• 20 Oct 2019
  • 04: 51 PM
Latest News arrow

പാലാരിവട്ടം മേല്‍പ്പാലം; മുന്‍കൂര്‍ പണം നല്‍കിയത് ഇബ്രാഹിം കുഞ്ഞ് പറഞ്ഞിട്ടെന്ന് ടിഒ സൂരജ്

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനിനെതിരെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും കേസിലെ മുഖ്യപ്രതിയുമായ ടിഒ സൂരജ്. അഴിമതിക്കേസില്‍ ഇബ്രാഹിം കുഞ്ഞിന് നേരിട്ട് പങ്കുണ്ടെന്ന് ടിഒ സൂരജ് ഹൈക്കോടതിയില്‍ പറഞ്ഞു. കരാര്‍ വ്യവസ്ഥയില്‍ ഇളവ് ചെയ്യാനും കോടിക്കണക്കിന് രൂപ പലിശ ഇല്ലാതെ മുന്‍കൂര്‍ നല്‍കാനും ഉത്തരവിട്ടത് അന്നത്തെ മന്ത്രിയായിരുന്ന വികെ ഇബ്രാഹിംകുഞ്ഞാണ്. പാലം നിര്‍മ്മാണത്തിനുള്ള ഭരണാനുമതി മാത്രമാണ് താന്‍ നല്‍കിയതെന്നും ടിഒ സൂരജ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യ ഹര്‍ജിയില്‍ വെളിപ്പെടുത്തി. 

19 ദിവസമായി റമാന്‍ഡില്‍ കഴിയുകയാണ് മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ്. താനല്ല അഴിമതി നടത്തിയതെന്നും വിജിലന്‍സ് ആരോപിക്കുന്ന കുറ്റങ്ങള്‍ ചെയ്യാന്‍ രേഖാമൂലം ഉത്തരവിട്ടത് വികെ  ഇബ്രാഹിം കുഞ്ഞാണെന്നും സൂരജ് ഹൈക്കോടതിയെ അറിയിച്ചു.  

കരാറിന് വിരുദ്ധമായി എട്ട് കോടി 25 ലക്ഷം രൂപ ആര്‍ഡിഎസ് കമ്പനിക്ക് നല്‍കിയെന്നത് ശരിയാണ് . എന്നാല്‍ ആ തീരുമാനം തന്റേതായിരുന്നില്ല. ചട്ടങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിരുദ്ധമായി ഇത്രയും കോടി രൂപ കമ്പനിക്ക് നല്‍കാന്‍ രേഖാമൂലം ഉത്തരവിട്ടത് ഇബ്രാഹിം കുഞ്ഞാണെന്ന് സത്യവാങ്മൂലത്തിലുമുണ്ട്. മുന്‍കൂര്‍ പണത്തിന് പലിശ ഈടാക്കാനുള്ള നിര്‍ദ്ദേശം ഉത്തരവിലുണ്ടായില്ല. എന്നാല്‍ താനാണ് ഏഴ് ശതമാനം പലിശ ഈടാക്കാന്‍ ഉത്തരവില്‍ കുറിപ്പെഴുതിയതെന്നും ടിഒ സൂരജ് വ്യക്തമാക്കുന്നു. 

പലിശ കുറച്ച് കരാറുകാരന് മുന്‍കൂര്‍ പണം നല്‍കിയതിനായിരുന്നു തന്നെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത് താനല്ലെന്നും അന്നത്തെ പൊതുമരാമത്ത് മന്ത്രിയാണെന്നുമാണ് കേസില്‍ ടി ഒ സൂരജിന്റെ നിലപാട്. ഇബ്രാഹിം കുഞ്ഞിനെതിരെ കടുത്ത നടപടികള്‍ക്ക് വിജിലന്‍സ് നീങ്ങുന്നതിനിടെയാണ് കേസില്‍ അറസ്റ്റിലായ സൂരജ് തന്നെ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്.