• 28 May 2020
  • 08: 56 PM
Latest News arrow

ചാപ്ലിന് പേരക്കുട്ടിയുടെ ആദരം; 'ചാര്‍ളി ചാപ്ലിൻ, എ മാൻ ഓഫ് ദ വേള്‍ഡ്'

ഇതിഹാസ താരം ചാര്‍ളി ചാപ്ലിനെക്കുറിച്ച് ഒരു ഡോക്യുമെന്ററി കൂടി ഒരുങ്ങുന്നു. ചാര്‍ളി ചാപ്ലിന്റെ പേരക്കുട്ടി കാര്‍മെൻ ചാപ്ലിനാണ് ഈ ഡോക്യുമെന്ററി ഒരുക്കുന്നതെന്നതാണ് ശ്രദ്ധേയമായ കാര്യം. 'ചാര്‍ളി ചാപ്ലിൻ, എ മാൻ ഓഫ് ദ വേള്‍ഡ്' എന്ന പേരിലായിരിക്കും ഡോക്യുമെന്ററി തയാറാക്കുന്നത്. സംവിധായികയും നിർമ്മാതാവും അഭിനേത്രിയുമാണ് കാർമെൻ ചാപ്ലിൻ. ചാർളി ചാപ്ലിന്റെ മകൻ മൈക്കേൽ ചാപ്ലിന്റെ മകളാണ് കാർമെൻ.

ലോകം മുഴുവനുമുള്ള ചലച്ചിത്രപ്രേമികൾ ഗുരുവായി കരുതുന്ന ചാര്‍ളി ചാപ്ലിന്റെ ജീവിതത്തെ കുറിച്ച് കൂടുതല്‍ അടുത്തറിയാൻ സാധിക്കുന്ന തരത്തിലായിരിക്കും ഡോക്യുമെന്ററി ആവിഷ്കരിക്കുന്നത്. ചാപ്ലിന്റെ ആത്മകഥ  ഡോക്യുമെന്ററിക്ക് അടിസ്ഥാനമാകും.  ചാപ്ലിന്റെ സിനിമകളെ കുറിച്ചും സമഗ്രമായി പ്രതിപാദിക്കും. അടുത്തവർഷം ആദ്യം ഡോക്യുമെന്ററിയുടെ ചിത്രീകരണം തുടങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്.

1889 ഏപ്രിൽ 16-ന് ഇംഗ്ലണ്ടിൽ ജനിച്ച് തന്റെ എൺപത്തിയെട്ടാമത്തെ വയസ്സിൽ 1977 ഡിസംബർ 25-ന് സ്വിറ്റ്സർലാൻഡിൽ അന്തരിച്ച ചാര്‍ലി ചാപ്ലിന്റെ ജീവിതത്തെയും സിനിമകളെയും കുറിച്ച് നിരവധി സിനിമകളും ഡോക്യുമെന്ററികളുമൊക്കെ ഉണ്ടായിട്ടുണ്ട്. ചലച്ചിത്രലോകത്ത് നിശ്ശബ്ദ സിനിമകളുടെ കാലം മുതൽ  നടനായും സംവിധായകനായും നിർമ്മാതാവായും കമ്പോസറായും 75 വർഷത്തോളം വ്യാപരിച്ച  ചാര്‍ളി ചാപ്ലിനെ കുറിച്ച് ലോകം നിരന്തരം ചര്‍ച്ച ചെയ്യാറുണ്ട്. 

 

Editors Choice