ചരിത്രത്തിലാദ്യമായി ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുന്ന ഇന്ത്യൻ പുരുഷതാരമായി അമിത് പാംഘല്‍

എകാടെറിൻബർഗ് (റഷ്യ): ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമെന്ന നേട്ടത്തിന് അമിത് പാംഘല്‍ അർഹനായി. അമിത് പാംഘലിന് മുന്‍പ് ഇന്ത്യന്‍ താരങ്ങളാരും സെമി കടന്നിട്ടില്ല. 52 കിലോ വിഭാഗം സെമിഫൈനലില്‍ കസാഖ് താരം സാകെന്‍ ബിബോസിനോവിനെ വാശിയേറിയ പോരാട്ടത്തിൽ കീഴടക്കിയാണ് അമിത് പാംഘല്‍ ഫൈനലിലെത്തിയത്. ഫൈനലില്‍ ഉസ്‌ബെക്കിസ്‌താന്‍ താരം ഷക്കോബിദിന്‍ സോറോവിനെ അമിത് പാംഘല്‍ നേരിടും.
ഈ വര്‍ഷം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 52 കിലോ വിഭാഗത്തില്‍ സ്വര്‍ണം നേടിയിരുന്നു അമിത് പാംഘല്‍. 2018 ഏഷ്യന്‍ ഗെയിംസിലും അമിത് പാംഘല്‍ ജേതാവായിട്ടുണ്ട്.
അതെ സമയം, 63 കിലോ വിഭാഗത്തിലെ സെമിയിൽ മനീഷ് കൗശിക്, ടോപ് സീഡും ലോക ചാംപ്യനുമായ ക്യൂബന്‍ താരം ആന്‍ഡി ഗോമസ് ക്രൂസിനോട് പരാജയപ്പെട്ടു വെങ്കലമെഡൽ നേടി.
അമിത് പാംഘലും മനീഷ് കൗശിക്കും ടോക്കിയോ-2020 ഒളിമ്പിക്‌സിന് യോഗ്യത നേടിയിട്ടുണ്ട്.
ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഇതുവരെ ആറ് മെഡലുകളാണ് നേടിയത്.