• 20 Oct 2019
  • 04: 46 PM
Latest News arrow

രവികുമാറിന് നീതി: പിടിച്ചെടുത്ത മുഴുവന്‍ തുകയും തിരിച്ചുകൊടുക്കാന്‍ കെഎസ്ആര്‍ടിസിയോട് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: ശമ്പളത്തില്‍ നിന്ന് പിടിച്ച തുക കെഎസ്ആര്‍ടിസി ബാങ്കില്‍ നിക്ഷേപിക്കാത്തതിനെ തുടര്‍ന്ന് ജപ്തി ഭീഷണിയിലായ മുന്‍ ചാര്‍ജ്മാന്‍ രവികുമാറിന് അനുകൂല ഉത്തരവുമായി മനുഷ്യാവകാശ കമ്മീഷന്‍. വായ്പ തിരിച്ചടവിനത്തില്‍ രവികുമാറിന്റെ ശമ്പളത്തില്‍ നിന്ന് പിടിച്ച തുക മുഴുവനും രണ്ടാഴ്ചയ്ക്കുള്ളില്‍ പലിശയടക്കം ബാങ്കില്‍ തിരിച്ചടയ്ക്കാനാണ് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്. രവികുമാറിന്റെ ശമ്പളത്തില്‍ നിന്നും പിടിച്ച തുക കെഎസ്ആര്‍ടിസി വകമാറ്റി ചെലവാക്കിയിരുന്നു.

രണ്ട് ബാങ്കുകളിലായി വായ്പ തിരിച്ചടവിനത്തില്‍ രവികുമാറിന്റെ ശമ്പളത്തില്‍ നിന്നും 4,60,000 രൂപ കെഎസ്ആര്‍ടിസി പിടിച്ചെടുത്തിരുന്നു. ഇതില്‍ 50,000 രൂപ മാത്രമാണ് കെഎസ്ആര്‍ടിസി ബാങ്കില്‍ നിക്ഷേപിച്ചത്. ബാക്കി തുക വകമാറ്റി. ജപ്തി നോട്ടീസ് വന്നപ്പോഴാണ് രവികുമാര്‍ ഇക്കാര്യം അറിയുന്നത്. തുടര്‍ന്ന് ജൂലൈ 18ന് മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ട് രവികുമാറില്‍ നിന്ന് പിടിച്ച തുക വകമാറ്റിയതിന്റെ കാരണം ഒരു മാസത്തിനുള്ളില്‍ ബോധ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ പോലും എംഡി തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് പിടിച്ച തുക മുഴുവന്‍ പലിശ സഹിതം രണ്ടാഴ്ചയ്ക്കുള്ളില്‍ ബാങ്കില്‍ തിരിച്ചടയ്ക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടത്.