• 30 Mar 2023
  • 06: 51 AM
Latest News arrow

ആള്‍ക്കൂട്ടാക്രമണത്തിനെതിരെ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു; അടൂരും മണിരത്‌നവും ഉള്‍പ്പെടെ 50 പേര്‍ക്കെതിരെ എഫ്‌ഐആര്‍

പാട്‌ന: രാജ്യത്തെ ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ പ്രധാനമന്ത്രിയ്ക്ക് കത്തയച്ച 50 പ്രമുഖര്‍ക്കെതിരെ കേസ്. ബിഹാര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്‌നം, അനുരാഗ് കശ്യപ്, ചരിത്രകാരന്‍ രാമചന്ദ്രഗുഹ, നടി അപര്‍ണ സെന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് ബിഹാറിലെ സദര്‍ സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

അഭിഭാഷകനായ സുധീര്‍കുമാര്‍ ഓജ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ എന്നാണ് റിപ്പോര്‍ട്ട്. കത്തില്‍ ഒപ്പിട്ട 50 പേരും രാജ്യത്തിന്റെ യശസിന് കോട്ടം വരുത്തിയെന്നും പ്രധാനമന്ത്രിയുടെ പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും വിഭാഗീയ ശക്തികള്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്നുമാണ് പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ രാജ്യദ്രോഹക്കുറ്റം, മതവികാരം വ്രണപ്പെടുത്തല്‍, സമാധാനലംഘനം ഉദ്ദേശിച്ചുള്ള പ്രകോപനം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 

കഴിഞ്ഞ ജൂലൈയിലാണ് 50 പേര്‍ ഒപ്പുവെച്ചുള്ള കത്ത് പ്രധാനമന്ത്രിയ്ക്ക് അയച്ചത്. പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിരുന്നു. അഭിപ്രായഭിന്നതയില്ലാതെ ജനാധിപത്യമില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.