• 30 Mar 2023
  • 06: 28 AM
Latest News arrow

കാഞ്ഞങ്ങാട് കടപ്പുറത്ത് മത്തിച്ചാകര! പെടപെടക്കണ മീന്‍ വാരിനിറച്ച് നാട്ടുകാർ

കാഞ്ഞങ്ങാട്: കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് കടപ്പുറത്ത് മത്തിച്ചാകര! പെടപെടക്കണ മത്തിയുമായാണ് വെള്ളിയാഴ്ച കാലത്ത് തിരമാലകള്‍ എത്തിയത്. തീരദേശഗ്രാമങ്ങളായ ചിത്താരിയിലും അജാനൂരിലുമാണ് തിരക്കൊപ്പം മത്തിക്കൂട്ടം കയറി വന്നത്.  കിലോമീറ്ററുകളോളം നീളത്തിലാണ് മത്തിച്ചാകര വന്നത്.

തീരത്തുണ്ടായിരുന്നവര്‍ കയ്യില്‍ കിട്ടിയ ചട്ടിയിലും കലത്തിലുമെല്ലാം മീന്‍ വാരി നിറച്ചു. പറഞ്ഞറിഞ്ഞ് കൂടുതല്‍ ആളുകള്‍ തീരത്തെത്തുകയും ചെയ്തു. ഉടുത്തിരുന്ന മുണ്ടിലും കയ്യില്‍ കിട്ടിയ കവറുകളിലുമെല്ലാം ആളുകൾ മത്തി വാരിക്കൂട്ടി.

ആഴക്കടലില്‍ ട്രോളിംഗിന് പോവുന്ന ബോട്ടുകളില്‍ നിന്ന് രക്ഷനേടാന്‍ തീരത്തോട് അടുത്ത് വരുന്ന മത്തിക്കൂട്ടം തിരമാലകളില്‍ പെട്ട് തീരത്തെത്തുന്നതാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇത്തരം പ്രതിഭാസം ഇതിന് മുന്‍പും കണ്ടിട്ടുണ്ടെങ്കിലും ഇത്രയധികം മത്തി കിട്ടുന്നത് ആദ്യമായിട്ടാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

കടല്‍ക്കര ഭാഗത്ത് ഒരു ബോട്ട് പോകുമ്പോള്‍ അതിന്റെ ശബ്ദം കേട്ട് മീനുകള്‍ കരയിലേക്ക് പാഞ്ഞു കയറുകയായിരുന്നുവെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ മത്സ്യതൊഴിലാളിയായ ഭാസ്‌കരന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്ഥിരമായി രാവിലെ കടല്‍ക്കരയിലൂടെ നടക്കാറുണ്ടെന്നും ഇതിനിടയിലാണ് മീനുകള്‍ കരയിലേക്ക് പാഞ്ഞുകയറുന്നത് കണ്ടെതെന്നും ഭാസ്‌കരന്‍ പറഞ്ഞു. സംഭവം കണ്ട് സുഹൃത്തുകളെയും നാട്ടുകാരെയും വിവരമറിയിച്ച് മീനുകള്‍ വാരിയെടുക്കുകയായിരുന്നു. 50-ലേറെ പേര്‍ക്ക് ചാക്ക് കണക്കിനും കൊട്ടക്കണക്കിനും മീനുകളാണ് ലഭിച്ചതെന്നും ഭാസ്‌കരനും സുഹൃത്തുക്കളും പറഞ്ഞു. ലഭിച്ച മത്സ്യം മാര്‍ക്കറ്റില്‍ എത്തിച്ച് ചിലര്‍ ചെറിയ വിലയ്ക്ക് വിറ്റു.