നെന്ന് വ്യാഴാഴ്ച അദ്ദേഹം പറഞ്ഞു. പെൺകുട്ടിയുടെയും അച്ഛന്റെയും സാന്നിധ്യത്തിലാണ് മുറിതുറന്നത്. മകളുടെ സുഹൃത്തും പെൻഡ്രൈവിൽ ശേഖരിച്ച തെളിവുകൾ അന്വേഷണസംഘത്തിന്‌ കൈമാറിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

വിവസ്ത്രനായ ചിന്മയാനന്ദിനെ ഒരു പെൺകുട്ടി മസാജ് ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ടെന്ന് പെൺകുട്ടിയുമായി അടുത്തവൃത്തങ്ങൾ പറയുന്നു. പരാതിക്കാരി ഒളിക്യാമറ ഉപയോഗിച്ച് പകർത്തിയതാണിത്.

“ഇത്തരത്തിൽ 12 വീഡിയോകൾ പകർത്തിയിട്ടുണ്ട്. ചിന്മയാനന്ദ് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സുഹൃത്തായതിനാൽ രക്ഷപ്പെടുത്താൻ പോലീസ് ശ്രമിക്കുകയാണ്” -പരാതിക്കാരിയുടെ അച്ഛൻ പറഞ്ഞു.

ഈ വീഡിയോ കേസിനെ ശക്തിപ്പെടുത്തുന്നതാണെന്ന് വിരമിച്ച പോലീസ് ഉദ്യോഗസ്ഥൻ ആർ.കെ. ചതുർവേദി പറഞ്ഞു.

അന്വേഷണപുരോഗതിയെക്കുറിച്ചോ ആരോപണത്തെക്കുറിച്ചോ പ്രതികരിക്കാൻ അന്വേഷണസംഘവും ഷാജഹാൻപുർ പോലീസും തയ്യാറായിട്ടില്ല.