• 20 Oct 2019
  • 05: 08 PM
Latest News arrow

വീണ്ടും കോരിത്തരിപ്പിക്കാൻ മാമലനാട്ടിലെ മഹാമഹം 'മാമാങ്കം'

എം. പത്മകുമാര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി അഭിനയിക്കുന്ന 'മാമാങ്കം' എന്ന സിനിമയുടെ ടീസര്‍ പുറത്തെത്തി. ലോഞ്ച് ചെയ്ത് രണ്ടു ദിവസം പിന്നിടുമ്പോൾ 1.9 മില്യണ്‍ ആളുകളാണ് യൂട്യൂബില്‍ നിന്നും ടീസർ കണ്ടിരിക്കുന്നത്. മമ്മൂട്ടിയും ഉണ്ണി മുകുന്ദനും മാസ്റ്റര്‍ അച്യുതനും ടീസറിലുണ്ട്. 

'മാമാങ്കം' നവംബര്‍ 21 ന് റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്. കേരളചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള, ഭാരതപ്പുഴയുടെ തീരത്ത് അരങ്ങേറിയിരുന്ന മഹാമേളയായ മാമാങ്കമാണ് സിനിമയുടെ പശ്ചാത്തലം. സാമൂതിരിയും വള്ളുവക്കോനാതിരിയും തമ്മിലുള്ള ശത്രുതയും 12 വർഷത്തിലൊരിക്കൽ വന്നെത്തുന്ന മാമാങ്കക്കാലത്ത് സാമൂതിരിയെ വധിക്കാനായി പുറപ്പെടുന്ന ചാവേറുകളും ആണ് കഥയിലുണ്ടാവുക. വൻ താരനിര ഇതിൽ അണിനിരക്കുന്നു. 

കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് 'മാമാങ്കം' നിര്‍മ്മിക്കുന്നത്. ആഗോളതലത്തില്‍  മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ മൂന്ന് ഭാഷകളില്‍ ഒരുമിച്ച് റിലീസ് ചെയ്യാനാണ് തീരുമാനം. 

1979-ൽ നവോദയ അപ്പച്ചൻ സംവിധാനം ചെയ്ത് പ്രേംനസീർ, ജയൻ, കെ.ആർ.വിജയ, അംബിക തുടങ്ങിയവർ അഭിനയിച്ച 'മാമാങ്കം' എന്ന ചലച്ചിത്രം സിനിമാസ്കോപ് ഫോർമാറ്റിൽ പുറത്തു വന്നിരുന്നു. മാറിയ സാങ്കേതികവിദ്യയുടെ കരുത്തിൽ നാൽപതുവർഷങ്ങൾക്കുശേഷം മാമാങ്കത്തെ ആധാരമാക്കി മറ്റൊരു ചലച്ചിത്രം കൂടി വെള്ളിത്തിരയിലെത്തുകയാണ്.