• 20 Oct 2019
  • 05: 21 PM
Latest News arrow

ദുർഗാഷ്ടമി ദിനത്തിൽ മേജർ ഉണ്ണിക്കൃഷ്ണനും നീനയുമായി നകുലന്റെയും ഗംഗയുടെയും പകർന്നാട്ടം

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായ സുരേഷ് ഗോപിയും ശോഭനയും വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഒന്നിക്കുന്നു. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. മേജർ ഉണ്ണിക്കൃഷ്ണൻ, നീന എന്നെ കഥാപാത്രങ്ങളായാണ് ഇരുവരും അഭിനയിക്കുന്നതെന്നാണ് അനൂപ് സത്യന്റെ കുറിപ്പിൽ നിന്നും മനസ്സിലാവുന്നത്. ശോഭന ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ചലച്ചിത്രത്തിൽ അഭിനയിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നിർമ്മിക്കുന്നുവെന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. വേഫെയറര്‍ ഫിലിംസും എം സ്റ്റാര്‍ കമ്മ്യൂണിക്കേഷന്‍സുമായി ചേര്‍ന്നാണ് ദുല്‍ഖര്‍ ചിത്രം നിര്‍മിക്കുന്നത്. ദുല്‍ഖറും കല്യാണി പ്രിയദര്‍ശനുമാൻ നായികാ നായകന്മാർ. ചിത്രത്തിന്റെ ഷൂട്ടിങ് ചെന്നൈയില്‍ പുരോഗമിക്കുകയാണ്. 

 'മണിച്ചിത്രത്താഴി'ലെ സുരേഷ് ഗോപിയുടെ നകുലൻ എന്ന കഥാപാത്രവും ശോഭനയുടെ ഗംഗ എന്ന കഥാപാത്രവും ഇന്നും ആരാധകർ നെഞ്ചേറ്റി നടക്കുന്നവയാണ്. മണിച്ചിത്രത്താഴിന് പുറമേ 'സിന്ദൂരരേഖ', 'ഇന്നലെ', 'കമ്മീഷണര്‍' തുടങ്ങി നിരവധി സിനിമകളില്‍ ഇരുവരും ഒന്നിച്ചിട്ടുണ്ട്. 2005-ല്‍ പുറത്തിറങ്ങിയ 'മകള്‍ക്ക്' എന്ന സിനിമയിലാണ് ഇരുവരും ഏറ്റവുമൊടുവില്‍ ഒരുമിച്ചെത്തിയത്.  'മണിച്ചിത്രത്താഴി'ൽ പറഞ്ഞത് പോലെ ദുര്‍ഗ്ഗാഷ്ടമി ദിനത്തിലാണ് സുരേഷ് ഗോപിയും ശോഭനയും ക്യാമറയ്ക്ക് മുന്നിലെത്തിയത്. ഇത് സംവിധായകനടക്കം ആരാധകർ സോഷ്യൽ മീഡിയയിൽ തരംഗമാക്കുകയും ചെയ്തു.  

ലൊക്കേഷനില്‍ നിന്നുള്ള ദൃശ്യങ്ങള്‍ അനൂപ് സത്യന്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ ഒട്ടനവധിപേര്‍ കമന്റുകളുമായി രംഗത്ത് വന്നു. "ഇന്ന് ദുര്‍ഗ്ഗാഷ്ടമിയാണെന്നും നകുലനെ ഗംഗ ഒന്നും ചെയ്യരുതേ" എന്നുമാണ് മിക്ക കമന്റുകളും.

ശോഭനയ്‌ക്കൊപ്പമുള്ള ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച സുരേഷ് ഗോപി, 'നകുലന്‍ ഗംഗയുമായി ദുര്‍ഗ്ഗാഷ്ടമി ദിനത്തില്‍ വീണ്ടും ഒന്നിച്ചപ്പോള്‍' എന്നാണ് കുറിച്ചത്.