• 08 Jun 2023
  • 05: 37 PM
Latest News arrow

ഗുസ്തി: ബജ്‌റംഗ് പൂണിയയും രവി കുമാർ ദഹിയയും ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടി

നൂര്‍ സുല്‍ത്താന്‍( കസാക്കിസ്ഥാൻ): ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ് സെമിയിൽ ഇന്ത്യന്‍ താരം ബജ്‌റംഗ് പൂണിയ പരാജയപ്പെട്ടു. കസാഖ്‌ താരം നിയാസ്‌ ബെക്കോവാണ് ബജ്‌റംഗ് പൂണിയയെ തോല്‍പ്പിച്ചത്. തോറ്റെങ്കിലും 65 കിലോഗ്രാം വിഭാഗത്തില്‍ വെങ്കലമെഡലിനായി പൂണിയ മത്സരിക്കും. നിലവിൽ ലോക ഒന്നാം റാങ്കുകാരനാണ് ബജ്റംഗ് പൂണിയ. 

മറ്റൊരു ഇന്ത്യന്‍ താരം രവി കുമാർ  ദഹിയയും  ലോക ഗുസ്തി ചാമ്പ്യൻഷിപ്പ് സെമിയിൽ തോറ്റു. 57 കിലോഗ്രാം വിഭാഗത്തിൽ റഷ്യൻ താരം സോർ ഉഗുവേവിനോടാണ് രവി കുമാർ പരാജയപ്പെട്ടത്.

എന്നാൽ, സെമിയിലെത്തിയതോടെ  ബജ്‌റംഗ് പൂണിയയും രവി കുമാറും ടോക്കിയോ-2020 ഒളിമ്പിക്സിനുള്ള യോഗ്യത ഉറപ്പാക്കി. നേരത്തെ, ഉത്തര കൊറിയയുടെ ജോങ് സണ്ണിനെ 8-1 എന്ന നിലയില്‍ മലര്‍ത്തിയടിച്ചാണ് പൂണിയ സെമിയിലെത്തിയത്.

ലോക ചാമ്പ്യന്‍ യുക്കി തകാഹാഷിയെ 6-1ന് അട്ടിമറിച്ചാണ് രവികുമാർ സെമിയിലെത്തിയത്.

അതേസമയം, വനിതാ വിഭാഗത്തില്‍ ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് സാക്ഷി മാലിക്ക് ആദ്യ റൗണ്ടില്‍ പരാജയപ്പെട്ടു.  62 കിലോഗ്രാം വിഭാഗത്തില്‍ നൈജീരിയയുടെ അമിനത് അദേനിയിയോട് 7-10 എന്ന നിലയിലാണ് സാക്ഷി പരാജയപ്പെട്ടത്. 

ഇന്ത്യയുടെ മറ്റൊരു താരം ദിവ്യ കക്രനും പരാജയപ്പെട്ടു. 68 കിലോഗ്രാം വിഭാഗത്തില്‍ 0-2 -നാണ് ദിവ്യ മുന്‍ ലോക ചാമ്പ്യൻ  സാറ ദോഷോയോട് തോറ്റത്. ഇരുവർക്കും റെപ്പഷാഗെയിലൂടെ വെങ്കലം നേടാനുള്ള അവസരവും നഷ്ടമായി.