• 18 Sep 2019
  • 10: 44 AM
Latest News arrow

രാജ്യത്തെ സമീപകാല സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചതിലും കൂടുതൽ ദുർബലമെന്ന് ഐ‌.എം‌.എഫ്

മുംബൈ:  ഇന്ത്യയുടെ സമീപകാല സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചതിലും കൂടുതൽ ദുർബലമാണെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ‌എം‌എഫ്). കോർപ്പറേറ്റ്, പാരിസ്ഥിതിക നിയന്ത്രണ രംഗത്തെ അനിശ്ചിതത്വം, ചില ബാങ്ക് ഇതര ധനകാര്യ കമ്പനികളിലെ പരിഹരിക്കപ്പെടാതെ തുടരുന്ന പ്രതിസന്ധി എന്നിവ കാരണമാണിതെന്ന് ഐ‌എം‌എഫ് വക്താവ് ജെറി റൈസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന അവസ്ഥയിലേക്ക് എത്തിയിരുന്നു. ഏപ്രില്‍ -ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനമായിരുന്നു. മുന്‍ വര്‍ഷം ഈ സമയത്ത് വളര്‍ച്ചാ നിരക്ക് എട്ട് ശതമാനമായിരുന്നു. ആഗോള വ്യാപാര സംഘർഷങ്ങളും രാജ്യത്തെ കച്ചവട താല്‍പര്യം, ഉപഭോക്തൃ ആവശ്യകത, സ്വകാര്യ നിക്ഷേപം എന്നിവ ദുർബലമാകുന്നതും ആണ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്കിലെ ഇടിവിന് കാരണം.

ഉല്‍പാദന, കാര്‍ഷിക മേഖലകളില്‍ നേരിടുന്ന ഇടിവാണ് രാജ്യം ഇപ്പോള്‍ നേരിടുന്ന വളര്‍ച്ചാ മുരടിപ്പിന് പ്രധാന കാരണമെന്നാണ് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം അഭിപ്രായപ്പെടുന്നത്.