• 20 Oct 2019
  • 05: 36 PM
Latest News arrow

"പൊലീസുകാർ അസഭ്യം പറയരുത്; സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാകരുത്; പരാതിക്കാരോട് സഹാനുഭൂതി"- ഡി.ജി.പി യുടെ നിർദ്ദേശം

തിരുവനന്തപുരം: പൊലീസുകാർ ഏതു സാഹചര്യത്തിലായാലും അസഭ്യവാക്കുകള്‍ പറയരുതെന്ന് ഡിജിപി നിർദ്ദേശം നൽകി. ഒരു പൊലീസുകാരനെതിരെ മോശമായ പരാതിയുണ്ടായാൽ അയാളെ തൽസ്ഥാനത്തുനിന്ന് യൂണിറ്റ് മേധാവി മാറ്റിനിർത്തണം. തന്‍റെ പേരിലുയർന്ന ആരോപണം തെറ്റാണെന്ന് സ്ഥാപിക്കാനുള്ള ഉത്തരവാദിത്തം  ആ പൊലീസുകാരന് തന്നെയാകുമെന്നും പൊലീസിന്റെ  പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന പോലീസ് മേധാവി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന്‍റെ അടിസ്ഥാനത്തിലാണ്  മാർഗനിദ്ദേശങ്ങളിറക്കിയത്. പരാതിക്കാര്‍ക്ക് സഹാനുഭൂതി പകരുന്ന തരത്തില്‍ പെരുമാറാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്നും പൊലീസുകാരോട് ഡിജിപി നിർദ്ദേശിച്ചു.

"ഒരാളെ കസ്റ്റഡിയിലെടുക്കുമ്പോള്‍ മനുഷ്യാവകാശ കമ്മീഷനും ഡിജിപിയും നൽകിയിട്ടുള്ള നിർദ്ദേശങ്ങള്‍ പാലിക്കണം. സഹായം അഭ്യര്‍ത്ഥിച്ച് പോലീസിന് ലഭിക്കുന്ന സന്ദേശങ്ങള്‍ പലതും തെറ്റാണെന്ന് കരുതി ചില  ഓഫീസര്‍മാര്‍ നടപടി സ്വീകരിക്കാതിരിക്കുന്നുണ്ട്. സന്ദേശങ്ങള്‍ ലഭിച്ചാൽ ഉടൻ നടപടിയുണ്ടാകണം. വ്യാജസന്ദേശങ്ങള്‍ നൽകുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും വേണം. പൊലീസിലെ ഉന്നതഉദ്യോഗസ്ഥരെ നേരിട്ടുകണ്ട് പരാതി നല്‍കാനും വിവരങ്ങള്‍ കൈമാറാനും അന്വേഷണപുരോഗതി മനസ്സിലാക്കാനും സാധാരണക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാകരുത്. ഇതിനായി നവമാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തണം. പൊതുജന സഹകരണം  ഉറപ്പാക്കി മികച്ച ഇന്‍റലിജന്‍സ് സംവിധാനം രൂപീകരിക്കണം."-    ഡിജിപി സർക്കുലറിൽ നിർദ്ദേശിക്കുന്നു.