• 20 Oct 2019
  • 05: 23 PM
Latest News arrow

''ഗാന്ധി പ്രതിമയുണ്ടാക്കി അതിന് നേരെ വെടിവെച്ചവര്‍ എംപികള്‍; നമ്മളൊക്കെ രാജ്യദ്രോഹികള്‍''- തുറന്നടിച്ച് അടൂര്‍

തിരുവനന്തപുരം: രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും ആശങ്കാജനകമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. പ്രധാനമന്ത്രിയ്ക്ക് കത്തയച്ചതില്‍ താനടക്കമുള്ള 50 പേര്‍ക്കെതിരെ കേസെടുത്തതില്‍ പ്രതികരിക്കുകയായിരുന്നു അടൂര്‍. 

രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കുന്നുണ്ടെന്ന വിശ്വാസത്തിലാണ് താനടക്കമുള്ളവര്‍ ഒരു അനീതി ശ്രദ്ധയില്‍പ്പെടുത്താന്‍ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത്. വിനീതനായിട്ടാണ്, ധിക്കാരപരമായി എഴുതിയതല്ല ആ കത്ത്. അതില്‍ ഒപ്പിട്ട 49 പേരില്‍ ഒരാള്‍ പോലും രാഷ്ട്രീയക്കാരല്ല. മാധ്യമപ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരുമാണ്. 

ജനാധിപത്യം നിലനില്‍ക്കുന്നുണ്ടെന്ന വിശ്വാസമായിരുന്നു അങ്ങിനെ കത്തെഴുതാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. കത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ എന്തെങ്കിലും പരിഹാരം കാണുക എന്നതാണ് സാധാരണ ഗതിയില്‍ ഭരണകൂടം ഇക്കാര്യത്തില്‍ ചെയ്യേണ്ടത്.

കോടതി അത്തരമൊരു പരാതി പരിഗണിച്ച് കേസെടുക്കാന്‍ ആവശ്യപ്പെട്ടത് തന്നെ രാജ്യത്തെ ആശങ്കാജനകമായ സാഹചര്യം വ്യക്തമാക്കുന്നു. ഗോഡ്‌സെ ഗാന്ധിജിയെ വെടിവെച്ചത് പോലെ ഗാന്ധിയുടെ പ്രതിമയുണ്ടാക്കി അതിന് നേരെ വെടിവെച്ചവര്‍ രാജ്യ ദ്രോഹികളല്ല. ഈ രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് മനസ്സിലാകുന്നില്ല. അത്തരക്കാരെ ഒരു കോടതിയും ഭരണകൂടവും കാണുന്നില്ല. അവരെല്ലാം ഇപ്പോള്‍ എംപിമാരാണ്. അത്തരമൊരു രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്. നീതിന്യായ വ്യവസ്ഥയിലും സംശയമുണ്ടാക്കുന്ന നിലയിലാണെപ്പോഴെന്നും അടൂര്‍ പറഞ്ഞു.

രാജ്യത്ത് ആള്‍ക്കൂട്ട അക്രമങ്ങള്‍ വര്‍ധിക്കുന്നതില്‍ ആശങ്കയറിയിച്ചാണ് അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്‌നം, രാമചന്ദ്രഗുഹ, അപര്‍ണ സെന്‍ തുടങ്ങി അമ്പത് പ്രമുഖ വ്യക്തികള്‍ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത്. അഭിഭാഷകനായ സുധീര്‍കുമാര്‍ ഓജയുടെ പരാതിയില്‍ ബിഹാറിലെ മുസഫര്‍പൂര്‍ സിജെഎം കോതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സദര്‍ പൊലീസ് കേസെടുത്തത്.