മെസ്സി തന്നെ രാജാവ് ; റെപീനോ മികച്ച വനിതാ താരം; നെയ്മര്‍ ഇല്ലാതെ ഫിഫയുടെ ലോക ഇലവൻ

റോം: 'Once a King, Always a King' എന്ന പ്രയോഗം ഇണങ്ങുന്നത് തനിക്കു തന്നെയെന്ന് ലയണൽ മെസ്സി വീണ്ടും തെളിയിച്ചു. ഫിഫയുടെ മികച്ച ലോക ഫുട്‌ബോളറായി ബാഴ്‌സലോണ താരം ലയണല്‍ മെസ്സിയെ തിരഞ്ഞെടുത്തു.
മെസ്സിയുടെ കരിയറിലെ ആദ്യ 'ഫിഫ ബെസ്റ്റ്' പുരസ്‌കാരമാണിത്. എന്നാൽ ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം ഇതിന് മുമ്പ് അഞ്ച് തവണ മെസ്സി നേടിയിട്ടുണ്ട്. എതിരാളി ക്രിസ്റ്റ്യാനോ റൊണാൾഡോയെയും 'യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയറാ'യ വിര്‍ജില്‍ വാന്‍ ഡികിനെയും മറികടന്നാണ് ലയണൽ മെസ്സി വീണ്ടും ഫുട്ബോൾ ലോകത്തിന്റെ കിരീടം ചൂടിയത്. കഴിഞ്ഞ സീസണില്‍ ബാഴ്‌സലോണയ്ക്ക് വേണ്ടി നടത്തിയ പ്രകടനമാണ് ഈ അര്‍ജന്റീനൻ താരത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 46 പോയന്റാണ് മെസ്സിക്ക് ലഭിച്ചത്. വിര്‍ജില്‍ വാന്‍ ഡികിന് 38 പോയന്റും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 36 പോയന്റും ലഭിച്ചു.
2019-ലെ ഫിഫയുടെ ഏറ്റവും മികച്ച ഗോളിനുള്ള 'പുസ്കാസ് അവാര്‍ഡ്' പത്തൊമ്പതുകാരനായ ഹംഗേറിയന്‍ താരം ഡാനിയേല്‍ സോറി സ്വന്തമാക്കി. ലയണല്‍ മെസ്സിയേയും ക്വിന്‍റേറോയെയും മറികടന്നാണ് സോറിയുടെ സുവര്‍ണ്ണ നേട്ടം. ഹംഗേറിയന്‍ ക്ലബ്ബ് ഡിബ്രെസെന്‍ എഫ്.സിയുടെ താരമായ ഡാനിയല്‍ സോറിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്, ഫെറെങ്ക്‌വാറോസിക്കെതിരായ അരങ്ങേറ്റ മത്സരത്തിലെ ബൈസിക്കിൾ കിക്ക് ഗോള്‍ ആണ്.
ലിവർപൂളിന്‍റെ അലിസൺ ബക്കറാണ് മികച്ച ഗോൾ കീപ്പർ.
മികച്ച പരിശീലകനുള്ള പുരസ്‌കാരം ലഭിച്ചത് ലിവര്‍പൂളിന്റെ പരിശീലകനായ യുര്‍ഗന്‍ ക്ലോപ്പിനാണ്. ലിവർപൂളിനെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കിയ പരിശീലകനാണ് ക്ലോപ്പ്.
അമേരിക്കയുടെ ലോകകപ്പ് ജേതാവ് മേഗൻ റെപീനോയാണ് മികച്ച വനിതാ താരം. അമേരിക്കയുടെ കിരീടനേട്ടത്തിനായി കഴിഞ്ഞ ലോകകപ്പില്‍ നടത്തിയ പ്രകടനമാണ് റെപീനോയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. വനിതാ ലോകകപ്പില്‍ ഗോള്‍ഡന്‍ ബൂട്ടും ഗോള്‍ഡന്‍ ബോളും നേടിയ പ്രകടനമാണ് റെപീനോ കാഴ്ചവെച്ചത്.
അമേരിക്കയെ വനിതാ ലോകകപ്പ് ചാമ്പ്യൻമാരാക്കിയ ജിൽ എലിസാണ് മികച്ച വനിതാ പരിശീലക.
മികച്ച വനിതാ ഗോള്‍കീപ്പറായി തിരഞ്ഞെടുത്തിരിക്കുന്നത് ഡച്ച് താരം സാണി വാന്‍ഡറിനെയാണ്.
അതേസമയം, ഫിഫയുടെ ലോക ഇലവൻ നെയ്മര്‍ ഇല്ലാതെയാണ് പ്രഖ്യാപിച്ചത്. അലിസൺ ബെക്കർ, മത്തിസ് ഡി ലിറ്റ്, സെർജിയോ റാമോസ്, വിര്‍ജില്‍ വാന്‍ ഡിക്, മാർസലോ വിയേറ, ലൂക്കാ മോഡ്രിച്ച്, ഫ്രേങ്കി ഡിജോങ്, കിലിയൻ എംബാപ്പെ, ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഈഡൻ ഹസാർഡ് എന്നിവർ ലോക ഇലവനില്‍ ഇടം നേടി.
പുരസ്‌കാര ചടങ്ങിൽ ശ്രദ്ധേയമായത് റൊണാൾഡോയുടെ അഭാവമാണ്.