• 18 Sep 2019
  • 11: 10 AM
Latest News arrow

''എന്തുകൊണ്ട് ഏകീകൃത വ്യക്തിനിയമം രാജ്യത്ത് നടപ്പാക്കിയില്ല''- വിമര്‍ശനവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: ഏകീകൃത വ്യക്തിനിയമം രാജ്യത്ത് ഇതുവരെയും നടപ്പാക്കാത്തതില്‍ വിമര്‍ശനവുമായി സുപ്രീംകോടതി. സുപ്രീംകോടതിയില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിട്ട് പോലും ഏകീകൃത വ്യക്തിനിയമം നടപ്പിലാക്കാന്‍ രാജ്യത്ത് ഒരു ശ്രമം പോലും ഉണ്ടായിട്ടില്ലെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു. 

ജാതി-മത-വര്‍ഗ വ്യത്യാസമില്ലാതെ രാജ്യത്തെ ഏത് പൗരന്റെയും വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, ജീവനാംശം എന്നിവയെ സംബന്ധിക്കുന്ന പൊതുവായ നിയമനിര്‍മാണമാണ് ഏകീകൃത വ്യക്തിനിയമം. ഗോവ മാത്രമാണ് ഏകീകൃത വ്യക്തി നിയമം നടപ്പിലാക്കിയിട്ടുള്ള ഏക സംസ്ഥാനം. മത വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും തുല്യം അവകാശം ഉറപ്പാക്കാന്‍ ഗോവ സ്വീകരിച്ച നടപടികള്‍ മികച്ച ഉദാഹരണമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 44ാം അനുച്ഛേദം ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് പറയുന്നതായും കോടതി ചൂണ്ടിക്കാട്ടി. ഗോവന്‍ സ്വദേശികളുടെ സ്വത്ത് തര്‍ക്ക കേസ് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങുന്ന ബെഞ്ചിന്റെ പരാമര്‍ശം.